ഇന്ന് അന്താരാഷ്ട്ര വനദിനം
മാനന്തവാടി: കാടിന്റെ മഹത്വം ഓര്‍മപ്പെടുത്തിക്കൊണ്ട് മറ്റൊരു അന്താരാഷ്ട്ര വനദിനം കൂടി കടന്നു വരുമ്പോള്‍ കാട് സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ വേണ്ടത്ര ഫലപ്രദമാവുന്നില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
വിവിധ കാലങ്ങളിലായി വനം കൈയ്യേറിയ കൈയ്യേറ്റക്കാരെ കാടില്‍ നിന്നും ഒഴിപ്പിക്കാന്‍ ഹൈക്കോടതി നല്‍കിയ നിര്‍ദേശം പോലും കേവലം നോട്ടീസുകള്‍ നല്‍കി കണ്ണില്‍ പൊടിയിട്ട് അവസാനിപ്പിക്കുന്ന രീതിയിലാണ് വനസംരക്ഷണ വകുപ്പിന്റെ നടപടികള്‍.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ജില്ലയിലെ രണ്ടു വനം ഡിവിഷനുകളിലായി 1739 ഹെക്ടര്‍ ഭൂമി കൈയ്യേറിയിട്ടുണ്ടെന്നാണ് കണക്കുകള്‍. നോര്‍ത്ത് വയനാട് ഡിവിഷനില്‍ 369.74 ഹെക്ടറും സൗത്ത് വയനാട് ഡിവിഷനില്‍ 1369.29 ഹെക്ടര്‍ ഭൂമിയുമാണ് കൈയ്യേറിയത്. ഇത് പലസമയങ്ങളിലായി വന്‍കിടക്കാരും ചെറുകിടക്കാരം മുഖ്യധാര രാഷ്ട്രീയക്കാരുടെ നേതൃത്വത്തില്‍ ആദിവാസികളും കൈയ്യേറിയിട്ടുള്ളതാണ്.
എന്നാല്‍ 2015 സെപ്റ്റംബര്‍ നാലിന് ഉണ്ടായ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ 1977ന് ശേഷം കൈയ്യേറിയ വനഭൂമികള്‍ തിരിച്ചു പിടിക്കുന്നതിനായി വനംവകുപ്പ് 2016 ഒക്ടോബറില്‍ ചില നീക്കങ്ങള്‍ നടത്തി.
1957ലെ വന സംരക്ഷണ നിയമത്തിന്റെയും 1961ലെ വന നിയമപ്രകാരവുമായിരുന്നു നടപടികളാരംഭിച്ചത്. വനം അഡീഷണല്‍ പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്ററെ നോഡല്‍ ഓഫിസറായി നിയമിച്ചു കൊണ്ടായിരുന്നു നീക്കങ്ങള്‍ ആരംഭിച്ചത്.
സംസ്ഥാനത്താകെ ഇത്തരത്തില്‍ 7900 ഹെക്ടര്‍ കൈയ്യേറ്റഭൂമി ഉണ്ടെന്നാണ് പ്രാഥമിക കണക്ക്. വയനാട്ടില്‍ രണ്ട് ഡിവിഷനുകളിലായി 1142 ഹെക്ടര്‍ കൈയ്യേറ്റങ്ങള്‍ 1977ന് ശേഷം നടന്നിട്ടുണ്ടെന്നായിരുന്നു നിഗമനം. വനം വകുപ്പില്‍ വന്നുചേര്‍ന്ന ഇ.എഫ്.എല്‍, നിക്ഷിപ്ത ഭൂമികളിലെ കൈയ്യേറ്റമുള്‍പ്പെടെയാണിത്.
വനഭൂമിയില്‍ നിന്നും ഒഴിയാന്‍ ഏഴുമുതല്‍ പതിനഞ്ചു ദിവസം വരെ സമയം അനുവദിച്ചുകൊണ്ട് കൈയ്യേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കുകയാണുണ്ടായത്. ഇതിനുശേഷം ഇവര്‍ ഒഴിയുന്നില്ലെങ്കില്‍ നിയമനടപടികളുമായി നീങ്ങാനായിരുന്നു തീരുമാനം. എന്നാല്‍ ഹൈക്കോടതിക്ക് മുന്‍പാകെ വനംവകുപ്പ് സ്വീകരിച്ച നടപടി വിശദീകരിക്കാന്‍ നോട്ടീസ് നല്‍കിയതൊഴിച്ചാല്‍ ആറ് മാസം കഴിഞ്ഞിട്ടും തുടര്‍ നടപടികളുണ്ടായിട്ടില്ല.
വനംവകുപ്പിന്റെ ഭാഗത്ത് നിന്നും നീക്കങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ വനഭൂമിയില്‍ കുടില്‍ കെട്ടി നാമമാത്രസമരം നടത്തിവരുന്ന ആദിവാസി സംഘടനകളുള്‍പ്പെടെ പ്രതിരോധവുമായി രംഗത്ത് വന്നിരുന്നു. ഇതോടെ ഒഴിപ്പിക്കല്‍ നടപടി അവസാനിപ്പിച്ച് വനം വകുപ്പ് താല്‍ക്കാലികമായി ഫയല്‍ അടച്ചു വക്കുകയും ചെയ്തു.
എന്നാല്‍ വിലകൊടുത്ത് വാങ്ങിയ കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി വനമാണെന്ന് പറഞ്ഞ് ഒരു കുടുംബത്തെ മുഴുവന്‍ വഴിയാധാരമാക്കിയതും ഈ വനംവകുപ്പ് തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."