ജലസേചന വകുപ്പ് മന്ത്രി അറിയണം; പ്രവൃത്തി നിലച്ച ബാവിക്കര സ്ഥിരം തടയണ നോക്കുകുത്തിയായി
ബോവിക്കാനം: കാസര്‍കോട് നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കാലങ്ങളായി അനുഭവിക്കുന്ന ശുദ്ധജല ക്ഷാമത്തിനു ശാശ്വത പരിഹാരം കാണുന്നതിനു വേണ്ടി വര്‍ഷങ്ങള്‍ക്കുമുന്‍പ് ജല അതോറിറ്റി പയസ്വിനി പുഴയിലെ ആലൂര്‍ മുനമ്പില്‍ നിര്‍മാണം ആരംഭിച്ച സ്ഥിരം തടയണ പാതിവഴിയില്‍. കാസര്‍കോട്ടുകാര്‍ ഉപ്പുവെള്ളം കുടിക്കാതിരിക്കാന്‍ ഈ വര്‍ഷവും ലക്ഷങ്ങള്‍ ചെലവഴിച്ച് താല്‍ക്കാലിക തടയണ നിര്‍മിച്ചെങ്കിലും ആദ്യ വേനല്‍മഴയില്‍ തന്നെ അതു തകരുകയായിരുന്നു. ഇടക്കിടെ വേനല്‍മഴ ലഭിച്ചതിനാല്‍ പുഴയില്‍ നീരൊഴുക്കു നിലച്ചില്ല. അതുകൊണ്ടു തന്നെ മുന്‍വര്‍ഷങ്ങളെ പോലെ ഇതുവരെയായി ഉപ്പുവെള്ളം കുടിക്കേണ്ടി വന്നിട്ടില്ല.
സാങ്കേതിക കുരുക്കില്‍ തട്ടിയാണു തടയണയുടെ പ്രവൃത്തി നീണ്ടുപോകുന്നത്. 26 കോടിയുടെ പദ്ധതിയാണ് സ്ഥിരം തടയണ നിര്‍മാണത്തിനു സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഏറ്റവും ഒടുവില്‍ കരാറില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ആരോപിച്ച് ഒരു കരാറുകാരന്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് പ്രവൃത്തി നീണ്ടുപോകുന്നത്.
മുടങ്ങിക്കിടക്കുന്ന തടയണ നിര്‍മാണം പുനരാരംഭിക്കുന്നതിനായി എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നതിനു ശേഷം മന്ത്രിതലത്തില്‍ ചര്‍ച്ച നടത്തുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ ഡിസൈന്‍ തയാറാക്കുന്നതിനു വേണ്ടി വിദഗ്ധ സമിതിയെ നിയോഗിക്കുകയുമുണ്ടായി. ഇതേ തുടര്‍ന്ന് പദ്ധതി പ്രദേശത്ത് വിദഗ്ധ സമിതി വിശദമായി നടത്തിയ പരിശോധനയ്ക്കു ശേഷം പുതിയ ഡിസൈനും എസ്റ്റിമേറ്റും തയാറാക്കി സമര്‍പ്പിക്കുകയും ചെയ്തു.
ബജറ്റില്‍ 27.75 കോടി രൂപ ഇതിനായി അനുവദിക്കുകയും ചെയ്തു. രണ്ടുമാസം മുന്‍പ് ടെന്‍ഡര്‍ നടപടികളുടെ മുന്നോടിയായുള്ള ഫ്രീ കോളിഫിക്കേഷന്‍ ടെന്‍ഡറും കഴിഞ്ഞു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മാര്‍ച്ച് പകുതിയോടെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പറഞ്ഞതെങ്കിലും ഇതുവരെയായും തുടര്‍ നടപടികളായിട്ടില്ല. ഇനി അടുത്ത വേനല്‍ കാലത്തെങ്കിലും തടയണയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് കാസര്‍കോട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."