കല്‍പ്പറ്റ നഗരസഭാ ബജറ്റ് പാര്‍പ്പിടം, കാര്‍ഷികം, മാലിന്യസംസ്‌കരണം എന്നിവക്ക് മുന്‍ഗണന
കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭാ ബജറ്റില്‍ പാര്‍പ്പിടം, കാര്‍ഷികം, മാലിന്യസംസ്‌കരണം എന്നിവക്ക് മുന്‍ഗണന. കുടിവെള്ളത്തിനും ബജറ്റില്‍ പരിഗണന നല്‍കിയിട്ടുണ്ട്. 191,26,67,000 രൂപ വരവും, 190,73,54,100 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് മുനിസിപ്പല്‍ വൈസ്‌ചെയര്‍മാന്‍ പി.പി ആലി അവതരിപ്പിച്ചു. വികസന രംഗത്തും, സാധാരണക്കാരെ സഹായിക്കുന്നതുമാണ് ബജറ്റെന്ന് ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി, വൈസ്‌ചെയര്‍മാന്‍ പി.പി ആലി, ക്ഷേമകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.പി ഹമീദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്ലാ മേഖലകള്‍ക്കും, എല്ലാ വിഭാഗങ്ങള്‍ക്കും വികസനം എത്തിക്കുന്നതാണ് ബജറ്റ്. ഒരു കോടി രൂപ ചെലവില്‍ ആര്‍ദ്രം, വഴികാട്ടി, ഹരിതകേരളം, സമഗ്ര വിദ്യാഭ്യാസ പദ്ധതികളും നടപ്പാക്കും. നഗര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് ഊന്നല്‍ നല്‍കി 3.5 കോടിയുടെ അയ്യങ്കാളി പദ്ധതി നടപ്പാക്കും.
അമ്പിലേരി, മരവയല്‍ കളിക്കളങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ ആധുനിക സ്‌റ്റേഡിയങ്ങളാക്കും. വിത്തുബാങ്ക് സംരക്ഷണത്തിലൂടെ വിത്തുകളുടെ സംരക്ഷണത്തിന് പദ്ധതിയൊരുക്കും. എം.എസ്.എസ് ബിജു ബോട്ടാണിക്കല്‍ ഗാര്‍ഡനിലെ കുട്ടികളുടെ പാര്‍ക്കിന് രണ്ടുകോടി രൂപ വകയിരുത്തി. കല്‍പ്പറ്റ നഗരസഭാ പ്രദേശം കാര്‍ബണ്‍ ന്യൂട്രണ്‍ ആക്കുന്നതിനായി വൃക്ഷാവരണം കൂട്ടുന്നതിനുള്ള ഹരിതവല്‍ക്കരണ പദ്ധതിക്ക് ആറുലക്ഷവും, കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ 14.5 കോടി ചെലവില്‍ പവര്‍ ഡെവലപ്പ്‌മെന്റ് സ്‌കീം നടപ്പാക്കും. ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ പവര്‍കട്ടും, വോള്‍ട്ടേജ് ക്ഷാമവും ഇല്ലാത്ത കല്‍പ്പറ്റയെന്നതാണ് ലക്ഷ്യം. കല്‍പ്പറ്റയെ വികസിത നഗരമാക്കി മാറ്റുന്നതിനും, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ബജറ്റ് ലക്ഷ്യവെക്കുന്നതായി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാന്മാരായ അഡ്വ. ടി.ജെ ഐസക്, ബിന്ദുജോസ്, കെ അജിത, സെക്രട്ടറി കെ.ജി രവീന്ദ്രന്‍ എന്നിവരും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."