പനി മരണം: നിഷ്‌ക്രിയരായി ആരോഗ്യ വകുപ്പ്
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തില്‍ സൂപ്പിക്കടയില്‍ രണ്ടാഴ്ചക്കുള്ളില്‍ സഹോദരന്മാര്‍ പനിബാധിച്ച് മരിച്ചിട്ടും സംഭവം ലാഘവത്തോടെ കാണുന്ന ആരോഗ്യ വകുപ്പ് നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. ഏപ്രില്‍ അവസാനം വളച്ചുകെട്ടിയില്‍ സാബിത്ത് (23) പനിയെ തുടര്‍ന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സാധാരണ പനിയില്‍ നിന്ന് വിത്യസ്തമായി ചില ലക്ഷണങ്ങള്‍ കണ്ടുവെങ്കിലും വിദഗ്ധമായ പരിശോധനയോ അന്വേഷണമോ നടത്താന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ തയാറായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പനി ഭേദമാകാതെ വന്നതോടെ താലൂക്ക് ആശുപത്രിയില്‍ നിന്ന് സാബിത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഒരാഴ്ച അവിടെ കഴിഞ്ഞ രോഗിക്ക് പനിയുടെ ഗൗരവം കണക്കിലെടുക്കാതെയുള്ള സാധാരണ പരിഗണനയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ലഭിച്ചത്. താലൂക്ക് ആശുപത്രിയില്‍ നിന്ന് ആവശ്യമായ വിവരങ്ങള്‍ കൈമാറാനോ, രോഗത്തിന്റെ തീവ്രത ബോധ്യപ്പെടുത്താനോ ആരോഗ്യ വകുപ്പ് തയാറായില്ലെന്നും ആക്ഷേപമുണ്ട്.
പനി മൂര്‍ച്ഛിച്ച് സാബിത്ത് മെയ് അഞ്ചിന് മരിച്ചപ്പോഴും വേണ്ട രീതിയിലുള്ള അന്വേഷണമോ ആവശ്യമായ മുന്‍കരുതല്‍ നടപടിയോ ഉണ്ടായില്ല. തുടര്‍ന്ന് സിവില്‍ എന്‍ജിനീയറായ സഹോദരന്‍ സ്വാലിഹിനും (26) പനി ബാധിച്ചു. മെയ് 13ന് കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്വാലിഹിന്റെ പനിയെ കുറിച്ചും കൃത്യമായി മനസിലാക്കാന്‍ കഴിയാതെ വന്നതോടെ അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ശുപത്രിയിലേക്കു മാറ്റുകയായിരുന്നു. പതിവുപോലെ പനിക്ക് ചികിത്സ നടത്തിയെങ്കിലും നേരത്തെ മരിച്ച സഹോദരന്റെ രോഗത്തെ കുറിച്ചോ ചികിത്സയെ സംബന്ധിച്ചോ യാതൊരു മുന്നറിയിപ്പും ഉണ്ടായില്ലെന്നാണ് പറയപ്പെടുന്നത്.
സ്വാലിഹ് ഇന്നലെ മരണത്തിനു കീഴടങ്ങിയപ്പോഴും പനി മരണത്തെ കറിച്ച് പഠിക്കാന്‍ ആരോഗ്യ വകുപ്പ് തയാറായിട്ടില്ല. പനി ബാധിച്ച് സ്വാലിഹിന്റെ ഭാരു്യ ആത്തിഫയും (19), പിതാവ് മുസയും ( 62 ) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വളച്ചുകെട്ടിയില്‍ മൂസയുടെ ജ്യേഷ്ഠന്‍ മൊയ്തീന്‍ ഹാജിയുടെ ഭാര്യ മറിയവും (50) അപൂര്‍വ പനിയുമായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഈ വിവരങ്ങളെല്ലാം നിഷ്‌ക്രിയരായ ആരോഗ്യ വകുപ്പ് അറിഞ്ഞുകാണുമോ എന്നതാണ് നാട്ടുകാരുടെ ചോദ്യം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."