രാത്രി നിസ്‌കാരത്തിന്റെ പുണ്യം
തഹജ്ജുദ് വളരെ പുണ്യമേറിയ നിസ്‌കാരമാണ്. ഐഛിക ആരാധനകളില്‍ ഏറ്റവും മഹത്തരമായാണ് ഇതിനെ പ്രവാചകതിരുമേനി (സ്വ) പരിചയപ്പെടുത്തിയത്.'ഖിയാമുല്ലൈല്‍'എന്നും ഇതിന് പേരുണ്ട്. അബൂഹുറൈറ(റ)നിവേദനം. നബി(സ്വ) പറയുന്നു:'റമദാന്‍ കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠതയുള്ള നോമ്പ് മുഹര്‍റത്തിലേതാണ്. ഫര്‍ള് നിസ്‌കാരങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠതയുള്ള നിസ്‌കാരം രാത്രിയിലെ സുന്നത്ത് നിസ്‌കാരം അഥവാ തഹജ്ജുദാണ്'(മുസ്‌ലിം, അബൂദാവൂദ്).
രാത്രി ഒന്നുറങ്ങി എഴുന്നേറ്റതിന് ശേഷമാണ് ഇതിന്റെ സമയമെന്നതുകൊണ്ട് തന്നെ രാത്രി തീരെ ഉറങ്ങാത്തവര്‍ക്ക് തഹജ്ജുദ് നിസ്‌കാരമില്ല. തഹജ്ജുദ് നിസ്‌കാരം ചുരുങ്ങിയത് രണ്ട് റക്അത്താണ്. കൂടിയാല്‍ എത്രയുമാവാം. ദിവസവും മുന്നൂറും അഞ്ഞൂറും റക്അത്ത് വീതം തഹജ്ജുദ് നിസ്‌കാരം നിര്‍വഹിച്ചവര്‍ മുന്‍ഗാമികളിലുണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നു.
'ഉറക്കമൊഴിയുക'എന്നാണ് 'തഹജ്ജുദ്'എന്ന അറബി പദത്തിനര്‍ഥം. വിശുദ്ധ ഖുര്‍ആനില്‍ പോലും പ്രത്യക്ഷമായും പരോക്ഷമായും ഈ നിസ്‌കാരത്തിന്റെ ശ്രേഷ്ഠതകള്‍ വിവരിച്ചതായി കാണാം. ഫജ്‌റ് വെളിവാകുന്നതോടെയാണ് തഹജ്ജുദിന്റെ സമയം അവസാനിക്കുക. പതിവായി ചെയ്യല്‍ ഉത്തമമായ ഈ നിസ്‌കാരം, പിശാചില്‍ നിന്ന് നല്ലൊരു പരിച കൂടിയാണ്. അതുകൊണ്ടുതന്നെ പതിവാക്കി വരുന്നവന്‍ ഉപേക്ഷിക്കുന്നത് ദുര്‍ലക്ഷണമായി കണക്കാക്കപ്പെടും.
രാത്രി നിസ്‌കാരം പതിവാക്കിയതിന്റെ ശേഷം അത് ഉപേക്ഷിക്കാനിടയായ ഒരാളെപ്പോലെ താങ്കള്‍ ആവരുതെന്ന് നബി(സ്വ) തങ്ങള്‍ സ്വഹാബിവര്യനായ അംറുബ്‌നുല്‍ ആസ്വ്(റ)നെ ഉപദേശിച്ചിട്ടുണ്ട്. ഉന്മേഷം ലഭിക്കാനും ഹൃദയ ശുദ്ധിക്കും വളരെ ഉത്തമമാണ് തഹജ്ജുദ് നിസ്‌കാരം.
ആത്മാര്‍ഥതയോടെ തഹജ്ജുദ് നിസ്‌കാരം നിര്‍വഹിക്കുന്നവര്‍ക്ക് വാഗ്ദത്തം ചെയ്യപ്പെട്ട പ്രതിഫലങ്ങള്‍ വളരെ വലുതാണ്. സത്യവിശ്വാസിയുടെ ലക്ഷണങ്ങള്‍ വിവരിക്കുന്ന സ്ഥലങ്ങളില്‍ വിശുദ്ധ ഖുര്‍ആന്‍ വിവിധയിടങ്ങളില്‍ രാത്രിയിലെ നിസ്‌കാരം പരാമര്‍ശിച്ചിട്ടുണ്ട്. എന്റെ സമൂഹത്തിലെ ഏറ്റവും ഉത്തമരും ആദരണീയരും തഹജ്ജുദ് നിസ്‌കാരം പതിവാക്കുന്നവരാണെന്നും ഹദീസില്‍ വന്നിട്ടുണ്ട്. ഇബ്‌നു അബ്ബാസ്(റ)നിവേദനം. നബി(സ്വ)പറഞ്ഞു:'എന്റെ സമൂഹത്തിലെ ഏറ്റവും ആദരണീയര്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയവരും രാത്രിയിലെ സുന്നത്ത് നിസ്‌കാരക്കാരുമാണ്'(ബൈഹഖി, ഇബ്‌നു അബിദ്ദുന്‍യാ).
