തുണയില്ലാത്ത വയോജനങ്ങള്‍ക്ക് പഞ്ചായത്തിന്റെ കൈത്താങ്ങ്
മാവൂര്‍: സംരക്ഷിക്കാന്‍ ആരുമില്ലാത്ത വയോജനങ്ങളുടെ സംരക്ഷണത്തിന് പെരുവയല്‍ ഗ്രാമപഞ്ചായത്തിന്റെ വേറിട്ട പദ്ധതി. ഇത്തരക്കാര്‍ക്കായി വൃദ്ധസദനം ഒരുക്കുന്നതിന് പകരം വൃദ്ധസദനത്തില്‍ ലഭിക്കുന്ന സേവനങ്ങള്‍ അവരവരുടെ വീടുകളില്‍ എത്തിക്കുന്ന കൈത്താങ്ങ് പദ്ധതിക്കാണ് ഗ്രാമപഞ്ചായത്ത് തുടക്കം കുറിച്ചത്.
ഭക്ഷണം, മരുന്ന്, വസ്ത്രം, കൗണ്‍സിലിങ്, ഉല്ലാസയാത്ര എന്നിവ ഉള്‍പ്പെടുന്ന പദ്ധതി സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു തദ്ദേശ സ്ഥാപനം നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു.
സഹായത്തിന് ഉറ്റവരില്ലാത്ത 94 പേരാണ് പഞ്ചായത്തിലുള്ളത്. ഇവര്‍ക്ക് ഇനിമുതല്‍ താങ്ങായി ഗ്രാമപഞ്ചായത്തുണ്ടാകും. ഇവര്‍ ഉള്‍പ്പെടുന്ന അയല്‍സഭകളില്‍ ഇവരുടെ സംരക്ഷണത്തിന് പ്രത്യേക കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.
പഞ്ചായത്ത് സഹായത്തിന് പുറമെ ഇവരുടെ സംരക്ഷണത്തിന് ഇടപെടല്‍ നടത്തുകയാണ് കമ്മിറ്റികളുടെ ലക്ഷ്യം. ഇതിനായി ഉദാരമനസ്‌ക്കരുടെ സഹായവും ഉപയോഗപ്പെടുത്തും.
ഭക്ഷണം, വസ്ത്രം, കൗണ്‍സിലിങ്, ഉല്ലാസയാത്ര എന്നീ ആവശ്യങ്ങള്‍ക്ക് തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗിക്കുന്നതിന് നിലവിലെ മാര്‍ഗരേഖ അനുവദിക്കുന്നില്ല.
ഇതിനാല്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതി വാങ്ങിയാണ് കൈത്താങ്ങ് പദ്ധതി നടപ്പാക്കുന്നത്.
ഭക്ഷണ കിറ്റും, വസ്ത്രവും കഴിഞ്ഞ ദിവസം വിതരണം ചെയ്തു. ഉല്ലാസയാത്ര അടുത്തദിവസം നടക്കും. മക്കളില്ലാത്ത 60വയസ് കഴിഞ്ഞവര്‍, കിടപ്പിലായ രോഗികള്‍ മാത്രം മക്കളായുള്ളവര്‍, തൊഴില്‍രഹിതരായ വിധവകള്‍ മാത്രം മക്കളായുള്ളവര്‍, സ്വന്തമായി വരുമാനമില്ലാത്തവര്‍ എന്നീ നിബന്ധനകള്‍ പ്രകാരമാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്.
അങ്കണവാടി വര്‍ക്കര്‍മാരെ ഉപയോഗിച്ച് ഇതിനായി സര്‍വേ നടത്തിയിരുന്നു. പകല്‍വീട്, വൃദ്ധസദനം എന്നീ രണ്ട് പദ്ധതികള്‍ മാത്രമാണ് വയോജന സംരക്ഷണ പദ്ധതിയായി സര്‍ക്കാര്‍ മാര്‍ഗരേഖയില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍നിന്ന് വ്യത്യസ്തമായതും ഫലപ്രദവുമായ പദ്ധതി പഞ്ചായത്ത് ഭരണസമിതി സ്വന്തമായി ആവിഷ്‌കരിക്കുകയായിരുന്നു.
വയോജന സംരക്ഷണത്തിന് കൈത്താങ്ങ് മികച്ച മാതൃകയാണെന്നും കേരളത്തിലെ ഇതര തദ്ദേശസ്ഥാപനങ്ങള്‍ അടുത്ത വാര്‍ഷിക പദ്ധതിയില്‍ ഇത്തരം പദ്ധതി തയ്യാറാക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് വൈ.വി ശാന്ത അധ്യക്ഷയായി.
അഡ്വ.പി.ടി.എ റഹീം എം.എല്‍.എ വസ്ത്രവിതരണം നിര്‍വഹിച്ചു. കലീം കുറ്റിക്കാട്ടൂര്‍ ക്ലാസെടുത്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, രജനി തടത്തില്‍, ജുമൈല കുന്നുമ്മല്‍, സഫിയ മാക്കിനിയാട്ട്, സുബിത തോട്ടാഞ്ചേരി, പി.കെ.ഷറഫുദ്ദീന്‍, ടി.എം ചന്ദ്രശേഖരന്‍, സി.ടി സുകുമാരന്‍, ആര്‍.വി ജാഫര്‍, മിനി ശ്രീകുമാര്‍, സി. മാധവദാസ്, ടി.പി.മുഹമ്മദ്, കെ. കൃഷ്ണന്‍കുട്ടി, കെ. രാധാകൃഷ്ണന്‍, എ.കെ വിശ്വനാഥന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."