ഖത്തറിലെ മെത്രഷ് 2 ആപ്പില്‍ സേവനങ്ങള്‍ കൂട്ടി
ദോഹ: ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്പായ മെത്രാഷ് 2ല്‍ പുതിയ രണ്ട് സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി. കമ്പനികളിലെയും സ്ഥാപനങ്ങളിലെയും തൊഴിലാളികളുടെ റസിഡന്‍സ് പെര്‍മിറ്റ് ഓട്ടോമാറ്റിക്കായി പുതുക്കാനുള്ള സംവിധാനം, ഡയറക്ട് ഡെബിറ്റ് സര്‍വീസ് സബ്‌സ്‌ക്രിപ്ഷന്‍ സംവിധാനം എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തിയത്.
കമ്പനി പ്രതിനിധികള്‍ക്ക് സമയം ലാഭിക്കാനും ഐ ഡി പുതുക്കുന്നത് വൈകി പിഴ അടക്കേണ്ടി വരുന്നത് ഒഴിവാക്കാനും ഓട്ടോമേറ്റഡ് റസിഡന്‍സ് പെര്‍മിറ്റ് പുതുക്കല്‍ സംവിധാനം സഹായിക്കും.
ഈ സേവനം ലഭ്യമാവാന്‍ കമ്പനികളെ ഇതില്‍ ആഡ് ചെയ്യണം. റസിഡന്‍സ് പെര്‍മിറ്റ് കാലാവധി തീരാറായ തൊഴിലാളികളുടെ പട്ടിക അതത് സമയത്ത് ആപ്പ് അറിയിക്കും. കമ്പനിയില്‍ നിന്ന് പിരിച്ചുവിട്ട തൊഴിലാളികളെ ഇതില്‍ നിന്ന് ഒഴിവാക്കാനും സാധിക്കും. ഈ സേവനം ലഭ്യമാവണമെങ്കില്‍ കമ്പനി ഡയറക്ട് ഡെബിറ്റ് സര്‍വീസില്‍ സബ്‌സ്‌ക്രൈബ് ചെയ്യണം. കമ്പനിയുടെ അക്കൗണ്ടില്‍ നിന്ന് സേവനത്തിനുള്ള ഫീസ് മന്ത്രാലയത്തിന്റെ എക്കൗണ്ടിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് വേണ്ടിയാണിത്.
ആവശ്യമായ സേവനങ്ങള്‍ക്ക് പണം അടയ്ക്കാന്‍ പുതിയ ഡയറക്ട് ഡെബിറ്റ് സര്‍വീസ് മെത്രാഷ് 2 ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാം. നേരത്തേ ഇത് ബാങ്ക് കാര്‍ഡ് വഴി മാത്രമാണ് സാധ്യമായിരുന്നത്. ഈ സൗജന്യ സേവനം ആക്ടിവേറ്റ് ചെയ്യുന്നതിന് ഖത്തര്‍ നാഷനല്‍ ബാങ്കിന്റെ ഏതെങ്കിലും ബാങ്കില്‍ പ്രത്യേക ഫോം പൂരിപ്പിച്ച് നല്‍കണം. ഡയറക്ട് ഡെബിറ്റ് സേവനം ഉപയോഗിക്കാന്‍ ചുമതലപ്പെടുത്തുന്നയാളുടെ പേര് ഫോമില്‍ വ്യക്തമാക്കിയിരിക്കണം. ഏത് തരതത്തിലുള്ള പേമെന്റിനും പ്രസ്തുക വ്യക്തിക്ക് ഇത് ഉപയോഗിക്കാനാവും. പേമെന്റിനിടയില്‍ എന്തെങ്കിലും പിഴവുകള്‍ വന്നാല്‍ തുക അപ്പോള്‍ തന്നെ അക്കൗണ്ടിലേക്ക് മടങ്ങിയെത്തും. നിലവില്‍ 211 ഇലക്ട്രോണിക് സേവനങ്ങള്‍ മെത്രാഷ് 2ലും മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലും ലഭ്യമാണ്. മെത്രാഷ് 2 ഉപഭോക്താക്കളുടെ എണ്ണം ഇതിനകം 3,28,000 കവിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."