അതോടൊപ്പം, പ്രാര്‍ഥന ഏറ്റവും കൂടുതല്‍ സ്വീകരിക്കപ്പെടുന്ന സമയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അഞ്ച് ഫര്‍ള് നിസ്‌കാരങ്ങള്‍ക്ക് ശേഷവും രാത്രിയുടെ ഉള്ളിലും എന്നായിരുന്നു നബി(സ്വ) തങ്ങളുടെ മറുപടി. ഇബ്‌നു മസ്ഊദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റൊരു നബിവചനം ഇപ്രകാരമാണ്.'രണ്ട് വ്യക്തികളുടെ കാര്യത്തില്‍ അല്ലാഹു അത്ഭുതപ്പെടും. കൊടും തണുപ്പുള്ള രാത്രിയില്‍ എഴുന്നേറ്റ് വുളൂ ചെയ്ത് നിസ്‌കാരത്തിന് നില്‍ക്കുന്നവനാണൊരാള്‍. അവനെ കാണുമ്പോള്‍ അല്ലാഹു മലക്കുകളോട് അഭിമാനം പറയും.'മലക്കുകളേ! എന്റെ അടിമയെക്കണ്ടില്ലേ? തന്റെ വിരിപ്പും പുതപ്പും ഭാര്യയെയുമെല്ലാം വിട്ടകന്ന് എന്റെ പ്രതിഫലം മോഹിച്ച് നിസ്‌കരിക്കുന്നത്. തീര്‍ച്ചയായും അവന്‍ ചോദിച്ചതെല്ലാം ഞാന്‍ നല്‍കും. അവന്‍ ഭയപ്പെടുന്നതില്‍ നിന്നെല്ലാം ഞാനവനെ നിര്‍ഭയനാക്കും'(അഹ്മദ്, ത്വബ്‌റാനി).
ഇവക്കെല്ലാം പുറമെ രോഗങ്ങള്‍ തടയാനും ദോഷങ്ങള്‍ പൊറുക്കാനും നല്ലൊരു മാര്‍ഗം കൂടിയാണ് തഹജ്ജുദ് നിസ്‌കാരം. സല്‍മാന്‍(റ) നിവേദനം. നബി(സ്വ) തങ്ങള്‍ പറഞ്ഞു:'നിങ്ങള്‍ തഹജ്ജുദ് നിസ്‌കാരം പതിവാക്കുക. കാരണം നിങ്ങള്‍ക്ക് മുന്‍പുള്ള സജ്ജനങ്ങളുടെ നടപടിയാണത്. അതോടൊപ്പം രക്ഷിതാവായ അല്ലാഹുവിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതും ദോഷങ്ങള്‍ പൊറുപ്പിക്കുന്നതും കുറ്റകൃത്യങ്ങള്‍ തടയുന്നതും ശരീരത്തില്‍ നിന്ന് രോഗങ്ങളെ ആട്ടിയകറ്റുന്നതുമാണ്'(ത്വബ്‌റാനി, അഹ്മദ്).
ദമ്പതികള്‍ ഒരുമിച്ച് തഹജ്ജുദ് നിസ്‌കരിക്കുന്നതിനും ഏറെ പുണ്യമുണ്ട്. അങ്ങനെ നിസ്‌കരിക്കുന്നവരുടെ കുടുംബജീവിതത്തില്‍ ഐശ്വര്യമുണ്ടാവുമെന്നും സന്താനങ്ങള്‍ സ്വാലിഹീങ്ങളാകുമെന്നും അവര്‍പോലും വിചാരിക്കാത്ത ഭാഗ്യത്തിലൂടെ അവര്‍ക്ക് വേണ്ടതെല്ലാം ലഭിക്കുമെന്നും പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ വിശിഷ്ട അടിമകളില്‍ അത്തരം ദമ്പതികളെ മലക്കുകള്‍ രേഖപ്പെടുത്തുമെന്നും ഹദീസില്‍ കാണാം.
അബൂമാലികില്‍ അശ്അരി(റ) നിവേദനം: നബി(സ്വ)തങ്ങള്‍ പറഞ്ഞതായി ഞാനോര്‍ക്കുന്നു.'ദമ്പതികള്‍ രണ്ടുപേരും ഒരുമിച്ച് എഴുന്നേറ്റ് തഹജ്ജുദ് നിസ്‌കരിക്കുകയും ദിക്ര്‍ ചൊല്ലിക്കൊണ്ടിരിക്കുകയും ചെയ്താല്‍ അവര്‍ രണ്ടുപേരുടെയും എല്ലാ ദോഷങ്ങളും അല്ലാഹു പൊറുത്തു കൊടുക്കുന്നതാണ്. ദിക്ര്‍ ചൊല്ലുന്നവരില്‍ അല്ലാഹു അവരെ ഉള്‍പ്പെടുത്തുകയും ചെയ്യും'(ത്വബ്‌റാനി).
(കോഴിക്കോട് ഖാസിയാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."