കരാറിനില്ലെങ്കില്‍ കിമ്മിനും ഗദ്ദാഫിയുടെ വിധി
വാഷിങ്ടണ്‍: ഉത്തര കൊറിയ നിലപാട് കടുപ്പിച്ചതോടെ സുരക്ഷാ ഉപദേഷ്ടാവിന്റെ പ്രസ്താവന തിരുത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'ലിബിയന്‍ മാതൃക'യില്‍ ഉ.കൊറിയയെ ആണവമുക്തമാക്കാനല്ല അമേരിക്കയുടെ നീക്കമെന്ന് ട്രംപ് വ്യക്തമാക്കി. എന്നാല്‍, അമേരിക്കയുമായി കരാറിലെത്തുന്നതാണ് ഉ.കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനു നല്ലതെന്നും അല്ലെങ്കില്‍ ഗദ്ദാഫിയുടെ വിധി ഏറ്റുവാങ്ങേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
യു.എസ് ദേശീയ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ ആണ് കഴിഞ്ഞ ദിവസം വിവാദ പ്രസ്താവന നടത്തിയത്. ലിബിയന്‍ മാതൃകയിലുള്ള ഉ.കൊറിയയുടെ ആണവ നിരായുധീകരണമാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്നായിരുന്നു ബോള്‍ട്ടന്റെ പ്രസ്താവന. ഇത് ഉ.കൊറിയന്‍ വൃത്തങ്ങളെ ചൊടിപ്പിക്കുകയും അടുത്ത മാസം സിംഗപ്പൂരില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കിം-ട്രംപ് കൂടിക്കാഴ്ചയില്‍നിന്നു പിന്മാറുന്നതായി അറിയിക്കുകയും ചെയ്തിരുന്നു. 2003ല്‍ ലിബിയന്‍ ഭരണാധികാരി മുഹമ്മര്‍ ഗദ്ദാഫി ആണവായുധങ്ങള്‍ ഉപേക്ഷിക്കാന്‍ സന്നദ്ധമായെങ്കിലും അദ്ദേഹത്തെ യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണയുള്ള വിമതര്‍ കൊലപ്പെടുത്തുകയായിരുന്നു.
''ഉ.കൊറിയയുടെ കാര്യത്തില്‍ ഞങ്ങള്‍ ഒരിക്കലും ലിബിയന്‍ മാതൃകയെ കുറിച്ച് ആലോചിക്കുന്നില്ല. ഗദ്ദാഫിയുടെ കാര്യത്തില്‍ സംഭവിച്ചത് സമ്പൂര്‍ണ നശീകരണമായിരുന്നു. ഗദ്ദാഫിയെ പരാജയപ്പെടുത്താനായിരുന്നു അത്തരമൊരു നിലപാട് അന്ന് ഞങ്ങള്‍ കൈക്കൊണ്ടത്. എന്നാല്‍, ഉ.കൊറിയ കരാറിന് സന്നദ്ധമായില്ലെങ്കില്‍ അത്തരമൊരു നടപടിക്കു വീണ്ടും സാധ്യതയുണ്ട്. എന്നാല്‍, കരാറിനു തയാറായാല്‍ കിം ജോങ് ഉന്നിന് വളരെ സന്തോഷത്തോടെ കഴിയാം. കിമ്മിന് സ്വന്തം രാജ്യത്തു തന്നെ ജീവിക്കുകയും അധികാരം തുടരുകയും ചെയ്യാം. അദ്ദേഹത്തിന്റെ രാജ്യം സമ്പന്നമാകുകയും ചെയ്യും''-ട്രംപ് വ്യക്തമാക്കി.
കൂടിക്കാഴ്ചയുടെ കാര്യത്തില്‍ ഒരു മാറ്റമില്ലെന്നും തീരുമാനത്തില്‍ മാറ്റമുള്ളതായി ഉ.കൊറിയ തങ്ങളെ അറിയിച്ചിട്ടില്ലെന്നും ട്രംപ് പറഞ്ഞു. അതേസമയം, ട്രംപിന്റെ പ്രസ്താവനയെ കുറിച്ച് ഉ.കൊറിയന്‍ വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല.
ജൂണ്‍ 12നാണ് കിം-ട്രംപ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ബുധനാഴ്ച ഉ.കൊറിയന്‍ വിദേശകാര്യ സഹമന്ത്രി കിം ക്യേ ഗ്വാന്‍ ആണ് ബോള്‍ട്ടന്റെ പ്രസ്താവനയ്‌ക്കെതിരേ രംഗത്തെത്തിയത്. ബോള്‍ട്ടനെതിരായ തങ്ങളുടെ അതൃപ്തി മറച്ചുവയ്ക്കുന്നില്ലെന്നും അടുത്ത മാസത്തെ കൂടിക്കാഴ്ചയില്‍നിന്ന് പിന്മാറുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു. അമേരിക്ക-ദക്ഷിണ കൊറിയ സംയുക്ത സൈനിക പരിശീലനവും ഉ.കൊറിയയെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഈ ആഴ്ച നിശ്ചയിച്ചിരുന്ന കൊറിയകളുടെ ഉന്നതതല യോഗം റദ്ദാക്കിയിരുന്നു.
ആണവകേന്ദ്രങ്ങളുടെ പൊളിച്ചുമാറ്റല്‍:ദ.കൊറിയന്‍ മാധ്യമപ്രവര്‍ത്തകരുടെ പട്ടിക ഉ.കൊറിയ തള്ളി
പ്യോങ്‌യാങ്: ആണവ പരീക്ഷണകേന്ദ്രങ്ങള്‍ പൊളിച്ചുമാറ്റുന്നതിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ദ.കൊറിയ സമര്‍പ്പിച്ച മാധ്യമപ്രവര്‍ത്തകരുടെ പട്ടിക ഉ.കൊറിയ തള്ളി. രാജ്യത്തെ ഏറ്റവും വലിയ പരീക്ഷണകേന്ദ്രമായ പുങ്കി-റിയിലാണ് അടുത്തയാഴ്ച പൊളിച്ചുമാറ്റല്‍ പ്രവൃത്തിക്കു തുടക്കമിടുന്നത്. ചടങ്ങില്‍ പങ്കെടുക്കാനായി ദ.കൊറിയ, ചൈന, റഷ്യ, ജപ്പാന്‍, യു.എസ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നു മാധ്യമ പ്രവര്‍ത്തകരെയും ക്ഷണിച്ചിരുന്നു. നടപടി ആത്മാര്‍ഥവും സുതാര്യവുമാണെന്നു തെളിയിക്കാനായായിരുന്നു ഇത്.
തങ്ങള്‍ സമര്‍പ്പിച്ച മാധ്യമപ്രവര്‍ത്തകരുടെ പട്ടിക സ്വീകരിക്കാന്‍ ഉ.കൊറിയ തയാറായിട്ടില്ലെന്ന് ഇന്നലെ ദ.കൊറിയന്‍ യൂനിഫിക്കേഷന്‍ മന്ത്രാലയം അറിയിച്ചു. എന്നാല്‍, ഉ.കൊറിയയുടെ നടപടിക്കു കാരണമെന്താണെന്നു വ്യക്തമായിട്ടില്ല.
കഴിഞ്ഞ മാസം നടന്ന ചരിത്രപരമായ കൊറിയന്‍ ഉച്ചകോടിയിലാണ് സമ്പൂര്‍ണ ആണവ നിരായുധീകരണത്തിനും ഉ.കൊറിയയിലെ പരീക്ഷണകേന്ദ്രങ്ങള്‍ പൊളിച്ചുമാറ്റാനും തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."