എ.സി റോഡിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു
കുട്ടനാട്: ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ 11 ദിവസമായി തുടരുന്ന വെള്ളക്കെട്ടിനു പരിഹാരമാകുന്നു. സമീപത്തെ പാടശേഖരത്തില്‍ പമ്പിങ് പൂര്ണതോതിലായതോടെയാണ് റോഡില്‍ നിന്നും വെള്ളമിറങ്ങിത്തുടങ്ങിയത്. റോഡിലെ വെള്ളക്കെട്ടിനു വെള്ളിയാഴ്ച വൈകിട്ടോടെ ശമനമായതോടെ കെ.എസ്.ടി.പി. റോഡിലെ കുഴികളടയ്ക്കുവാനും ആരംഭിച്ചിട്ടുണ്ട്. റോഡിലെ കുഴികളില്‍ മക്കിട്ട് താല്കാലികമായി കുഴികളടയ്ക്കുന്ന ജോലികളാണ് ആരംഭിച്ചത്.
സമീപത്തെ മൂലപൊങ്ങമ്പ്ര പാടശേഖരത്തില്‍ രണ്ടാം കൃഷിക്കായി വെള്ളം കയറ്റിയതോടെയാണ് എ.സി. റോഡില്‍ കുട്ടനാട് എസ്.എന്‍.ഡി.പി. യൂണിയന് ഓഫീസിനു സമീപം 50 മീറ്റര്‍ ഭാഗത്ത് വെള്ളം കയറിയത്. കഴിഞ്ഞ ദിവസങ്ങളില്‍ വേനല്‍മഴകൂടി എത്തിയതോടെ റോഡില്‍ വെള്ളപ്പൊക്കത്തിന്റെ പ്രതീതിയായിരുന്നു. വെള്ളം കയറിയതോടെ പാതയില്‍ വലിയ കുഴികളും രൂപപ്പെട്ടിരുന്നു. ഇരുചക്രവാഹനയാത്രികര്‍ കുഴികളില്‍ വീഴാന്‍ ആരംഭിച്ചതും ഗതാഗതക്കുരുക്കും മൂലം ഗതാഗത നിയന്ത്രണം പൊലീസ് ഏറ്റെടുത്തിരുന്നു. പുളിങ്കുന്നു പൊലീസിന്റേയും ഹൈവേ പൊലീസിന്റേയും നേതൃത്വത്തില്‍ സഹായഹസ്തവുമായി എത്തിയത് യാത്രക്കാര്‍ക്ക് ആശ്വാസമായി.
വെള്ളിയാഴ്ച ഉച്ചയോടെ ചങ്ങനാശേരി, ആലപ്പുഴ യൂനിറ്റിലെ അഗ്നിരക്ഷാ സേനാംഗങ്ങളെത്തി റോഡിലെ കുഴികളിലെ വെള്ളം മോട്ടോര്‍ ഉപയോഗിച്ച് പമ്പ് ചെയ്തു വറ്റിക്കാനും ആരംഭിച്ചു. എന്നാല്‍ മണ്ഡലത്തിലെ പ്രധാനപാതയില്‍ വെള്ളം കയറി യാത്രാദുരിതം തുടര്‍ക്കഥയായിട്ടും എം.എല്‍.എ. പ്രദേശത്ത് സന്ദര്‍ശനം നടത്താന്‍ പോലും തയ്യാറാകാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇടയ്ക്കെത്തുന്ന വേനല്‍മഴയും വൈദ്യുതി മുടക്കവും പമ്പിങ്ങിനെ ബാധിക്കുന്നുണ്ട്. കൂടാതെ കിഴക്കന്‍വെള്ളത്തിന്റെ വരവ് കൂടിയതോടെ സമീപത്തെ ജലാശയങ്ങളില്‍ ജലനിരപ്പ് ഉയരുന്നതും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."