യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം: ടാഗോറില്‍ നറുക്കെടുപ്പ് വഴിയുള്ള പ്രവേശനം മാറ്റി
തളിപ്പറമ്പ്: ടാഗോര്‍ വിദ്യാനികേതന്‍ സ്‌കൂളില്‍ നറുക്കെടുപ്പ് വഴി അഡ്മിഷന്‍ നടത്താനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തളിപ്പറമ്പ് ഡി.ഇ.ഒ ഓഫിസ് ഉപരോധിച്ചു. കഴിഞ്ഞ ദിവസം കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്‌കൂള്‍ ഉപദേശകസമിതി യോഗത്തിലായിരുന്നു നറുക്കെടുപ്പിലൂടെ കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍ തീരുമാനിച്ചത്. 21ന് നറുക്കെടുപ്പ് നടത്താനുളള തീരുമാനം വന്നയുടനെ തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് പ്രവര്‍ത്തകര്‍ തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഡി.ഇ.ഒ ഓഫിസിലേക്ക് ഇരച്ചു കയറിയത്. പൊലിസ് തടഞ്ഞതോടെ ഓഫിസിന് മുന്നില്‍ ഉന്തും തള്ളുമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാഹുല്‍ ദാമോദരന്‍, വി. രാഹുല്‍ എന്നിവരുമായി ഡി.ഇ.ഒ ഇന്‍ചാര്‍ജ് എ. സതീഷ് കുമാര്‍ നടത്തിയ ചര്‍ച്ചയില്‍ നറുക്കെടുപ്പ് നടത്താനുളള തീരുമാനം തല്‍ക്കാലത്തേക്ക് മാറ്റിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രജിത്ത് റോഷന്‍, ഇര്‍ഷാദ്, സായൂജ് കൃഷ്ണന്‍, രഞ്ജിത്ത്, ഹരീഷ്, ക്ലീറ്റസ് ജോസ്, പി. രാജീവന്‍ എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി. ടാഗോറില്‍ പ്രവേശനപരീക്ഷയിലൂടെ കുട്ടികളെ പ്രവേശിച്ചുവരുന്നത് ഒഴിവാക്കണമെന്ന് പരാതി നല്‍കിയ ശാസ്ത്രസാഹിത്യ പരിഷത്തും പുതിയ തീരുമാനത്തിനെതിരേ രംഗത്തുവന്നു. നറുക്കെടുപ്പിലൂടെ പ്രവേശനം നടത്താനുള്ള തീരുമാനം അയല്‍പക്ക സ്‌കൂള്‍ എന്ന വിദ്യാഭ്യാസാവകാശ നിയമവും കോത്താരി കമ്മിഷന്‍ റിപ്പോര്‍ട്ടും ഉയര്‍ത്തുന്ന കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധമാണെന്നും ജനവിരുദ്ധമായ ഈ തീരുമാനം തിരുത്തണമെന്നും പരിഷത്ത് തളിപ്പറമ്പ് മേഖലാ കമ്മറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."