വനംവകുപ്പിനെതിരേ രൂക്ഷ വിമര്‍ശനവുമായി മലയോര കര്‍ഷകര്‍ രംഗത്ത്
നിലമ്പൂര്‍: വന്യമൃഗശല്യം രൂക്ഷമായ നിലമ്പൂര്‍ മേഖലയില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് വനം വകുപ്പ് മുഖം തിരിക്കുന്നുവെന്ന ആരോപണവുമായി കര്‍ഷകര്‍ രംഗത്ത്. വനം വകുപ്പ് കര്‍ഷകരോട് കാണിക്കുന്ന അവഗണനക്ക് പരിഹാരം ഉണ്ടായില്ലെങ്കില്‍ കൃഷി പൂര്‍ണമായും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമാവുമെന്ന് കര്‍ഷകര്‍ പറയുന്നു.
കാട്ടാനകകളും കാട്ടുപന്നികളുമടക്കം കൃഷിയിടങ്ങളില്‍ നാശം വിതക്കുമ്പോള്‍ നഷ്ടപരിഹാരത്തുക നല്‍കാതെയും കൃഷിയിടങ്ങള്‍ക്ക് സംരക്ഷണം നല്‍കാതെയും വനം വകുപ്പ് ഉരുണ്ടുകളിക്കുകയാണെന്നാണ് ഇവരുടെ ആക്ഷേപം. ലക്ഷങ്ങള്‍ മുടക്കി കൃഷിയിടങ്ങള്‍ക്കു ചുറ്റും സോളാര്‍ വേലികള്‍ പലകര്‍ഷകരും നിര്‍മിച്ചിരുന്നെങ്കിലും ആന അടക്കമുള്ള വന്യമൃഗങ്ങള്‍ ഇത് നശിപ്പിക്കുകയാണ്. ഇതിന്റെ നഷ്ടപരിഹാരംപോലും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല.
ചുങ്കത്തറ സ്വദേശിയും മരുതയില്‍ കമുക്, വാഴ കൃഷികള്‍ നടത്തി വരുകയും ചെയ്യുന്ന ഊരോത്ത് സിബി സിറിയക്ക് വനം വകുപ്പിന്റെ കരുണക്കായി 2012മുതല്‍ വഴിക്കടവ് റെയ്ഞ്ച് ഓഫിസില്‍ കയറിയിറങ്ങുകയാണ്. 2012 മുതല്‍ 17 വരെയുള്ള കാലയളവില്‍ സിബിയുടെ ആയിരക്കണക്കിന് വാഴകളും മൂന്നും നാലും വര്‍ഷം പ്രയമുള്ള ആയിരത്തോളം കമുകുകളും കാട്ടാനകളും കാട്ടു പന്നികളും കയറി നശിപ്പിച്ചു കഴിഞ്ഞു.
കൃഷി നാശത്തിന് തുക നല്‍കിയില്ലെങ്കിലും തന്റെ സോളാര്‍ വൈദ്യുതി വേലി പുനരാരംഭിക്കാനെങ്കിലും സഹായം നല്‍കണമെന്നാണ് ഈ കര്‍ഷകന്റെ ആവശ്യം. 4.23 ലക്ഷം രൂപ വിവിധ ബാങ്കുകളിലായി കൃഷിയാവശ്യത്തിന് വേണ്ടിയെടുത്ത ലോണ്‍ തിരിച്ചടക്കാനുണ്ട്. വന്യമൃഗങ്ങള്‍ നശിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ക്ക് നാമമാത്ര തുകയാണ് നഷ്ടപരിഹാരമെന്ന നിലയില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഇതുതന്നെ ലഭിക്കണമെങ്കില്‍ നൂലാമാലകള്‍ ഏറെയാണ്. അതിനാല്‍തന്നെ കര്‍ഷകര്‍ നഷ്ടപരിഹാരത്തിന് അപേക്ഷയുമായി വനം വകുപ്പ് ഓഫിസുകളില്‍ എത്തുന്നത് നാമമാത്രമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."