ഗാന്ധിഭവന് വീണ്ടും ലുലുവിന്റെ ധനസഹായം
കൊല്ലം: പത്തനാപുരം ഗാന്ധിഭവനിലെ അഗതികള്‍ക്ക് സഹായഹസ്തവുമായി ലുലുഗ്രൂപ്പ് വീണ്ടും. റമദാന്‍ വ്രതാനുഷ്ഠാനഭാഗമായാണ് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി അഞ്ചര കോടി ധനസഹായം നല്‍കിയതെന്ന് സെക്രട്ടറി പുനലൂര്‍ സോമരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അഞ്ചുകോടി രൂപ വിനിയോഗിച്ച് അത്യാധുനികസൗകര്യങ്ങളുള്ള ബഹുനിലകെട്ടിടം നിര്‍മിക്കും. റംസാന്‍ സമ്മാനമായാണ് ബാക്കി അരക്കോടി രൂപ.
രണ്ട് വര്‍ഷം മുന്‍പ് ഗാന്ധിഭവന്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ അമ്മമാരോടൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ തന്റെ മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തിയെന്നും മക്കളുപേക്ഷിച്ച അമ്മമാരുടെ വേദന ദുഃഖകരമാണെന്നും യൂസഫലി പറഞ്ഞിരുന്നതായി സോമരാജന്‍ ചൂണ്ടിക്കാട്ടി.
കിടപ്പുരോഗികള്‍ ഉള്‍പ്പെടെ അവശതയുള്ള അമ്മമാര്‍ക്ക് എല്ലാ സൗകര്യങ്ങളോടെയും താമസിക്കാനുള്ള സംവിധാനമാണ് അഞ്ചുകോടി ചിലവില്‍ നിര്‍മിക്കുന്ന കെട്ടിടത്തിലുണ്ടാകുക. ആയിരത്തിലേറെ അന്തേവാസികളും ഇരുന്നൂറിലേറെ സേവനപ്രവര്‍ത്തകരുമാണ് ഗാന്ധിഭവനില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."