മങ്കട കരിമലയില്‍ ഭൂമിക്ക് വിള്ളല്‍; ഭീതി വേണ്ടെന്നു ജിയോളജി വകുപ്പ്
മങ്കട: കോട്ടയ്ക്കല്‍ പെരുമണ്ണക്ലാരിയില്‍ ഭൂമി പിളരുന്ന പ്രതിഭാസത്തിനു പിന്നാലെ മങ്കടയിലും വിള്ളല്‍ ഭീതി. മങ്കട കരിമല ചക്കിങ്ങത്തൊടി അനീസിന്റെ വീട്ടുവളപ്പിലാണ് വിള്ളല്‍ കണ്ടെത്തിയത്.
പാലക്കത്തടം-വലമ്പൂര്‍ റോഡിലെ കരിമലയിലാണ് സംഭവം. കഴിഞ്ഞ സെപ്റ്റംബറിലെ മഴയില്‍ വലിയതോതില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കുടുംബം താമസം മാറ്റി. കഴിഞ്ഞവര്‍ഷം വിണ്ടുകീറിയ ഭാഗത്താണ് വിണ്ടും വിള്ളല്‍ കണ്ടെത്തിയത്.
എന്നാല്‍ ഭയപ്പെടാനില്ലെന്നാണ് ജിയോളജി വകുപ്പ് അധികൃതര്‍ അറിയിച്ചത്. മണ്ണ് കിളച്ച് ഭൂമിയുടെ ഭാരം കുറച്ചാല്‍ മതിയെന്നാണ് അവര്‍ പരിഹാരം നിര്‍ദേശിച്ചത്. എന്നാല്‍ പെരുമണ്ണ ക്ലാരിയിലെ ഭൂമി പിളരല്‍ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും വിള്ളല്‍ കണ്ടത് ആശങ്ക വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
ക്രമേണ വിള്ളല്‍ വലുതാകുന്നതായി വീട്ടുടമ പറയുന്നു. കുന്നിന്‍പുറം പ്രദേശത്ത് കോണ്‍ക്രീറ്റ് വീടിനു സമീപഭാഗത്താണ് വിള്ളല്‍. ദുര്‍ബലമായ മണ്ണ് കനത്ത മഴയില്‍ ഭാരം താങ്ങാതെ താഴേക്ക് പോയെന്നായിരുന്നു ജിയോളജി വകുപ്പ് അധികൃതരുടെ പരിശോധനയിലെ കണ്ടെത്തല്‍.
ചരിഞ്ഞ കുന്നിന്‍ പ്രദേശമായതിനാല്‍ വീടിന്റെ പിറകു വശത്തെ ഉയരത്തിലുള്ള ഭാഗത്തെ മണ്ണ് നാലടിയോളം മാറ്റാന്‍ നിര്‍ദ്ദേശിച്ചതിനെതുടര്‍ന്ന് മരങ്ങള്‍ വെട്ടിമാറ്റി മണ്ണ് നിരപ്പാക്കിയിരുന്നു. വിള്ളല്‍ വലുതാകുന്നത് കുടുംബത്തെയും പ്രദേശത്തെയും ഭീതിയിലാഴ്ത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."