ഖരമാലിന്യ സംസ്‌ക്കരണത്തിന് നൂതന സംവിധാനവുമായി തൊടുപുഴ ബ്ലോക്ക്
തൊടുപുഴ :പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഖരമാലിന്യങ്ങളുടെ സംസ്‌കരണത്തിന് അത്യാധുനിക സംവിധാനം ഒരുക്കുകയാണ് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്. തൊടുപുഴ മണക്കാടിന് സമീപം നെടിയശാലയില്‍ 10 ലക്ഷം രൂപ ചെലവഴിച്ചാണ് മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തിന്റെ നിര്‍മ്മാണം പഞ്ചായത്ത് പൂര്‍ത്തിയാക്കിയിട്ടുള്ളത്.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൊടിച്ചെടുത്ത് സംസ്‌കരിക്കുന്ന രീതിയിലാണ് പ്ലാസ്റ്റിക് ഷെഡിങ് യൂണിറ്റിന്റെ പ്രവര്‍ത്തനം നടക്കുക. തൊടുപുഴ ബ്ലോക്കിന്റെ പരിധിയില്‍ വരുന്ന ആറു പഞ്ചായത്തുകളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റ് മുഖേന സംസ്‌കരിക്കാനാകും. ആദ്യഘട്ടത്തില്‍ പ്ലാസ്റ്റിക് കവറുകളും പ്ലാസ്റ്റിക് കുപ്പികള്‍ അടക്കമുള്ള മറ്റു മാലിന്യങ്ങളും സംസ്‌കരണത്തിനായി ശേഖരിച്ചിട്ടുണ്ട്.
കഴുകി ഉണക്കിയ പ്ലാസ്റ്റിക് കവറുകളും മറ്റും വീടുകളില്‍ നിന്ന്് നേരിട്ട് ശേഖരിച്ച് പ്ലാസ്റ്റിക് ഷെഡിങ് യൂനിറ്റിനുള്ളില്‍ തന്നെ പ്രത്യേകം സജ്ജമാക്കിയ മുറിയില്‍ സൂക്ഷിച്ച ശേഷം സംസ്‌കരിക്കുന്ന രീതിയിലാകും പ്രവര്‍ത്തനം നടക്കുക. ക്ലീന്‍ കേരള പദ്ധതിയുടെ ഭാഗമായാണ് പ്ലാസ്റ്റിക് ഷെഡിങ് യൂനിറ്റ് നിര്‍മ്മിച്ചിട്ടുള്ളത്. സംസ്‌ക്കരിച്ച് പൊടിച്ചെടുക്കുന്ന പ്ലാസ്റ്റിക്കുകള്‍ റോഡു നിര്‍മ്മാണം പോലുള്ളവക്കായി വീണ്ടും ഉപയോഗിക്കാനാകും. നിലവില്‍ പഞ്ചായത്തിലെ തന്നെ വനിതകളെയാണ് മാലിന്യ ശേഖരണത്തിനായി നിയോഗിച്ചിരിക്കുന്നത്.
വീടുകളിലെ മാനില്യങ്ങള്‍ ശേഖരിക്കുന്നതിന് ബാര്‍കോഡ് സംവിധാനത്തോടുകൂടിയ തുണി സഞ്ചികള്‍ ഓരോ കുടുംബത്തിനും നല്‍കുവാനാണ് ബ്ലോക്ക് പഞ്ചായത്തിന്റെ തീരുമാനം . പ്രത്യേകം ബാര്‍കോഡ് നല്‍കുന്നതിലൂടെ ഓരോ കുടുംബത്തില്‍ നിന്നും ലഭിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സ്വഭാവം മനസ്സിലാക്കുവാനും സാധിക്കും. ശേഷിക്കുന്ന നിര്‍മ്മാണ ജോലികള്‍കൂടി പൂര്‍ത്തിയാക്കി രണ്ടുമാസത്തിനുള്ളില്‍ സംസ്‌ക്കരണ യൂണിറ്റിന്റെ ഉദ്ഘാടനം നടത്താനാണ് പഞ്ചായത്തിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."