പൊന്നാനി മറൈന്‍ മ്യൂസിയം: ആദ്യഘട്ടം സെപ്റ്റംബര്‍ 20നകം പൂര്‍ത്തിയാക്കും
പൊന്നാനി: മറൈന്‍ മ്യൂസിയത്തിന്റെ ഒന്നാംഘട്ട നിര്‍മാണ പ്രവൃത്തികള്‍ സെപ്റ്റംബര്‍ 20നകം പൂര്‍ത്തീകരിക്കും. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി ഒന്‍പത് കോടി രൂപയുടെ നിര്‍മാണ പ്രവൃത്തികള്‍ക്കും രൂപമായി. മറൈന്‍ മ്യൂസിയം നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
കടലിനടിയിലെ അത്ഭുത ദൃശ്യങ്ങളെ അതേരീതിയില്‍ മ്യൂസിയത്തില്‍ അവതരിപ്പിക്കുന്ന 16 ഡി ദൃശ്യചാരുതയോടെയുള്ള അക്വാറിയമാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ ടണല്‍ വാക്കിനുള്ള സൗകര്യവും കടല്‍ ഗതാഗതവും ചരിത്രവുമായി ബന്ധപ്പെട്ട പുരാതനരേഖകള്‍ സൂക്ഷിക്കുന്ന മ്യൂസിയവും രണ്ടാം ഘട്ടത്തിലുണ്ട്. ഒന്‍പത് കോടി രൂപ ചെലവു വരുന്ന രണ്ടാംഘട്ടത്തില്‍ ആദ്യപടിയായി 4.9 കോടി രൂപയുടെ പ്രവൃത്തികളാണ് നടത്തുക.
ചമ്രവട്ടം പ്രോജക്ട് ഓഫിസിനോട് ചേര്‍ന്ന ഭാരതപ്പുഴയോരത്ത് നിര്‍മിക്കുന്ന മ്യൂസിയത്തിന്റെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 5.30 കോടി രൂപയാണ് ചെലവ്. 4.30 കോടി രൂപ ടൂറിസം വകുപ്പും ഒരു കോടി രൂപ എം.പി ഫണ്ടില്‍ നിന്നാണ് അനുവദിച്ചത്. രാജ്യത്തെ തന്നെ ഏറ്റവും ശ്രദ്ധേയമായ സംരംഭമെന്ന നിലയിലാണ് പൊന്നാനിയില്‍ മറൈന്‍ മ്യൂസിയം വിഭാവനം ചെയ്തിട്ടുള്ളത്. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ അമിത് മീണ, ഡി.ടി.പി.സി സെക്രട്ടറി ബിനീഷ് കുഞ്ഞപ്പന്, പൊന്നാനി എം.പിയുടെ പ്രതിനിധി, മറ്റ് വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."