കാസര്‍കോട് ബാലകൃഷ്ണന്‍ വധം: പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും
കൊച്ചി: കാസര്‍കോട് സ്വദേശിയായ ബാലകൃഷ്ണന്‍ കൊല്ലപ്പെട്ട കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പ്രതികള്‍ക്ക് സി.ബി.ഐ പ്രത്യേക കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഒരു ലക്ഷം രൂപ വീതം പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. പിഴത്തുക കൊല്ലപ്പെട്ട ബാലകൃഷ്ണന്റെ പിതാവ് ഗോപാലന് നല്‍കാനും ഉത്തരവിട്ടു.
പ്രതികള്‍ പിഴ അടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം വീതം കഠിന തടവ് അനുഭവിക്കണം. കാസര്‍കോട് ചട്ടഞ്ചാല്‍ തെക്കില്‍ ഇക്കു എന്ന മുഹമ്മദ് ഇഖ്ബാല്‍, തളങ്കര സ്വദേശി ജാക്കി ഹനീഫ എന്ന മുഹമ്മദ് ഹനീഫ എന്നിവര്‍ക്കാണ് സി.ബി.ഐ കോടതി ജഡ്ജി എസ്.സുരേഷ് കുമാര്‍ ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം 120 (ബി),302 എന്നീ വകുപ്പുകളനുസരിച്ച് ഗൂഢാലോചന,കൊലപാതകം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.
2001 സെപ്റ്റംബര്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം. കാസര്‍കോട് വിദ്യാനഗര്‍ പടുവടുക്ക സ്വദേശിയും കൊറിയര്‍ കമ്പനി ജീവനക്കാരനും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായിരുന്ന ബാലകൃഷ്ണന്‍ ഇതര മതസ്ഥയായ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കേസിലെ അഞ്ചാംപ്രതിയായിരുന്ന അബൂബക്കര്‍ ഹാജിയുടെ മകളെയാണ് ബാലകൃഷ്ണന്‍ വിവാഹം കഴിച്ചത്.ബാലകൃഷ്ണനെ കാറില്‍ ബലമായി കയറ്റിക്കൊണ്ടുപോയി കത്തികൊണ്ട് പലപ്രാവശ്യം നെഞ്ചില്‍ കുത്തിയതിനുശേഷം പ്രതികള്‍ കടന്നുകളഞ്ഞു എന്നാണ് കേസ്. ഗുരുതരമായി പരുക്കേറ്റ ബാലകൃഷ്ണന്‍ സമീപത്തെ പള്ളി കോമ്പൗണ്ടില്‍ അഭയം തേടുകയും പള്ളി ഇമാം സമീപവാസികളെയും കൂട്ടി ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആദ്യം ലോക്കല്‍ പൊലിസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. 2010ല്‍ ബാലകൃഷ്ണന്റെ പിതാവ് ഗോപാലന്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്.
ഈ കേസില്‍ വ്യാഴാഴ്ച പ്രതികള്‍കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി ഇന്നലെ അവര്‍ക്ക് പറയാനുള്ളതുകൂടി കേട്ടതിനുശേഷമാണ് ശിക്ഷ വിധിച്ചത്. ബാലകൃഷ്ണന്‍ കുടുംബത്തിന്റെ ഏക അത്താണിയായിരുന്നുവെന്നും കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ച് പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതികളുടെ ജീവിതസാഹചര്യംകൂടി പരിഗണിച്ച് ശിക്ഷ ലഘൂകരിക്കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്.
കുറ്റക്കാരനെന്ന് കണ്ടെത്തിയ മുഹമ്മദ് ഇഖ്ബാല്‍ മൂന്ന് മക്കളുള്ള കുടുംബത്തിന്റെ അത്താണിയാണെന്നും അതില്‍ ഒരു കുട്ടിക്ക് ഭാഗികമായ അന്ധതയുണ്ടെന്നും ഈ കുട്ടിയുടെ ചികിത്സാ ചെലവ് കണ്ടെത്താന്‍ പോലും പ്രയാസപ്പെടുകയാണെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു.
മുഹമ്മദ് ഹനീഫ ഹൃദ്രോഗിയാണെന്ന കാര്യവും അഭിഭാഷകന്‍ കോടതി മുന്‍പാകെ അറിയിച്ചു. ഇരു ഭാഗത്തിന്റെയും വാദം കേട്ട കോടതി കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിശേഷിപ്പിക്കാനാകില്ലെന്ന് വിലയിരുത്തിയാണ് ജീവപര്യന്തം തടവും പിഴയും വിധിച്ചത്.
ഈ കേസില്‍ മൂന്നുപേരെ കഴിഞ്ഞ ദിവസം തെളിവിന്റെ അഭാവത്താല്‍ കോടതി വെറുതെ വിട്ടിരുന്നു. കാസര്‍കോട് തായലങ്ങാടി സ്വദേശി അബ്ദുല്‍ ഗഫൂര്‍, ചെങ്ങള സ്വദേശി എ.എം മുഹമ്മദ്, ഉപ്പള സ്വദേശി അബൂബക്കര്‍ ഹാജി എന്നിവരെയാണ് വെറുതെവിട്ടത്.
കേസില്‍ ആകെ ആറുപ്രതികളാണുണ്ടായിരുന്നത്. ആറാംപ്രതി അഹമ്മദ് മാപ്പുസാക്ഷിയാകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."