അഞ്ചുരുളി സൗന്ദര്യോത്സവം: ബോട്ട് സവാരിക്കു സ്‌റ്റോപ്പ് മെമ്മോ; നാട്ടുകാര്‍ വനം വകുപ്പ് ഓഫീസ് അടിച്ചുതകര്‍ത്തു
കട്ടപ്പന: അഞ്ചുരുളി സൗന്ദര്യോത്സത്തോടനുബന്ധിച്ച് ഇടുക്കി ജലാശയത്തില്‍ ഏര്‍പ്പെടുത്തിയ ബോട്ട് സവാരിക്കു വനം വന്യജീവി വകുപ്പ് സ്‌റ്റോപ്പ് മെമ്മോ നല്‍കിയത് പ്രതിഷേധത്തിനും സംഘര്‍ഷത്തിനും വഴിതെളിച്ചു. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഇടുക്കി ജലാശയത്തിലിറങ്ങി പ്രതിഷേധിക്കുകയും പിന്നീട് വനം വകുപ്പ് അയ്യപ്പന്‍കോവില്‍ റേഞ്ച് ഓഫീസ് അടിച്ചുതകര്‍ക്കുകയും ചെയ്തു. ഒടുവില്‍ മന്ത്രിതലത്തില്‍ ഇടപെടല്‍ ഉണ്ടായതോടെയാണ് പ്രതിഷേധം അവസാനിച്ചത്. ഇന്നലെ രാവിലെ മുതലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സൗന്ദര്യോത്സവത്തിലെ മുഖ്യാകര്‍ഷണമായ ഇടുക്കി ജലാശയത്തിലെ ബോട്ട് സവാരിക്കാണ് രാവിലെ ഇടുക്കി വന്യജീവി സങ്കേതം അസിസ്റ്റന്റ് വാര്‍ഡന്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയത്.
ബോട്ടിങ്ങിനായി പഞ്ചായത്തിനു ലഭിച്ച അനുമതി ഉത്തരവ് ഹാജരാക്കാത്തതിനെ തുടര്‍ന്നായിരുന്നു നടപടി. തുടര്‍ന്ന് കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോര്‍ജിന്റെ നേതൃത്വത്തില്‍ നാട്ടുകാരും സംഘാടകരും ഇടുക്കി ജലാശയത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. പിന്നീട് വാഹനങ്ങളില്‍ സമരക്കാര്‍ കാഞ്ചിയാറിലെ റേഞ്ച് ഓഫീസിലെത്തി ജനാല ചില്ലുകളും ലാപ്‌ടോപ് ഉള്‍പ്പെടെയുള്ള ഉപകരങ്ങളും തകര്‍ത്തു. സംഘര്‍ഷത്തിനിടെ ഓഫീസിലുണ്ടായിരുന്ന സെക്ഷന്‍ ഓഫീസര്‍ ഗ്രേഡ് കെ.ടി സന്തോഷിനു മര്‍ദനമേറ്റതായും പരാതിയുണ്ട്. അനുമതി ലഭിക്കുന്നതുവരെ പിന്നോട്ടില്ലെന്ന നിലപാടില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി, പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കാഞ്ചിയാര്‍ രാജന്‍, സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സി ബിജു, പഞ്ചായത്ത് അംഗംങ്ങള്‍, സി.പി.എം ലോക്കല്‍ സെക്രട്ടറി വി.വി ജോസ് എന്നിവരുടെ നേതൃത്വത്തില്‍ ഓഫീസ് പടിക്കല്‍ ഉപരോധമാരംഭിച്ചു.
ഇതിനിടെ വിഷയത്തില്‍ മന്ത്രിതലത്തില്‍ ഇടപെടല്‍ ഉണ്ടായതോടെ 31 വരെ ഇടുക്കി ജലാശയത്തില്‍ ബോട്ട് സവാരി നടത്താന്‍ അനുമതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് ഒന്നിന് ആരംഭിച്ച സമരം വൈകിട്ട് നാലോടെ അവസാനിപ്പിച്ചു.കാഞ്ചിയാര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 16 മുതലാണ് അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തില്‍ സൗന്ദര്യോത്സവം ആരംഭിച്ചത്. സവാരിക്കായി ഹൈഡല്‍ ടൂറിസത്തിന്റെ രണ്ട് ബോട്ടുകള്‍ വ്യാഴാഴ്ച അഞ്ചുരുളിയിലെത്തിച്ച് ജലാശയത്തിലിറക്കി സര്‍വീസ് നടത്തുകയും ചെയ്തിരുന്നു. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോര്‍ജാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ബോട്ടിങ് നടത്താന്‍ സര്‍ക്കാരില്‍ നിന്നു പഞ്ചായത്തിനു ലഭിച്ച അനുമതി ഹാജരാക്കാന്‍ വനം വന്യജീവി വകുപ്പ് ഒരുദിവസത്തെ സാവകാശം നല്‍കി.
എന്നാല്‍ ഇന്നലെ രാവിലെയും അനുമതി ഹാജരാക്കാത്തതിനാല്‍ ഇടുക്കി വന്യജീവി സങ്കേതം അസിസ്റ്റന്റ് വാര്‍ഡന്‍ ബോട്ടിങ് തടഞ്ഞുകൊണ്ട് ഹൈഡല്‍ ടൂറിസം വിഭാഗത്തിനു സ്‌റ്റോപ്പ് മെമ്മോ നല്‍കുകയായിരുന്നു. ഇതോടെ ബോട്ടിങ് നടത്താന്‍ കുടുംബമായി അഞ്ചുരുളിയില്‍ എത്തിയ നിരവധി പേര്‍ നിരാശരായി മടങ്ങി. എന്നാല്‍ മധ്യവേനലവധിക്കാലത്ത് ഇടുക്കി ജലാശയത്തില്‍ നിബന്ധനകള്‍ക്കു വിധേയമായി 31 വരെ ബോട്ടിങ് നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിന്റെ പിന്‍ബലത്തില്‍ ഇന്ന് ബോട്ടിങ് നടത്താനാണ് പഞ്ചായത്തിന്റെ തീരുമാനം. എന്നാല്‍ ഉത്തരവ് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."