ആനന്ദ് സിങും പാട്ടീലും കോണ്‍ഗ്രസിനൊപ്പം
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്, ജെ.ഡി.എസ് നിയമസഭാംഗങ്ങളെ ചാക്കിട്ടുപിടിക്കാനുള്ള ബി.ജെ.പി ശ്രമങ്ങള്‍ക്ക് തിരിച്ചടി. കോണ്‍ഗ്രസ് എം.എല്‍.എമാരായ ആനന്ദ്സിങ്, പ്രതാപ് സിങ് ഗൗഡ പാട്ടീല്‍ എന്നിവര്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കോണ്‍ഗ്രസ് ക്യാംപില്‍ തിരിച്ചെത്തി. ഇവര്‍ ബി.ജെ.പി ക്യാംപിലെത്തിയെന്ന് അഭ്യൂഹമുണ്ടായിരുന്നു. കോണ്‍ഗ്രസ് ഹൈദരാബാദിലേക്ക് മാറ്റിയ എം.എല്‍.എമാരുടെ കൂട്ടത്തില്‍ ഇവരില്ലെന്ന വാര്‍ത്തകളും സംശയത്തിന് ആക്കം കൂട്ടിയിരുന്നു.
എന്നാല്‍, ആനന്ദ് സിങ് ഇന്നത്തെ വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം തന്നെ നില്‍ക്കുമെന്നാണ് സൂചന. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിക്കാതെ പോയതാണ് അഭ്യൂഹങ്ങള്‍ പടരാന്‍ കാരണം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ കാണിച്ച് ബി.ജെ.പി ആനന്ദ് സിങിനെ ഭീഷണിപ്പെടുത്തി തട്ടിയെടുത്തതായി നേരത്തെ കുമാരസ്വാമി ആരോപിച്ചിരുന്നു.
ആനന്ദ് സിങിനെ ബി.ജെ.പി തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് സിദ്ധരാമയ്യ ആരോപിച്ചത്. രണ്ടാമത്തെ എം.എല്‍.എയായ പ്രതാപ് സിങ് ഗൗഡ പാട്ടീലും ബി.ജെ.പിക്കൊപ്പം നില്‍ക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കുമെന്ന് പാട്ടീല്‍ വ്യക്തമാക്കി. പണവും അധികാരവും ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നതായി പാട്ടീല്‍ തുറന്നടിച്ചതായാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."