എല്‍.എസ്.എസ് - യു.എസ്.എസ് പരീക്ഷ; പുനര്‍ മൂല്യനിര്‍ണയത്തിന് അവസരം
എടച്ചേരി(കോഴിക്കോട്): കഴിഞ്ഞ ഫെബ്രുവരിയില്‍ എല്‍.പി, യു.പി സ്‌കൂള്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷാ ഫലത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട നിലവാരം. എസ്.എസ്.എല്‍ സിക്ക് മുന്‍പുള്ള രണ്ട് പൊതു പരീക്ഷകള്‍ എന്ന നിലയില്‍ സ്‌കൂള്‍ അധികൃതരും ഈ പരീക്ഷക്കായി മുന്നൊരുക്കങ്ങള്‍ നടത്താറുണ്ട്. പൊതു വിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമായി വിവിധ സ്‌കൂളുകള്‍ കൂടുതല്‍ വിജയികളെ കണ്ടെത്താനായി മത്സര ബുദ്ധിയോടെ തങ്ങളുടെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിശീലനവും നല്‍കാറുണ്ട്. എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ.പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന അതേ പ്രാധാന്യവും പരിഗണനയുമാണ് എല്‍.എസ്.എസ് , യു.എസ്.എസ് ജേതാക്കള്‍ക്കും സ്‌കൂള്‍ അധികൃതര്‍ നല്‍കി വരുന്നത്'പ്രൈമറി സ്‌കൂളുകളില്‍ ഒന്ന് മുതല്‍ ഏഴുവരെ ക്ലാസുകളില്‍ പഠന നിലവാരം മെച്ചപ്പെട്ടതിന്റെ തെളിവായാണ് ഈ വര്‍ഷം സ്‌കോളര്‍ഷിപ്പ് പരീക്ഷ എഴുതി വിജയിച്ച കുട്ടികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവിനെ വിദ്യാഭ്യാസ അധികൃതര്‍ വിലയിരുത്തുന്നത്. ആകെ മാര്‍ക്കിന്റെ അറുപത് ശതമാനം വാങ്ങി വിജയിക്കുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് തുക ലഭിക്കുക. പരീക്ഷ തുടങ്ങിയതു മുതല്‍ കഴിഞ്ഞ വര്‍ഷംവരെ ഈ തുക എല്‍ .എസ്.എസിന് 100ഉം യു.എസ്.എസിന് 150ഉം ആയിരുന്നു. ഈ വര്‍ഷം മുതല്‍ തുക യഥാക്രമം 1,000, 1,500 എന്നിങ്ങനെയായി വര്‍ധിപ്പിച്ചിട്ടുണ്ട്.
അതെ സമയം ഈ വര്‍ഷം മുതല്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിന് വിദ്യാഭ്യാസ വകുപ്പ് അവസരമൊരുക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് പരീക്ഷാ കമ്മിഷനറുടെ സര്‍ക്കുലര്‍ എല്ലാ ഉപജില്ലാ ഓഫിസുകള്‍ക്കും നല്‍കിയിട്ടുണ്ട്. ഒരു പേപ്പറിന് നൂറു രൂപ നിരക്കില്‍ അപേക്ഷ ഫീസ് നല്‍കണം.ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷയുടെ പ്രിന്റ് ഔട്ടും ഫീസും മെയ് 22ന് വൈകുന്നേരം നാലിന് മുന്‍പായി അതത് എ.ഇ.ഒ ഓഫിസുകളില്‍ നല്‍കേണ്ടതാണെന്നും സര്‍ക്കുലറില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."