ജ്വല്ലറി തുരന്ന് മൂന്ന് കിലോ സ്വര്‍ണവും വെള്ളിയുമടക്കം 90 ലക്ഷത്തിന്റെ കവര്‍ച്ച
കൊടുവള്ളി: കൊടുവള്ളിയില്‍ ജ്വല്ലറിയുടെ ചുമര് തുരന്ന് വന്‍ കവര്‍ച്ച. മൂന്ന് കിലോ വീതം സ്വര്‍ണവും വെള്ളിയും 2.5 ലക്ഷം രൂപയുമടക്കം 90 ലക്ഷത്തിന്റെ നഷ്ടമുണ്ടായി.
ദേശീയപാതയില്‍ കൊടുവള്ളി ഓപ്പണ്‍ എയര്സ്റ്റേജിന് സമീപത്തെ വെളുത്തേടത്ത് ഫിറോസിന്റ ഉടമസ്ഥതയിലുള്ള സില്‍സില ജ്വല്ലറിയിലാണ് വ്യാഴാഴ്ച്ച അര്‍ധരാത്രിയോടെ മോഷണം നടന്നത്. ജ്വല്ലറി കെട്ടിടത്തിന്റെ പിന്‍വശത്തെ ചുമര് കുത്തിത്തുരന്ന് അകത്ത് കയറിയ മോഷ്ടാക്കള്‍ ജിപ്സം ബോര്‍ഡ് ഉപയോഗിച്ച് നിര്‍മിച്ച സീലിങ് തകര്‍ത്താണ് അകത്ത് കയറിയത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ പൊളിച്ചാണ് അതിലുണ്ടായിരുന്ന സ്വര്‍ണവും വെള്ളിയും പണവും മോഷണം നടത്തിയത്. ജ്വല്ലറിയില്‍ സ്ഥാപിച്ച സി.സി.ടി.വി സംവിധാനം തകര്‍ത്തതിന് ശേഷമാണ് മോഷണം നടത്തിയതെന്നാണ് സൂചന. ജ്വല്ലറിയുടെ പിറക് വശം ഉയര്ന്നായതിനാല് ചുമരിന്റെ മുകള്‍ ഭാഗമാണ് മോഷ്ടാക്കള്‍ തുരന്നത്. ഇന്നലെ രാവിലെ 8.30 ഓടെ ജ്വല്ലറി തുറക്കാനെത്തിയ ജീവനക്കാരാണ് ലോക്കര്‍ തകര്‍ത്ത നിലയില്‍ കണ്ടത്. ചുമര് തകര്‍ക്കാന്‍ ഉപയോഗിച്ച ഏതാനും ആയുധങ്ങള്‍ ജ്വല്ലറിക്ക് പിന്‍വശത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട.് കൊടുവള്ളി സി.ഐ പി.ചന്ദ്രമോഹന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
പയ്യോളിയില്‍ നിന്നെത്തിയ ഡോഗ് സ്ക്വാഡും വടകരയില്‍ നിന്നെത്തിയ വിരലടയാള വിദഗ്ധരും ജ്വല്ലറിയില്‍ പരിശോധന നടത്തി. സമീപത്തെ കടകളിലെ സി.സി.ടി.വികളും പൊലിസ് പരിശോധിച്ചു. മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ഇതര സംസ്ഥാന മോഷ്ടാക്കളാവാനുള്ള സാധ്യത പൊലിസ് തള്ളിക്കളയുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."