നാനിയും എഡറുമില്ലാതെ പോര്‍ച്ചുഗല്‍
ലിസ്ബന്‍: മുന്നേറ്റ താരങ്ങളായ എഡര്‍, നാനി എന്നിവരില്ലാതെ പോര്‍ച്ചുഗല്‍ ലോകകപ്പിനെത്തുന്നു. ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പം യുവ താരങ്ങളായ എ.സി മിലാന്റെ ആന്ദ്രെ സില്‍വ, വലന്‍സിയയുടെ ഗോണ്‍സാലോ ഗ്വെഡെസ് എന്നിവരെ ഉള്‍പ്പെടുത്തി കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് ലോകകപ്പിനുള്ള 23 അംഗ പോര്‍ച്ചുഗല്‍ ടീമിനെ പ്രഖ്യാപിച്ചു.
യുവത്വത്തിന് പ്രാധാന്യം നല്‍കിയാണ് ടീം തിരഞ്ഞെടുപ്പ്. എഡര്‍, നാനി എന്നിവര്‍ക്കൊപ്പം പോര്‍ച്ചുഗലിന് കന്നി യൂറോ കപ്പ് കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ആന്ദ്രെ ഗോമസിനും കോച്ച് ടീമില്‍ ഇടം നല്‍കിയില്ല. പോര്‍ച്ചുഗലിന്റെ ഭാവി വാഗ്ദാനമെന്ന് വിലയിരുത്തപ്പെടുന്ന റെനാറ്റോ സാഞ്ചസിനേയും ടീമിലേക്ക് പരിഗണിച്ചില്ല. പരുക്കേറ്റ് വിശ്രമിക്കുന്ന പോര്‍ടോ മധ്യനിര താരം ഡാനിലോ പെരെയ്‌രയും ടീമിലില്ല.
33 കാരനായ ക്രിസ്റ്റ്യാനോയും ഒപ്പം 34 കാരനായ റിക്കാര്‍ഡോ ക്വരസ്മയുമാണ് ടീമില്‍ 30 കഴിഞ്ഞ താരങ്ങള്‍. ശേഷിച്ച 21 പേരും 30ല്‍ താഴെ പ്രായമുള്ളവരാണ്. ഫ്രാന്‍സിനെതിരായ യൂറോ കപ്പ് ഫൈനലിന്റെ അധിക സമയത്ത് ഗോള്‍ നേടി പോര്‍ച്ചുഗലിന് കന്നി കിരീടം സമ്മാനിച്ച എഡറിന്റെ അസാന്നിധ്യമാണ് കൗതുകമായത്. പോര്‍ച്ചുഗലിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച മൂന്നാമത്തെ താരമായ നാനിക്ക് ഫോമില്ലായ്മയാണ് തിരിച്ചടിയായത്.
സീസണില്‍ എ.സി മിലാന് വേണ്ടി 22 കാരനായ ആന്ദ്രെ സില്‍വ 14 മത്സരങ്ങളില്‍ നിന്ന് എട്ട് ഗോളുകള്‍ നേടിയിരുന്നു. പി.എസ്.ജിയില്‍ നിന്ന് വായ്പാടിസ്ഥാനത്തില്‍ വലന്‍സിയയിലെത്തിയ വിങര്‍ ഗ്വെഡെസും സീസണില്‍ മിന്നും ഫോം പ്രദര്‍ശിപ്പിച്ചാണ് ദേശീയ ടീമിലേക്കുള്ള വഴി എളുപ്പം തുറന്നത്. ബെന്‍ഫിക്ക പ്രതിരോധത്തിലെ യുവ കരുത്തായ 21കാരന്‍ റുബന്‍ ഡയസിനും ദേശീയ ടീമിലേക്ക് കന്നി വിളിയെത്തി.
ഗ്രൂപ്പ് ബിയില്‍ സ്‌പെയിന്‍, മൊറോക്കോ, ഇറാന്‍ എന്നിവര്‍ക്കൊപ്പമാണ് പോര്‍ച്ചുഗല്‍. ജൂണ്‍ 14ന് പോര്‍ച്ചുഗല്‍ ആദ്യ മത്സരത്തിനിറങ്ങും.
പോര്‍ച്ചുഗല്‍ ടീം: ഗോള്‍ കീപ്പര്‍മാര്‍- അന്റണി ലോപസ്, ബെറ്റോ, റൂയി പാട്രീഷ്യോ.
പ്രതിരോധം- ബ്രുണോ ആല്‍വെസ്, സെഡ്രിക്ക് സോറസ്, ജോസ് ഫോണ്ടെ, മരിയോ റൂയി, പെപ്പെ, റാഫേല്‍ ഗുരെയ്‌രോ, റിക്കാര്‍ഡോ പെരെയ്‌ര, റുബന്‍ ഡയസ്.
മധ്യനിര- അഡ്രിയാന്‍ സില്‍വ, ബ്രുണോ ഫെര്‍ണാണ്ടസ്, ജാവോ മരിയോ, ജാവോ മോട്ടീഞ്ഞോ, മാനുവല്‍ ഫെര്‍ണാണ്ടസ്, വില്ല്യം കാര്‍വലോ, ബെര്‍ണാര്‍ഡോ സില്‍വ.
മുന്നേറ്റം- ആന്ദ്രെ സില്‍വ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ജെല്‍സന്‍ മാര്‍ടിനസ്, ഗോണ്‍സാലോ ഗ്വെഡെസ്, റിക്കാര്‍ഡോ ക്വരസ്മ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."