മൈക്രോഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളി ഒന്നാം പ്രതി
ചെങ്ങന്നൂര്‍ (ആലപ്പുഴ): മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ എസ്.എന്‍.ഡി.പി യൂനിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന് തുഷാറുമുള്പ്പെടെ എട്ടുപേര്‍ക്കെതിരേ കേസെടുത്തു.
വെള്ളാപ്പള്ളി നടേശന്, മകനും യോഗം വൈസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളി, യോഗം ഡയറക്ടര്‍ബോര്‍ഡ് അംഗം രതീഷ്കുമാര്‍ (34), ചെങ്ങന്നൂര്‍ യൂനിയന്‍ ചെയര്മാന് അനില്‍.പി. ശ്രീരംഗം (55), മൈക്രോഫിനാന്‍സ് കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. മഹേശന്, ചെങ്ങന്നൂര്‍ യൂനിയന്‍ കണ്‍വീനര്‍ സുനില്‍ വള്ളിയില്‍, മുന്‍ യൂനിയന്‍ സെക്രട്ടറി അനു.സിസേനന്, മുന്‍ യൂനിയന്‍ പ്രസിഡന്റ് കെ.സന്തോഷ്കുമാര്‍ എന്നിവര്‍ക്കെതിരേയാണ് ചെങ്ങന്നൂര്‍ പൊലിസ് കേസെടുത്തത്. എസ്.എന്‍.ഡിപി യോഗം സംരക്ഷണ സമിതി സെക്രട്ടറി മാമ്പ്ര ഹരിശ്രീയില്‍ സുദര്ശനന് ചെങ്ങന്നൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഫയല്‍ചെയ്ത ഹരജിയിലാണ് നടപടി. കഴിഞ്ഞ അഞ്ചിന് സുദര്ശനന് ഇതുമായി ബന്ധപ്പെട്ട പരാതി ചെങ്ങന്നൂര്‍ പൊലിസ് സ്റ്റേഷനില്‍ നല്‍കിയിരുന്നു. എന്നാല്‍, നടപടി എടുത്തിരുന്നില്ല. ഇതേത്തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച കോടതി എഫ്.ഐ.ആര്.രജിസ്റ്റര്‍ ചെയ്ത് ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് ചെങ്ങന്നൂര്‍ പൊലിസിന് നിര്‍ദേശം നല്‍കുകയായിരുന്നു. യോഗത്തിന്റെ മേല്‍നോട്ടത്തില്‍ നടന്നുവരുന്ന സ്വയം സഹായ സംഘങ്ങള്‍ക്ക് മൈക്രോഫിനാന്‍സ് പദ്ധതി വഴി വായ്പകള്‍ തരപ്പെടുത്തി കൊടുക്കുന്നതിന് ഇന്ത്യന്‍ ബാങ്ക്, യൂനിയന്‍ ബാങ്ക്, ഐ.ഒ.ബി, ധനലക്ഷ്മി ബാങ്ക് തുടങ്ങി വിവിധ ബാങ്കുകളുമായി ധാരണ ഉണ്ടാക്കുകയും അതനുസരിച്ച് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, മകന് തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ അടുപ്പക്കാരായ യോഗം പ്രവര്‍ത്തകര്‍ക്ക് തുക കൈമാറിയെന്നുമാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."