സെര്‍ജി സ്‌ക്രിപാല്‍ ആശുപത്രി വിട്ടു
ലണ്ടന്‍: മുന്‍ ബ്രിട്ടീഷ് ഇരട്ടച്ചാരന്‍ സെര്‍ജി സ്‌ക്രിപാല്‍ ആശുപത്രി വിട്ടു. വിഷരാസ പ്രയോഗത്തിനിരയായി ബ്രിട്ടനിലെ സാലിസ്ബറി ജില്ലാ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു സ്‌ക്രിപാല്‍.
കഴിഞ്ഞ മാര്‍ച്ച് നാലിനാണ് സാലിസ്ബറിയിലെ ഒരു വ്യാപാര സ്ഥാപനത്തിനടുത്ത് ഇരിപ്പിടത്തില്‍ 66കാരനായ സെര്‍ജിയെയും മകള്‍ യൂലിയയെയും ബോധരഹിതരായ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ച് തീവ്ര പരിചരണം നല്‍കുകയായിരുന്നു. യൂലിയ ഏപ്രില്‍ ഒന്‍പതിന് ആശുപത്രി വിട്ടിരുന്നെങ്കിലും സെര്‍ജിയുടെ നിലയില്‍ മാറ്റമുണ്ടായിരുന്നില്ല.
വിഷരാസ പ്രയോഗം ബ്രിട്ടന്‍-റഷ്യ നയതന്ത്ര യുദ്ധത്തിലേക്കു നയിച്ചിരുന്നു. കൂടാതെ ബ്രിട്ടന്റെ സഖ്യരാജ്യങ്ങള്‍ റഷ്യക്കെതിരേ കടുത്ത ഉപരോധവും ഏര്‍പ്പെടുത്തി. സംഭവത്തിനു പിന്നില്‍ റഷ്യയാണെന്നാണ് ബ്രിട്ടന്റെ ആരോപണം. സോവിയറ്റ് യൂനിയന്‍ നിര്‍മിക്കുകയും റഷ്യ പിന്നീട് വികസിപ്പിക്കുകയും ചെയ്ത രാസവസ്തുവാണ് സെര്‍ജിക്കും മകള്‍ക്കുമെതിരേ പ്രയോഗിച്ചതെന്നാണ് ഇതിന് തെളിവായി അവര്‍ ഉന്നയിച്ചത്.
മുന്‍ റഷ്യന്‍ ഉദ്യോഗസ്ഥന്‍ കൂടിയാണ് സെര്‍ജി സ്‌ക്രിപാല്‍. സംഭവത്തെ തുടര്‍ന്ന് ബ്രിട്ടന്‍ 50ലേറെ റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കുകയും റഷ്യ അതേ നാണയത്തില്‍ തിരിച്ചടിക്കുകയും ചെയ്തിരുന്നു. പിറകെ അമേരിക്ക അടക്കമുള്ള വിവിധ രാജ്യങ്ങളും റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കി. ഈ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളെ മോസ്‌കോയില്‍നിന്നു പുറത്താക്കിയും റഷ്യ തിരിച്ചടിച്ചു.
രാസപ്രയോഗ സംഭവത്തില്‍ അന്വേഷണം തുടരുന്നതായി ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലിസ് അറിയിച്ചു. സ്‌ക്രിപാലിനെ സാധാരണനിലയിലേക്കെത്തിക്കുക എന്നത് കടുത്ത വെല്ലുവിളിയായിരുന്നെന്നും ഇക്കാര്യത്തില്‍ വിജയിക്കാനായെന്നും ചികിത്സയ്ക്കു നേതൃത്വം നല്‍കിയ ഡോക്ടര്‍ ലോണ വില്‍ക്കിന്‍സണ്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."