സംസ്ഥാനത്തെ തേന്‍ ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞു; വ്യാജതേന്‍ വില്‍പ്പന വ്യാപകം
തൊടുപുഴ: കാലാവസ്ഥാ വ്യതിയാനം സംസ്ഥാനത്തെ തേന്‍ ഉല്‍പ്പാദനത്തെ ഗണ്യമായി കുറച്ചു. കാട്ടിലുംനാട്ടിലും പൂക്കാലം കുറഞ്ഞതാണ് തേന്‍ ഉല്‍പ്പാദനം കുറയാന്‍ കാരണം. എന്നാല്‍ സംസ്ഥാനത്തിന്റെ പല മേഖലകളിലും വ്യാജതേന്‍ വില്‍പ്പന വ്യാപകമായിട്ടുണ്ട്. പ്രത്യേകിച്ചും മലയോര വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് വ്യാജതേന്‍ വില്‍പ്പന തകര്‍ക്കുന്നത്. തേക്കടി, മൂന്നാര്‍, പൊന്മുടി, ചിന്നാര്‍ മേഖലകളില്‍ വ്യാജതേന്‍ വില്‍പ്പന വ്യാപകമാണ്. വിദേശ വിനോദസഞ്ചാരികളെയാണ് പ്രധാനമായും ഇവര്‍ വലയില്‍ വീഴ്ത്തുന്നത്.
അലുമിനിയം ചെരുവത്തില്‍ പഴയതേന്‍ റാട്ടുകള്‍ അടുക്കി അതിന് മുകളില്‍ കൃത്രിമ തേന്‍ ഒഴിച്ചാണ് വില്‍പ്പനക്കായി എത്തിക്കുന്നത്. പഞ്ചസാര ലായനി വറ്റിച്ച് തേന്‍ പരുവമാക്കി നിറത്തിനായി പഞ്ചസാര കരിച്ചു ചേര്‍ക്കുകയും മണത്തിനായി കൃത്രിമ എസന്‍സുകള്‍ കലര്‍ത്തുകയും ചെയ്യുന്നു. മൂന്നാര്‍ - മറയൂര്‍ റോഡരികുകളില്‍ ഇരുചക്ര വാഹനങ്ങളില്‍ തേന്‍ റാട്ടുകള്‍ നിറച്ച പാത്രവുമായി നിരവധി നാടോടികള്‍ സഞ്ചാരികളെ കാത്ത് തമ്പടിച്ചിട്ടുണ്ട്. മായം ചേര്‍ത്ത ആഹാര വസ്തുക്കള്‍ക്കെതിരേ നടപടി സ്വീകരിക്കേണ്ട ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ അധികൃതരും ഇത് കണ്ടില്ലെന്ന് നടിക്കുന്നു. വ്യാജതേന്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതാണ്.
തേന്‍ ഉല്‍പ്പാദനം കുറഞ്ഞത് തേന്‍ ശേഖരിക്കല്‍ മുഖ്യ ജീവിതോപാധിയായ ആദിവാസികളിലെ മന്നാന്‍ വിഭാഗക്കാരെ ഏറെ കഷ്ടപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനുള്ളിലെ വലിയ കുറവാണ് തേന്‍ ഉല്‍പ്പാദനത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് ഈ മേഖലയിലെ തൊഴിലാളികള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 75 ശതമാനത്തിന്റെ കുറവാണ് സംസ്ഥാനത്ത് തേന്‍ ഉല്‍പ്പാദനത്തില്‍ ഇക്കുറി ഉണ്ടായിരിക്കുന്നത്.
തേനിന്റെ ആഭ്യന്തര ഉപേഭോഗം വര്‍ധിച്ചതോടെ കയറ്റുമതിയില്‍ കുറവുണ്ടായിട്ടുണ്ട്. പ്രമേഹരോഗികളും അല്ലാത്തവരും വ്യാപകമായി തേന്‍ ഉപയോഗിച്ചുതുടങ്ങിയതാണ് ആഭ്യന്തര ഉപഭോഗം വര്‍ധിക്കാന്‍ കാരണം. വെള്ള പഞ്ചസാരയില്‍ പ്രമേഹത്തിനു കാരണമായ സുക്രോസിന്റെ അളവ് വളരെ കൂടുതലാണ്. എന്നാല്‍ തേനില്‍ ഇത് വളരെ കുറവും ഔഷധമായ മാല്‍ട്ടോസിന്റെ അളവ് കൂടുതലുമുണ്ട്. ഇതു മനസിലാക്കി പലരും പഞ്ചസാരയെ ഒഴിവാക്കി തേനിന് സ്ഥാനം കൊടുത്തു. ചായയിലും ബ്രഡിനൊപ്പം ജാമിനു പകരമായും തേന്‍ ഉപയോഗം കൂടിയിട്ടുണ്ട്.
പ്രധാനമായും വനമേഖലകളില്‍ നിന്നാണ് കേരളത്തില്‍ തേന്‍ ശേഖരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 32 സഹകരണ സംഘങ്ങളാണ് തേന്‍ ശേഖരണവും വിപണനവും നടത്തുന്നത്. ഇവയില്‍ പത്തോളം സംഘങ്ങള്‍ ഇടുക്കി ജില്ലയിലാണ് പ്രവര്‍ത്തിക്കുന്നത്. പട്ടികവര്‍ഗ സഹകരണ സംഘങ്ങള്‍ വഴി ശരാശരി 17,000 മുതല്‍ 22,000 കിലോഗ്രാം വരെ തേനാണ് ഓരോ വര്‍ഷവും ശേഖരിക്കുന്നത്.
ആദിവാസികള്‍ സംഘമായാണ് തേന്‍ ശേഖരിക്കുന്നത്. ഇവര്‍ ശേഖരിക്കുന്ന തേന്‍ സഹകരണ സംഘത്തിന് നല്‍കുന്നു. സഹകരണ സംഘങ്ങളില്‍ നിന്ന് കേരളാ സ്റ്റേറ്റ് എസ്.സി - എ.സ്.ടി ഫെഡറേഷന്‍ സംഭരിക്കുന്ന തേന്‍ ആയുര്‍വേദ മരുന്നുശാലകള്‍ക്കാണ് നല്‍കുന്നത്. തൃശൂര്‍ ആസ്ഥാനമായുള്ള സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ഔഷധിയാണ് പ്രധാനമായും തേന്‍ വാങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."