ജൈവരീതിയില്‍ പുത്തന്‍ പരീക്ഷണങ്ങളുമായി കൃഷി വകുപ്പ്
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം ഭരണ വര്‍ഷത്തോടനുബന്ധിച്ച് മറൈന്‍ ഡ്രൈവില്‍ ആരംഭിച്ച പ്രദര്‍ശന വിപണനമേള ജനകീയം 2018ല്‍ പച്ചക്കറി കീടനിയന്ത്രണത്തിനും ഉല്‍പാദന വളര്‍ച്ചയ്ക്കും ജൈവ മാര്‍ഗവുമായി ആത്മ. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആത്മ കാര്‍ഷിക വളര്‍ച്ചയ്ക്ക് ആവശ്യമായ ചെലവ് കുറഞ്ഞ രീതിയിലുള്ള അത്യാധുനിക സംവിധാനങ്ങളുമായാണ് മേളയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.
സോളാര്‍ വിളക്ക് കെണി, തിരിന, മഴയറ, മിനി പോളി ഹൗസ് എന്നിവയെല്ലാം കൊണ്ട് ശ്രദ്ധേയമാണ് കാര്‍ഷിക വകുപ്പിന്റെ സ്റ്റാളുകള്‍. കൃഷിയെ നശിപ്പിക്കുന്ന കീടങ്ങളെ കെണിയിലാക്കാന്‍ ഉപയോഗിക്കുന്നതാണ് സോളാര്‍ വിളക്കു കെണി. രാത്രികാലങ്ങളില്‍ കൃഷിയ്ക്ക് വിനയാകുന്ന കീടങ്ങളെ നശിപ്പിക്കാന്‍ ഏറെ പ്രയോജനകരമാണ് ഈ മാര്‍ഗം. ചെലവ് കുറഞ്ഞ രീതിയില്‍ കാര്‍ഷിക വളര്‍ച്ചയ്ക്ക് ഏറെ പ്രയോജനകരമായ മറ്റൊരു സജ്ജീകരണമാണ് തിരിന. ക്യാപിലറി ശക്തിയില്‍ താഴെ നിന്നും മുകളിലേക്ക് വെള്ളം വലിച്ചെടുക്കുന്ന സംവിധാനമാണിത്.
വേനലിലും മഴയത്തും കൃഷിയെ സംരക്ഷിക്കുന്നതിന് മഴയറ മിനി പോളി ഹൗസ് എന്നിവ ഉപയോഗിക്കുന്നത്. മഴയറ പദ്ധതിക്കായി 50000 രൂപ ധനസഹായവും പോളി ഹൗസിന് 75% സബ്‌സിഡിയും സര്‍ക്കാര്‍ നല്‍കുന്നുണ്ട്.
കീടനാശിനി നശീകരണത്തിനും കൃഷി സംരക്ഷണത്തിനുമുള്ള മാര്‍ഗ്ഗങ്ങള്‍ മാത്രമല്ല വിവിധ തരത്തിലുള്ള വിത്തിനങ്ങളും ജൈവ രീതിയിലുള്ള വളങ്ങളും സ്റ്റാളില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."