മുടങ്ങിയ സാമൂഹിക പെന്‍ഷന്‍ പുനഃസ്ഥാപിക്കാന്‍ നടപടിയാരംഭിച്ചു
കല്‍പ്പറ്റ: കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി സാമൂഹികക്ഷേമ പെന്‍ഷന്‍ ലഭിക്കാതെ പോയവര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഒരു വര്‍ഷമായി തടഞ്ഞു വെച്ചിരുന്ന ഗുണഭോക്താക്കളുടെ ഡാറ്റാഎന്‍ട്രി നടത്താന്‍ സംസ്ഥാന ധനകാര്യ ജോയിന്റ് സെക്രട്ടറിയാണ് പഞ്ചായത് സെക്രട്ടറിമാര്‍ക്ക് അനുമതി നല്‍കിയത്.
സംസ്ഥാനത്ത് ഇത്തരത്തില്‍ ആയിരക്കണക്കിന് അര്‍ഹരായ ഗുണഭോക്താക്കള്‍ പെന്‍ഷന് വേണ്ടി പഞ്ചായത്ത് ഓഫിസ് കയറിയിറങ്ങുന്നുണ്ട്. 2017 ജൂലെ 31ന് സംസ്ഥാനത്ത് സാമൂഹികക്ഷേമ പെന്‍ഷനുകള്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഡാറ്റാബേസില്‍ പരിഷ്‌കരണം നടത്തി നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇത് പ്രകാരമുള്ള ക്ഷേമപെന്‍ഷനുകളാണ് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഡാറ്റാ എന്‍ട്രി നടത്തിയപ്പോള്‍ സത്യവാങ്മൂലം നല്‍കാത്തതുള്‍പ്പടെയുള്ള പലകാരണങ്ങളാല്‍ കൃത്യമായി വിവരങ്ങള്‍ ഡാറ്റാബേസില്‍ രേഖപ്പെടുത്താതെ പോയ യഥാര്‍ഥ ഗുണഭോക്താക്കള്‍ക്ക് ഈ കാലയളവിന് ശേഷം പെന്‍ഷന്‍ ലഭിച്ചിരുന്നില്ല.
വെള്ളമുണ്ട പഞ്ചായത്തില്‍ മാത്രം ഇത്തരത്തില്‍ 496 പേര്‍ക്ക് പെന്‍ഷന്‍ തടയപ്പെട്ടിട്ടുണ്ട്. ജില്ലയിലെ മറ്റു പഞ്ചായത്തുകളിലും ഇത്തരത്തില്‍ പട്ടികയില്‍ നിന്നും പുറത്തായവരുണ്ട്. ഇത്തരം യഥാര്‍ഥ ഗുണഭോക്താക്കള്‍ക്ക് ഡാറ്റാ എന്‍ട്രി നടത്തി ഡാറ്റാബേസില്‍ തിരുത്തല്‍ നടത്തുന്നതിനാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. സത്യവാങ് മൂലം സമര്‍പിക്കാത്തവര്‍ക്ക് 15 ദിവസത്തെ സാവകാശമാണ് ലഭിക്കും.
ജൂണ്‍ അഞ്ചിനുള്ളില്‍ ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. ഇതോടൊപ്പം മാനദണ്ഡങ്ങള്‍ പ്രകരാം അനര്‍ഹരെന്ന് കണ്ടെത്തിയവരെ ഡാറ്റാബേസില്‍ നിന്നും നീക്കം ചെയ്യാനും നിര്‍ദേശമുണ്ട്. ഒരിക്കല്‍ അനര്‍ഹരെന്ന് കണ്ടെത്തിയവരെ യാതൊരു കാരണവശാലും ഡാറ്റാബേസില്‍ തിരികെ ചേര്‍ക്കരുതെന്നും നിര്‍ദേശത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."