പുതിയ അധ്യയന വര്‍ഷം മുതല്‍ സുരക്ഷിത വിദ്യാലയം
മുക്കം: പുതിയ അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം കര്‍ശനമാക്കുന്നു. വിദ്യാര്‍ഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി നിര്‍ദേശങ്ങളുണ്ടെങ്കിലും ഇത് പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ ഇക്കാര്യത്തില്‍ ഇടപെടുന്നത്.
ജീര്‍ണാവസ്ഥയിലുള്ളതോ ഭാഗികമായി നിലനില്‍ക്കുന്നതോ പണി പൂര്‍ത്തിയാകാതെ നിര്‍ത്തിവച്ചിരിക്കുന്നതോ ആയ സ്‌കൂള്‍ കെട്ടിടങ്ങള്‍ ബന്ധപ്പെട്ട എന്‍ജിനീയറിങ് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഉറപ്പുവരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനാധ്യാപകര്‍ക്കും വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി. ഓരോ അധ്യയന വര്‍ഷവും സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്‍പ് സ്‌കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി എന്‍ജിനീയര്‍ പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങി അതത് വിദ്യാഭ്യാസ ഓഫിസര്‍ക്ക് നല്‍കണമെന്ന നിര്‍ദേശം കെ.ഇ.ആര്‍ ചട്ടപ്രകാരം നിലവിലുണ്ട്. ഇത് കര്‍ശനമാക്കാനും അധ്യയന വര്‍ഷം തുടങ്ങുന്നതിനു മുന്‍പായി സ്‌കൂള്‍ കെട്ടിടങ്ങളുടെ പരിസരത്ത് അപകടാവസ്ഥയിലുള്ള മരങ്ങളും മറ്റും മുറിച്ച് മാറ്റുകയും സ്‌കൂളുകള്‍ സന്ദര്‍ശിച്ച് കുട്ടികളുടെ സുരക്ഷ സംബന്ധമായ ക്രമീകരണങ്ങള്‍ വിലയിരുത്തണമെന്നും എല്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂളിനോട് ചേര്‍ന്ന് അപകടാവസ്ഥയിലുള്ള വൈദ്യുത പോസ്റ്റുകള്‍, വൈദ്യുത കണക്ഷനുകള്‍ എന്നിവ പരിശോധിച്ച് പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിഹരിക്കണം.
ബന്ധപ്പെട്ട കെ.എസ്.ഇ.ബി ഓഫിസുകള്‍ക്ക് ആയിരിക്കും ഇതിന്റെ ചുമതല. സ്‌കൂള്‍ കോമ്പൗണ്ടുകളുടെ പരിസരങ്ങളിലുള്ള വെള്ളക്കെട്ടുകള്‍, കുളങ്ങള്‍, കിണറുകള്‍ എന്നിവ അപകട രഹിതമാണെന്ന് ഉറപ്പുവരുത്തണം. കുട്ടികളെ സ്‌കൂളിലേക്ക് വിളിച്ചു കൊണ്ടുവരുന്നതിനും തിരികെ വീട്ടില്‍ എത്തിക്കുന്നതിനും സ്‌കൂള്‍ അധികൃതര്‍ ഒരുക്കിയിരിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയും കര്‍ശനമായി നടപ്പിലാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വേണ്ടത്ര പരിചയം ഇല്ലാത്തവരും അംഗവൈകല്യമുള്ളവരും കാഴ്ച, കേള്‍വി കുറവുള്ളവരും സ്‌കൂള്‍ വാഹനത്തിന്റെ ഡ്രൈവറോ ക്ലീനറോ ആയി ജോലി ചെയ്യുന്നില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തണം. പി.ടി.എയുടെയും സഹായത്തോടെ കുട്ടികളെ സുരക്ഷിതമായി വീടുകളില്‍ തിരികെയെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."