കര്‍ണാടകയിലെ രാഷ്ട്രീയ നാടകം ബി.ജെ.പിയെ തിരിഞ്ഞ് കുത്തുന്നു
ബംഗളൂരു: കര്‍ണാടകയില്‍ കളിച്ച രാഷ്ട്രീയ നാടകം ഗോവയിലും മണിപ്പൂരിലും ബിഹാറിലുമടക്കം ബി.ജെ.പിയെ തിരിച്ചടിക്കുന്നു. കോണ്‍ഗ്രസ് ജെ.ഡി.എസ് മുന്നണിക്ക് ഭൂരിപക്ഷമുണ്ടായിട്ടും ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന ന്യായം പറഞ്ഞ് ബി.ജെ.പിയെ ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ കര്‍ണാടകയില്‍ ക്ഷണിക്കുകയായിരുന്നു. എന്നാല്‍ ഗോവയിലോ മണിപ്പൂരിലോ മേഘാലയയിലെ ഇതല്ല നടന്നത്. രണ്ട് സീറ്റുകള്‍ നേടിയയിടത്ത് പോലും മുന്നണിയുണ്ടാക്കി ബി.ജെ.പി അധികാരം നേടി.
എന്നാല്‍ കര്‍ണാടകത്തിലെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് പിന്നാലെ ഗോവയിലും മണിപ്പൂരിലും ബിഹാറിലും കോണ്‍ഗ്രസും ആര്‍.ജെ.ഡിയുവും ഭരണം പിടിക്കാന്‍ കരുനീക്കം തുടങ്ങി. ഗോവയില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. 16 കോണ്‍ഗ്രസ് എം.എല്‍.എമാരാണ് ഇന്നലെ രാവിലെ രാജ്ഭവനിലെത്തി ഗവര്‍ണര്‍ മൃദുല സിന്‍ഹയെ കണ്ടത്. സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ച് എം.എല്‍.എമാര്‍ ഗവര്‍ണര്‍ക്ക് കത്തും നല്‍കി.
ഗോവയില്‍ 2017ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 17സീറ്റ് നേടി കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. എന്നാല്‍ സര്‍ക്കാരുണ്ടാക്കിയത് ബി.ജെ.പിയും മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി സഖ്യവുമായിരുന്നു. കര്‍ണാടകത്തില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി സര്‍ക്കാര്‍ ഉണ്ടാക്കിയതിനെ പിന്തുടര്‍ന്നാണ് ഗോവയില്‍ കോണ്‍ഗ്രസ് നീക്കം. ബിഹാറില്‍ പ്രതിപക്ഷമായ ആര്‍.ജെ.ഡിയും സമാനമായ വാദം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ സഖ്യകക്ഷി നേതാക്കള്‍ ഗവര്‍ണറെ കണ്ട് ചര്‍ച്ച നടത്തി. ബിഹാറില്‍ ജെ.ഡി.യു-ബി.ജെ.പി സഖ്യമാണ് ഭരണത്തിലുള്ളത്. സര്‍ക്കാരുണ്ടാക്കാനുള്ള അവകാശം ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങള്‍ക്കാണെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ ആര്‍.ജെ.ഡി അറിയിച്ചു. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ മണിപ്പൂരിലും മേഘാലയിലും ഇതേ തരത്തില്‍ നീക്കം നടത്താനാണ് പാര്‍ട്ടി ഒരുങ്ങുന്നത്.
ദുരൂഹത വീണ്ടും: കോണ്‍. എം.എല്‍.എമാര്‍ കൂറുമാറുമെന്ന് അഭ്യൂഹം
ബംഗളൂരു: രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നതിനിടെ കര്‍ണാടകയിലെ നാല് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് സൂചന. ലിംഗായത്ത് വിഭാഗത്തില്‍ പെട്ട എം.എല്‍.എമാരാണ് ബി.ജെ.പിയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ തങ്ങളുടെ മുഴുവന്‍ എം.എല്‍.എമാരും കൂടെയുണ്ടെന്ന് ജെ.ഡി.എസ് എം.എല്‍.എ ജി.ടി ദേവഗൗഡ പറഞ്ഞു. നൂറോ ഇരുനൂറോ കോടി രൂപ നല്‍കിയാലും അവര്‍ എവിടെയും പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയിലെ കോണ്‍ഗ്രസ് ജെ.ഡി. എസ്, എം.എല്‍.എമാരെ കഴിഞ്ഞ ദിവസം റോഡ് മാര്‍ഗം ഹൈദരാബാദില്‍ എത്തിക്കുകയായിരുന്നു. ജെ.ഡി.എസ് നേതാവ് കുമാരസ്വാമിയുടെ നേതൃത്വത്തിലാണ് എം.എല്‍.എമാര്‍ ബംഗളൂരുവിട്ടത്. ബഞ്ചാര ഹില്‍സില്‍ ഹയാത്ത് ഹോട്ടലിലാണ് എം.എല്‍.എമാരെ താമസിപ്പിച്ചത്.
നേരത്തെ എം.എല്‍.എമാരെ വാളയാര്‍ അതിര്‍ത്തി വഴി കൊച്ചിയിലേക്ക് മാറ്റുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അതുപേക്ഷിച്ചു. പ്രത്യേക ചാര്‍ട്ടര്‍ വിമാനത്തിനുള്ള അനുമതിയും ഇന്നലെ നിഷേധിച്ചിരുന്നു. കര്‍ണാടകയില്‍ എം.എല്‍. എമാരെ താമസിപ്പിച്ച റിസോര്‍ട്ടിനുള്ള സുരക്ഷ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് എം.എല്‍.എമാരെ ബംഗ്ലൂരുവില്‍ നിന്ന് മാറ്റിയത്. 36 ജെ.ഡി.എസ്.എം.എല്‍.എമാരാണ് ഹൈദരാബാദില്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."