വിധി: ബി.ജെ.പിയുടെ ഭോഷ്‌കിന് തിരിച്ചടി; രാഹുല്‍
ന്യൂഡല്‍ഹി: ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടക ഗവര്‍ണര്‍ തീര്‍ത്തും ഭരണാഘടനാ വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചതെന്നാണ് കോടതി വിധി തെളിയിക്കുന്നതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. എണ്ണമില്ലെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ബി.ജെ.പിയുടെ ഭോഷ്‌കിനെ കോടതി വെല്ലു വിളിച്ചിരിക്കുകയാണെന്നു പറഞ്ഞ അദ്ദേഹം കായികമായ കരുത്തും പണവും കൊണ്ട് ഇവര്‍ ജനവിധി അനുകൂലമാക്കുമോ എന്ന് ആശങ്ക പ്രകടിപ്പിച്ചു.
കോടതി വിധിയെ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും സ്വാഗതം ചെയ്തു. ജനാധിപത്യം പുനസ്ഥാപിച്ചതിന് കോടതിയോട് അദ്ദേഹം നന്ദി പറഞ്ഞു. സുപ്രിംകോടതിയുടേത് ചരിത്ര വിധിയാണെന്ന് അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി. പല പ്രധാന നിര്‍ദേശങ്ങളും വിധിയിലുണ്ട്. പ്രോടേം സ്പീക്കര്‍ക്ക് കീഴില്‍ ഇന്ന് വൈകീട്ട് നാലിന് വിശ്വാസവോട്ട് നേടണമെന്നതാണ് അതില്‍ പ്രധാനം. വിശ്വാസ വോട്ടിന് മുമ്പായി എല്ലാ എം.എല്‍.എമാരും സത്യപ്രതിജ്ഞ ചെയ്യണമെന്നും വോട്ടെടുപ്പ് വരെ നയപരമായ ഒരു തീരുമാനവും യെദ്യൂരപ്പ സ്വീകരിക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ആംഗ്ലോഇന്ത്യന്‍ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യരുതെന്ന കോടതി നിര്‍ദ്ദേശം ഏറെ ശ്രദ്ധേയമാണെന്നും സിങ്‌വി വ്യക്തമാക്കി.വിശ്വാസ വോട്ടടുപ്പ് നടത്തണമെന്ന സുപ്രിം കോടതി വിധി അംഗീകരിക്കുന്നതായും വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. വിശ്വാസവോട്ടിന് കോടതി നിര്‍ദേശിച്ച എല്ലാ മാനദണ്ഡങ്ങളും ഉറപ്പുവരുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തയാറാണെന്നും ബി.ജെ.പി എം.പി ശോഭ കരന്തല്‍ജെയും പറഞ്ഞു. കര്‍ണാടകയിലെ രാഷ്ട്രീയക്കളിയില്‍ ബി.ജെ.പിക്കു കനത്ത തിരിച്ചടി നല്‍കുന്നതായിരുന്നു സുപ്രിം കോടതി വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."