ദേ ഹന്‍ മിന്‍ ഗുക്ക്
ഓര്‍മയില്ലേ 2002ലെ ലോകപ്പിന്റെ വേദികളെ ഇളക്കി മറിച്ച ഈ വാചകങ്ങള്‍. മഹത്തായ കൊറിയന്‍ ജനാധിപത്യത്തെ ഉദ്‌ഘോഷിക്കുന്ന ദേ ഹന്‍ മിന്‍ ഗുക്ക് വിളികളുമായി സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ ജനതയുടെ ആവേശത്തിന്റെ പുറത്ത് ദക്ഷിണ കൊറിയ ലോകകപ്പിന്റെ സെമി വരെ മുന്നേറി ചരിത്രമെഴുതി. ഒരു ഏഷ്യന്‍ രാജ്യത്തിന്റെ ലോകകപ്പിലെ ഏറ്റവും മികച്ച പ്രകടനമായി അവരുടെ അന്നത്തെ പോരാട്ടം വിലയിരുത്തപ്പെട്ടു. 2002ല്‍ സ്വന്തം നാട്ടില്‍ അരങ്ങേറിയ പോരാട്ടത്തില്‍ അവര്‍ നാലാം സ്ഥാനക്കാരായാണ് തലയുയര്‍ത്തി മടങ്ങിയത്.
1954ല്‍ അരങ്ങേറിയ രണ്ടാം ലോകകപ്പില്‍ യോഗ്യത നേടി കളിക്കാനെത്തിയാണ് ദക്ഷിണ കൊറിയ ഫുട്‌ബോള്‍ ഭൂപടത്തില്‍ തങ്ങളെ ആദ്യ അടയാളപ്പെടുത്തിയത്. ആദ്യ ലോകകപ്പിന്റെ ഒന്നാം റൗണ്ടില്‍ തന്നെ അവര്‍ പുറത്തായി. എന്നാല്‍ പിന്നീട് നടന്ന ഏഴ് ലോക പോരാട്ടങ്ങളില്‍ അവര്‍ക്ക് ഇടം കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീട് 1986 മുതല്‍ എല്ലാ ലോകകപ്പിലും തങ്ങളുടെ സാന്നിധ്യം അറിയിക്കാന്‍ കൊറിയന്‍ സംഘത്തിന് സാധിച്ചു. 2002ല്‍ സ്വന്തം തട്ടകത്തിലും ജപ്പാനിലുമായി അരങ്ങേറിയ പോരാട്ടത്തില്‍ നാലാം സ്ഥാനത്തെത്തിയതാണ് മികച്ച പ്രകടനം. 2006ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ അവര്‍ 2010ല്‍ പ്രീ ക്വാര്‍ട്ടറിലെത്തി വീണ്ടും പ്രതീക്ഷ നല്‍കി. കഴിഞ്ഞ തവണ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ മടങ്ങാനായിരുന്നു ടീമിന്റെ യോഗം.
യുവത്വത്തിന്റെ കരുത്തില്‍ വിസ്മയം തീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് ഇത്തവണ കൊറിയന്‍ സംഘത്തിന്റെ വരവ്. 29കാരനായ സ്വാന്‍സീ സിറ്റി താരം കി സുങ് യ്യോങാണ് ടീമിന്റെ നായകന്‍. ടീമിലെ ഏറ്റവും പരിചയ സമ്പന്നനായ താരവും കി സുങ് തന്നെ. മധ്യനിരയുടെ കരുത്തിലാണ് കൊറിയ പ്രതീക്ഷ വെയ്ക്കുന്നത്.
യൂറോപ്യന്‍ പോരാട്ടങ്ങളില്‍ കളിച്ച് പരിചയമുള്ള താരങ്ങളാണ് അവരുടെ മിഡ്ഫീല്‍ഡ് ശക്തി. ക്യാപ്റ്റനൊപ്പം മധ്യനിരയില്‍ ക്രിസ്റ്റല്‍ പാലസ് താരം ലി ചുങ് യോങ്, ഓഗ്‌സ്ബര്‍ഗിന്റെ കൂ ജ ചിയോല്‍, ഹെല്ലാസ് വെറോനയുടെ യുവ താരം ലീ സ്യോങ് വു എന്നിവരും അണിനിരക്കും. മുന്നേറ്റത്തില്‍ റെഡ് ബുള്‍ സ്‌ലാസ്ബര്‍ഗിന്റെ യുവ താരം ഹ്വാങ് ഹീ ചാനാണ് കുന്തമുന. സമീപ കാലത്ത് ടീമിലേക്ക് വിളിയെത്തിയ ട്രോയസ് താരം സുക് ഹ്യുന്‍ ജുനും പ്രതീക്ഷ നല്‍കുന്നു.
മുന്‍ താരം കൂടിയായ ഷിന്‍ ടി യങാണ് ടീമിന്റെ പരിശീലകന്‍. കൊറിയന്‍ അണ്ടര്‍ 20, 23 ടീമുകളെ പരിശീലിപ്പിച്ചതിന്റെ മുന്‍ പരിചയമുള്ള ഷിന്‍ നേരത്തെ സീനിയര്‍ ടീമിന്റെ താത്കാലിക കോച്ചും അസിസ്റ്റന്റ് പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് സ്ഥിരം കോച്ചായി അദ്ദേഹം ടീമിനൊപ്പം ചേര്‍ന്നത്.
ലോക ചാംപ്യന്‍മാരായ ജര്‍മനിക്കൊപ്പം ഗ്രൂപ്പ് എഫിലാണ് ദക്ഷിണ കൊറിയ കളിക്കുന്നത്. ഒപ്പം മെക്‌സിക്കോ, സ്വീഡന്‍ ടീമുകളുമുണ്ട്. ജര്‍മനിയെ കീഴടക്കാന്‍ സാധിച്ചില്ലെങ്കിലും മെക്‌സിക്കോ, സ്വീഡന്‍ ടീമുകളെ അട്ടിമറിക്കാനുള്ള കെല്‍പ്പ് ഏഷ്യന്‍ കരുത്തര്‍ക്കുണ്ടെന്ന് പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."