ഇ-പോസ് മെഷിനുകള്‍ 'പോസ്റ്റാക്കി'
ചങ്ങരംകുളം: റേഷന്‍ വിതരണം സുതാര്യമാക്കുന്നത്തിന്റെ ഭാഗമായി കൊണ്ടുവന്ന ഇ-പോസ് മെഷിനുകള്‍ സംസ്ഥാനതല റേഷന്‍ കംപ്യൂട്ടര്‍വല്‍ക്കരണ പ്രഖ്യാപന ദിവസമായ ഇന്നലെ ജില്ലയില്‍ രണ്ട് മണിക്കൂറോളം പ്രവര്‍ത്തിച്ചില്ല. പലയിടത്തും രാവിലെ എട്ടുമുതല്‍ റേഷന്‍ കടകളില്‍ നീണ്ട നിരയായിരുന്നു.
ഇ-പോസ് മെഷിനുകള്‍ സ്ഥാപിച്ച നാള്‍ മുതലേ പലഭാഗത്ത്‌നിന്നും ഏറെ പരാതികളാണ് ഉയര്‍ന്നുവന്നിരുന്നത്. എന്നാല്‍ പ്രവര്‍ത്തനം നിലക്കാനുള്ള കാരണം ഡീലര്‍മാര്‍ക്ക് വ്യക്തമാക്കാന്‍ കഴിയാതെവന്നത് ഉപഭോക്താക്കളില്‍ നിന്ന് പഴി കേള്‍ക്കേണ്ട സ്ഥിതിയുണ്ടാക്കി.
രണ്ട് മണിക്കൂറിന് ശേഷം എല്ലായിടത്തും മെഷിനുകള്‍ പ്രവര്‍ത്തനസജ്ജമായെങ്കിലും തുടര്‍ന്നും മെഷിനുകള്‍ക്ക് ഇത്തരം പണിമുടക്കുകള്‍ ഉണ്ടാകുമോ എന്ന ആശങ്ക ഉപയോക്താക്കളിലും ഡീലര്‍മാരിലുമുണ്ട് . നിലവില്‍ വൈദ്യുതി ഇല്ലെങ്കില്‍ ഇന്റര്‍നെറ്റ് ലഭിക്കാത്ത സാഹചര്യങ്ങള്‍ ജില്ലയില്‍ പലയിടത്തുമുണ്ട്. ഡീലര്‍മാര്‍ സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാതെ വേഗത ഇല്ലാത്തതും കുറഞ്ഞ ചെലവില്‍ ലഭിക്കുന്നതുമായ സ്വകാര്യ കേബിള്‍ ടി.വി നല്‍കുന്ന ഇന്റര്‍നെറ്റ് കണക്ഷനുകളും മറ്റു മൊബൈല്‍ സേവന ദാതാക്കളില്‍ നിന്നുള്ള കണക്ഷനും ഉപയോഗിക്കുന്നതിനാലാണ് ഇടക്കിടെ തടസമുണ്ടാകുന്നതെന്ന് ആക്ഷേപമുണ്ട്.
എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശം പൂര്‍ണമായും പാലിച്ചാണ് മെഷിനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതെന്നും ഇടക്കിടെ ഉണ്ടാകുന്ന തടസങ്ങള്‍ സര്‍ക്കാരിന്റെ സാങ്കേതികതടസം മൂലമാണെന്നുമാണ് ജില്ലയിലെ ഡീലര്‍മാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."