''വെള്ളമര മുത്തച്ഛനെ'' ആദരിക്കാന്‍ നാടൊരുങ്ങുന്നു
പാലാ : ഏഴാച്ചേരിയിലെ മരമുത്തച്ഛന് ജന്മനാടിന്റെ ആദരം. ഏഴാച്ചേരിയിലെ വിശാലമായ തോടിന്‍കരയില്‍ ചിറ്റേട്ട് ഗവ. എല്‍.പി. സ്‌കൂളിന് മുന്‍വശത്തു നില്‍ക്കുന്ന കൂറ്റന്‍ ''വെള്ളമരത്തെ''യാണ് (വെങ്കോട്ടുമരം) നാടൊന്നാകെ ആദരിക്കാന്‍ ഒരുങ്ങുന്നത്.
തോടിന് ഇരുവശങ്ങളിലായി നിന്ന രണ്ടു കരകളെ പതിറ്റാണ്ടുകളോളം ഒന്നിപ്പിച്ച് നിര്‍ത്തിയത് ഈ വെള്ളമരത്തിന്റെ കവരയില്‍ നിന്നു കെട്ടിയ പാലമായിരുന്നു. ചിറ്റേട്ട് കടവില്‍ നാട്ടുകാര്‍ ഓരോ വര്‍ഷവും പാലം കെട്ടുമ്പോള്‍ ഒരുവശത്ത് തൂണായി നിന്നത് ഇരുനൂറ് വര്‍ഷത്തോളം പഴക്കമുള്ള ഈ വെള്ളമരമാണ്. പിന്നീട് എത്രയോ മഴക്കാലങ്ങള്‍. ഒരുപാടുവെള്ളം ഏഴാച്ചേരി തോട്ടിലൂടെ ഒഴുകിപ്പോയി. കുലുക്കമില്ലാതെ, മാറ്റമില്ലാതെ വെള്ളമരം ഏഴാച്ചേരിക്കാര്‍ക്കായി തൂണായി തപസ്സു തുടര്‍ന്നു.ഏഴാച്ചേരി മറുകരയിലായിരുന്ന ചിറ്റേട്ട് എല്‍.പി. സ്‌കൂളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഏക ആശ്രയം വെള്ളമരം താങ്ങിനിര്‍ത്തിയ ചിറ്റേട്ട് പാലമായിരുന്നു. അന്ന് ഏഴാച്ചേരി ബാങ്കും ചിറ്റേട്ട് സ്‌കൂളിന് സമീപമായിരുന്നു. നൂറ്റാണ്ടുകളോളം ഒരു ഗ്രാമത്തെ ഒന്നിപ്പിച്ചു നിര്‍ത്തിയ പാലത്തിന്റെ ഒരു കരയിലെ നിത്യ കൈത്താങ്ങായിരുന്നു ഈ വെള്ളമരം.
അഞ്ചുതലമുറയുടെ ഓര്‍മ്മകളില്‍ നിലനില്‍ക്കുന്ന ഈ വെള്ളമരത്തിന് ഇരുനൂറ് വര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് നാട്ടിലെ പഴമക്കാര്‍ പറയുന്നത്. അന്നു പാലത്തിലൂടെ നിത്യേന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ഇരുകരകളിലേയ്ക്കുമായി സഞ്ചരിച്ചിരുന്നതായി ഗവ. എല്‍.പി. സ്‌കൂള്‍. റിട്ട. ഹെഡ്മാസ്റ്ററും പൊതുപ്രവര്‍ത്തകനുമായ കീപ്പാറയില്‍ ബാലകൃഷ്ണന്‍ നായര്‍ പറയുന്നു. ഒരു അപകടത്തില്‍ നിന്ന് വെള്ളമരം വിദ്യാര്‍ത്ഥികളെ രക്ഷിച്ചതിന്റെ നടുക്കമുള്ള ഓര്‍മ്മകളും നാട്ടുകാര്‍ക്കുണ്ട് ; നാലരപതിറ്റാണ്ട്് മുമ്പുള്ള ഒരു കേരളപ്പിറവി ദിനം. ചിറ്റേട്ട് സ്‌കൂളിലേക്കുള്ള വിദ്യാര്‍ത്ഥികള്‍ മറുകരയില്‍ നിന്ന് ഉത്സാഹപൂര്‍വ്വം പാലത്തിലേക്ക് കയറി. തിക്കിത്തിരക്കി വിദ്യാര്‍ത്ഥികള്‍ പാലത്തിന് നടുവിലെത്തിയതേ കെട്ടിയിരുന്ന ഒരു കമുകുമരവും ഒരുവശത്തെ തൂണും ഒടിഞ്ഞ് തോട്ടില്‍ വീണു. ഒപ്പം വിദ്യാര്‍ത്ഥികളും. എന്നാല്‍ ഇങ്ങേക്കരയില്‍ വെള്ളമരം താങ്ങിനിര്‍ത്തിയിരുന്ന കമുകിന്‍തടി 'പിടിവിട്ടില്ല'.
തോട്ടില്‍ പതിച്ച പാലത്തില്‍ നിന്ന് ഗോവണിയിലെന്നപോലെ വിദ്യാര്‍ത്ഥികള്‍ വെള്ളമര കവരയിലേക്ക് കയറി രക്ഷപ്പെട്ടു. കാലപ്പഴക്കത്താല്‍ പാലത്തിന്റെ മറുകരയിലെ തൂണുകള്‍ പലതവണ നിലംപൊത്തിയപ്പോഴും വെള്ളമരത്തിന് കുലുക്കമേ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ നന്ദിയോടെ ഓര്‍മ്മിക്കുന്നു.പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ ചിറ്റേട്ട് കടവില്‍ വാര്‍ക്കപാലം വന്നപ്പോള്‍, മുന്‍തലമുറക്കാരെ ഒരുപാടുകാലം കാത്ത മരമുത്തച്ഛന്‍ മറവിയിലായി. ഈ അവഗണനയുടെ വേദന മാറ്റാന്‍, ഏഴാച്ചേരി സ്റ്റോണേജ് നേച്ചര്‍ ആന്റ് കള്‍ച്ചറല്‍ ക്ലബ്ബ് പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്താണ് വെള്ളമരമുത്തച്ഛനെ പൂമാല ചാര്‍ത്തി, പൊന്നാടയണിയിച്ച് ആദരിക്കുന്നത്.
27-ാംതീയതി ക്ലബ്ബിന്റെ വാര്‍ഷികാഘോഷ പരിപാടികളോടനുബന്ധിച്ച് നടത്തുന്ന മരമുത്തച്ഛനെ ആദരിക്കല്‍ പരിപാടിയില്‍ കെ.എം. മാണി എം.എല്‍.എ, പാലാ സെന്റ് തോമസ് കോളേജ് ബോട്ടണി വിഭാഗം മേധാവി ഡോ. ജോമി അഗസ്റ്റിന്‍, രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."