1998ലെ ലോകകപ്പ് മത്സര ക്രമത്തില്‍ കൃത്രിമത്വം നടത്തിയതായി പ്ലാറ്റിനി
പാരിസ്: 1998ലെ ലോകകപ്പില്‍ ഫ്രാന്‍സിന്റെ മുന്നേറ്റത്തിനായി മത്സരക്രമത്തില്‍ ചെറിയ കൃത്രിമത്വം നടത്തിയതായി മുന്‍ യുവേഫ മേധാവിയും അന്നത്തെ ലോകകപ്പ് സംഘാടക സമിതി അംഗവുമായിരുന്ന മിഷേല്‍ പ്ലാറ്റിനിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. ഫൈനല്‍ പോരിന് മുന്‍പ് ഫ്രാന്‍സും ബ്രസീലും നേര്‍ക്കുനേര്‍ വരുന്നത് ഒഴിവാക്കുക ലക്ഷ്യമിട്ടാണ് കൃത്രിമത്വം നടത്തിയതെന്ന് പ്ലാറ്റിനി പറഞ്ഞു. ഒരു റേഡിയോ സംഭാഷണത്തിനിടെയാണ് മറ്റൊരു ലോകകപ്പ് പടിവാതിലില്‍ നില്‍ക്കേ മുന്‍ യുവേഫ തലവന്റെ വിവാദമായേക്കാവുന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നത്. ഗ്രൂപ്പ് ചാംപ്യന്മാരായി ഫ്രാന്‍സും ബ്രസീലും വന്നാല്‍ ഫൈനലിന് മുന്‍പ് ഇരു ടീമുകളും നോക്കൗട്ട് ഘട്ടത്തില്‍ നേര്‍ക്കുനേര്‍ വരാതിരിക്കാനാണ് സംഘാടക സമിതി ലക്ഷ്യമിട്ടത്. 1997ല്‍ അന്നത്തെ ഫിഫ തലവന്‍ സെപ് ബ്ലാറ്ററുടെ സാന്നിധ്യത്തില്‍ മാഴ്സയില്‍ വച്ചാണ് ലോകകപ്പ് ഗ്രൂപ്പ് തിരഞ്ഞെടുപ്പ് നടന്നത്. ബ്രസീല്‍ ഗ്രൂപ്പ് എയിലും ഫ്രാന്‍സ് ഗ്രൂപ്പ് സിയിലുമാണ് മത്സരിച്ചത്. ഫൈനലില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ സിനദിന്‍ സിദാന് നേടിയ ഇരട്ട ഗോളുകളുടെ മികവില്‍ ബ്രസീലിനെ 3-0ത്തിന് കീഴടക്കി ഫ്രാന്‍സ് കന്നി ലോക കിരീടത്തില്‍ മുത്തമിട്ടിരുന്നു. സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ 2015 മുതല്‍ ആജീവനാന്ത വിലക്ക് നേരിടുകയാണ് പ്ലാറ്റിനി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."