ഹൗറ മോഡല്‍ പാലം; പ്രാഥമിക നടപടികള്‍ ആരംഭിച്ചു വാഹന ഗതാഗതം സാധ്യമാകും
പൊന്നാനി: കൊല്‍ക്കത്തയിലെ ഹൗറ മോഡല്‍ മാതൃകയില്‍ പൊന്നാനിയില്‍ വരുന്ന സസ്‌പെന്‍ഷന്‍ പാലം നിര്‍മ്മാണത്തിന്റെ മുന്നോടിയായുള്ള പ്രാഥമിക നടപടികള്‍ തുടങ്ങി. വാഹനങ്ങള്‍ക്ക് കടന്നുപോകാവുന്ന തരത്തില്‍ സംസ്ഥാനത്തെ ആദ്യത്തെ തൂക്കുപാലം കൂടിയാണിത്.
പൊന്നാനി ഹാര്‍ബറിനെയും പടിഞ്ഞാറെക്കരയെയും ബന്ധിപ്പിച്ച് നിര്‍മിക്കുന്ന പാലത്തിന്റെ പ്രായോഗിക വശങ്ങള്‍ ചര്‍ച്ചചെയ്യാനായി ഇന്നലെ ഉന്നതതല ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം ചേര്‍ന്നു. ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പിലെയും ഇറിഗേഷന്‍ വകുപ്പിലെയും തുറമുഖ വകുപ്പിലെയും പി.ഡബ്ലിയു.ഡി യിലെയും റോഡ് ആന്റ് ബ്രിഡ്ജ് വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരാണ് സ്പീക്കര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത്.പൊന്നാനിയിലൂടെ കടന്നുപോകുന്ന തീരദേശ പാതയുമായും കര്‍മ്മ റോഡുമായും തൂക്കുപാലത്തെ ബന്ധിപ്പിക്കും. ടൂറിസം മേഖലയില്‍ വന്‍ വികസനമാണ് ഇതിലൂടെ സാധ്യമാവുക.
പാലത്തിന്റെ പ്രവേശന കവാടത്തില്‍ വിവിധ നിലകളിലായി റസ്റ്റോറന്റ് ,വ്യൂ പോയന്റ് ,ഫിഷിംഗ് ഡെക്ക് അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കും. കടലിനോട് അഭിമുഖമായി വരുന്ന ഭാഗത്ത് ടൂറിസവികസനത്തിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും. നടപ്പാതയും ഉദയാസ്തമയങ്ങള്‍ കാണാനുള്ള സൗകര്യങ്ങളും പാലത്തിലൊരുക്കും. പാലത്തിന്റെ വിശദമായ പദ്ധതിരേഖ സര്‍ക്കാറിന് സമര്‍പ്പിച്ച് കിഫ്ബി പാലം യാഥാര്‍ഥ്യമാക്കും. ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ പി ഡബ്ലിയു ഡി റോഡ് ആന്‍ഡ് ബ്രിഡ്ജ് സൂപ്രണ്ടിങ് എഞ്ചിനീയര്‍ വിനീതന്‍, എക്‌സിക്യുട്ടിവ് എഞ്ചിനിയര്‍ ഹരീഷ് , ഇറിഗേഷന്‍ സൂപ്രണ്ടിങ് എഞ്ചിനീയര്‍ ഫിലിപ് ,എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ മനോജ് ,ഹാര്‍ബര്‍ എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ അന്‍സാരി, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. 300 കോടി ചിലവ് വരുന്ന പാലത്തിന് കഴിഞ്ഞ ബജറ്റില്‍ 100 കോടി അനുവദിച്ചിരുന്നു.
പാലത്തിന്റെ നിര്‍മ്മാണം എത്രയും പെട്ടെന്ന് തുടങ്ങാനാണ് തീരുമാനം. അതിന്റെ മുമ്പായി സമഗ്ര സര്‍വേ റിപ്പോര്‍ട്ട് എത്രയും വേഗത്തില്‍ സര്‍ക്കാര്‍ അംഗീകാരത്തിനായി സമര്‍പ്പിക്കും. പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ മലബാറിന്റെ ടൂറിസം വികസനത്തില്‍ വന്‍ നാഴികക്കല്ലാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."