ക്യൂബയില്‍ യാത്രാവിമാനം തകര്‍ന്നുവീണു: നൂറിലധികം മരണം
ഹവാന: ക്യൂബയുടെ തലസ്ഥാനമായ ഹവാനയില്‍ വിമാനം തകര്‍ന്നുവീണു നൂറിലേറെപ്പേര്‍ മരിച്ചു. ഹോസേ മാര്‍ട്ടിന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും വെള്ളിയാഴ്ച പ്രാദേശികസമയം 11:00 മണിക്കു പറന്നുയര്‍ന്ന ബോയിങ് 737 യാത്രാവിമാനമാണ് ടെയ്‌ക്കോഫ് ചെയ്ത ശേഷം തകര്‍ന്നു വീണത്. വിമാനത്തില്‍ 5 കുട്ടികളടക്കം 104 യാത്രക്കാരും 9 വിമാനജോലിക്കാരും ഉണ്ടായിരുന്നു. മരണസംഖ്യ വ്യക്തമല്ലെങ്കിലും വിമാനത്തിലുണ്ടാല്‍യവരില്‍ ഭൂരിഭാഗം പേരും മരിച്ചു എന്നാണ് ക്യുബന്‍ പത്രം ഗ്രന്മ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗുരുതരമായി പരുക്കേറ്റ മുന്ന് സ്ത്രീകളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടം നടന്നതറിഞ്ഞ് ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ഡിയാസ് കാനല്‍ സംഭവസ്ഥലത്തെത്തി.
ക്യൂബന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള 'ക്യുബാന' കമ്പനി വാടകക്കെടുത്ത വിമാനമാണ് തകര്‍ന്നു വീണത്. ഹവാനയില്‍ നിന്ന് ക്യൂബന്‍ നഗരമായ ഹോള്‍ഗ്വിനിലേക്കായിരുന്നു വിമാനം പുറപ്പെട്ടത്. ടെയ്‌ക്കോഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം അടുത്തുള്ള കൃഷിയിടത്തിലേക്ക് വീഴുകയായിരുന്നു. വീഴ്ചക്കിടെ തീപ്പിടിച്ച വീമാനം പൊട്ടിത്തെറിച്ചു. വിമാനം തകര്‍ന്നു വീണതിനു കാരണം ഇപ്പോഴും വ്യക്തമല്ല. സംഭവസ്ഥലത്ത് പ്രാഥമിക പരിശോധനയും രക്ഷാപ്രവര്‍ത്തനങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."