കുന്നംകുളം നഗരസഭയിലെ തട്ടുകട വിവാദം: പ്രവര്‍ത്തനാനുമതി നല്‍കേണ്ടതില്ലെന്നും പിടിച്ചെടുത്ത വണ്ടികള്‍ വിട്ടുനല്‍കില്ലെന്നും ഭരണസമതി
കുന്നംകുളം : തട്ടുകട വിവാദവുമായി ബന്ധപ്പെട്ടു തട്ടുകടകള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കേണ്ടതില്ലെന്നും നടപടിയുടെ ഭാഗമായി പിടിച്ചെടുത്ത വണ്ടികള്‍ വിട്ടു നല്‍കില്ലെന്നും നഗരസഭാ ഭരണസമതി തീരുമാനിച്ചു. കൗണ്‍സില്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചു ബി.ജെ.പി അംഗങ്ങള്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. ഏറെ വിവാദമായ പട്ടാമ്പി റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന നാലു തട്ടുകടകള്‍ക്കു ഇവിടെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കേണ്ടതില്ലെന്നു കൗണ്‍സില്‍ യോഗം തിരുമാനിച്ചു. കഴിഞ്ഞ ദിവസം ഇവിടെ പ്രവര്‍ത്തിച്ചിരുന്ന തട്ടുകടകള്‍ പിടിച്ചെടുത്തിരുന്നു. ഇതു വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു ഉടമകള്‍ നല്‍കിയ അപേക്ഷ പരിഗണിക്കുന്നതിനായി ചേര്‍ന്ന അടിയന്തിര യോഗത്തിലാണു തീരുമാനം. പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടു നല്‍കേണ്ടതില്ലെന്നും ഇവിടെ തുടര്‍ന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കേണ്ടെന്നുമാണു യോഗത്തില്‍ തീരുമാനിച്ചത്. രാത്രികാലങ്ങളില്‍ തട്ടുകടയില്‍ മദ്യപിച്ചത്തുന്നവര്‍ സ്ത്രീകളെ അസഭ്യം പറയുന്നതു പതിവാണെന്നും ഇത്തരത്തില്‍ ഒരുപാടു പരാതികള്‍ നഗരസഭയില്‍ ലഭിച്ചിക്കാറുണ്ടെന്നും ചെയര്‍പേഴ്‌സണ്‍ സീതാരവീന്ദ്രന്‍ പറഞ്ഞു. മുന്‍പു അറിയിപ്പു നല്‍കുകയും പിന്നീടു ആരോഗ്യവിഭാഗം രണ്ടു തവണ ഇവിടെ നിന്നും തട്ടുകടകള്‍ നീക്കം ചെയ്യുകയുമുണ്ടായി. വീണ്ടും നഗരസഭയെ വെല്ലുവിളിച്ചുള്ള തട്ടുകട ജീവനക്കാരുടെ പ്രവര്‍ത്തനം അംഗീകരിക്കാനാകില്ലെന്നു ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സുമ ഗംഗാധരന്‍ പറഞ്ഞു. തട്ടുകടകള്‍ നീക്കം ചെയ്യുന്നതുമായി തീരുമാനമെടുക്കും മുന്‍പു തട്ടുകട ജീവനക്കാരെ നഗരസഭയില്‍ വിളിച്ചു വരുത്തി നഗരസഭ ഇതു സംബന്ധിച്ചു ബോധ്യപെടുത്തിയിരുന്നു. എന്നാല്‍ ഇതു അംഗീകരിക്കാതെയാണു ഇവരുടെ പ്രവര്‍ത്തനമെന്നും ആരോഗ്യ വിഭാഗം പറഞ്ഞു. സാധാരണക്കാരായ തട്ടുകടക്കാരോടു കള്ളന്‍മാരോടു പെരുമാറുന്നതു പോലെയാണു നഗരസഭ അധികൃതര്‍ പെരുമാറുന്നതെന്നുമാണു ബി.ജെ.പിയുടെ ആരോപണം . നഗരസഭ നല്‍കുന്ന സ്ഥലത്തേക്കു മാറാന്‍ തയ്യാറാണെന്നു തട്ടുകട ജീവനക്കാര്‍ അറിയിച്ചതാണ്. എന്നാല്‍ അതു ചെവികൊള്ളാതെ ഒരു വിഭാഗം തട്ടുകടകള്‍ മാത്രം നിര്‍ത്തലാക്കിയതാണു ബി.ജെ.പിയെ ചൊടിപ്പിച്ചത്. ഈ തീരുമാനത്തില്‍ പ്രതിഷേധിച്ചു ബി.ജെ.പി അംഗങ്ങള്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. നഗരസഭയെ വെല്ലുവിളിച്ചു ഇവിടെ നടക്കുന്നതു ഗുണ്ടായിസമാണെന്നും നഗരസഭ നിരോധനം ഏര്‍പ്പെടുത്തിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ക്കു പ്രവര്‍ത്തനാനുമതി നിഷേധിച്ചതുസ്വാഗതാര്‍ഹമാണെന്നും വിമത കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഷാജി ആലിക്കല്‍ പറഞ്ഞു. കുന്നംകുളത്തു 43 തട്ടുകടകള്‍ ഉണ്ടായിട്ടും ഇവയൊന്നും പിടിച്ചെടുക്കാതെ ഈ നാലു തട്ടുകടകള്‍ മാത്രം പിടിച്ചെടുത്തതു ഇവിടെ സാമൂഹ്യദ്രോഹികളുടെ ശല്യം രൂക്ഷമായതിനാലാണെന്നും വൈസ്‌ചെയര്‍മാന്‍ പി.എം സുരേഷ് പറഞ്ഞു. മലമൂത്ര വിസര്‍ജനം നടത്തുന്നിടത്താണു ഭക്ഷണം പാകം ചെയ്യുന്നത്. തട്ടുകടക്കെതിരെ നടപടിയെടുക്കാനെത്തിയ നഗരസഭ സെക്രട്ടറി ഉള്‍പടെയുള്ള നഗരസഭ ജീവനക്കാരെ തടഞ്ഞവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പില്‍ കേസെടുക്കണമെന്നും സി.പി.എം അംഗങ്ങള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."