തിരൂര്‍- പൊന്നാനി പുഴയിലേക്ക് മാലിന്യമൊഴുക്ക് തടയാന്‍ നടപടിയെടുത്തില്ല
തിരൂര്‍: തിരൂര്‍- പൊന്നാനി പുഴയിലേക്ക് മാലിന്യം ഒഴുക്ക് തടയാന്‍ നടപടിയെടുത്തില്ലെന്നും പല തവണ ആവശ്യപ്പെട്ടിട്ടും കോടതി മുമ്പാകെ വിശദീകരണം നല്‍കിയില്ലെന്നും ചൂണ്ടിക്കാട്ടി ചെറിയമുണ്ടം പഞ്ചായത്ത് സെക്രട്ടറിക്കെതിരേ ദേശീയ ഹരിത ട്രിബ്യൂണലിന്റെ അറസ്റ്റ് വാറണ്ട്.
ചെന്നൈയിലെ ദേശീയ ഹരിത ട്രൈബ്യൂണല്‍ മുമ്പാകെ ഹാജരാക്കാനാണ് ഉത്തരവ്. സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ഏപ്രില്‍ 24ന് ചേരുന്ന സിറ്റിങില്‍ ഹാജരാക്കാനാണ് നിര്‍ദേശം. എന്നാല്‍ ജില്ലാ പൊലിസ് മേധാവി മുമ്പാകെ 10000 രൂപയുടെ ബോണ്ട് നല്‍കി ഏപ്രില്‍ 24ന് തന്നെ സിറ്റിങില്‍ ഹാജരാകാമെന്ന് ഉറപ്പു നല്‍കിയതിന് ശേഷം കോടതിയില്‍ ഹാജരായി ജാമ്യമെടുക്കാമെന്നും ഉത്തരവില്‍ പറയുന്നു.
ഹോട്ടലുകള്‍, ആശുപത്രികള്‍, മറ്റ് കച്ചവടസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് തിരൂര്‍ -പൊന്നാനി പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് തിരൂരിലെ പരിസ്ഥിതി പ്രവര്‍ത്തകനായ എരിഞ്ഞിക്കാട്ട് അലവിക്കുട്ടി നല്‍കിയ ഹരജിയെ തുടര്‍ന്നാണ് കോടതി നടപടി. 2014 സെപ്റ്റംബറില്‍ തിരൂര്‍ -പൊന്നാനി പുഴയിലേക്ക് ഒരു തുള്ളി മലിനജലം പോലും ഒഴുക്കരുതെന്ന ട്രിബ്യൂണലിന്റെ പ്രാരംഭ ഉത്തരവ് ലംഘിച്ചതിനാണ് നടപടി. എന്നാല്‍ ഇക്കാലയളവില്‍ പുഴയിലെ മാലിന്യത്തോത് അപകടകരമാം വിധം വര്‍ധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ട്രിബ്യൂണല്‍ വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നതായി അലവിക്കുട്ടി പറഞ്ഞു. എന്നിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് തിരൂര്‍- പൊന്നാനി പുഴ സംരക്ഷണ സമിതിയുടെ നേത്യത്വത്തില്‍ തിരൂര്‍ സബ് കലക്ടറുടെ ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തിയിരുന്നു.
പുഴയിലേക്ക് പതിവായി മാലിന്യം ഒഴുക്കുന്നതിന്റെ ദൃശ്യങ്ങളും ദിനപത്രങ്ങളിലെ ഫോട്ടോ സഹിതമുള്ള പുഴ മലിനീകരണവുമായി ബന്ധപ്പെട്ട വാര്‍ത്താശകലങ്ങളും പുഴയിലെ മാലിന്യത്തോത് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കി പുഴ മലിനീകരണത്തിന്റെ ആഘാതം കോടതിയെ ബോധ്യപ്പെടുത്തിയതിനാലാണ് കര്‍ശന നടപടിയുണ്ടായതെന്ന് അലവിക്കുട്ടി പറഞ്ഞു. തിരൂര്‍ മത്സ്യ മാര്‍ക്കറ്റില്‍ സ്ഥാപിച്ച മലിനീകരണ നിയന്ത്രണ സംവിധാനം പ്രവര്‍ത്തന ക്ഷമല്ലെന്നു കോടതി കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് തിരൂര്‍ നഗരസഭാ സെക്രട്ടറിയില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. രണ്ട് മാസത്തിനകം പ്ലാന്റ് പ്രവര്‍ത്തനക്ഷമമാക്കാനും അനുമതി പത്രം ഹാജരാക്കാനും കോടതി ഉത്തരവിട്ടു. അഭിഭാഷകരായ എ.എക്‌സ് വര്‍ഗീസ്, ജോജോ വര്‍ഗ്ഗീസ്, ശ്രീകല സുധീഷ് എന്നിവരാണ് ഹരജിക്കാരന് വേണ്ടി ഹാജരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."