മറിപ്പുഴയില്‍ വനംവകുപ്പിന്റെ കല്ലിടല്‍ നാട്ടുകാര്‍ തടഞ്ഞു
തിരുവമ്പാടി: മുത്തപ്പന്‍പുഴ മറിപ്പുഴ കുണ്ടന്‍തോട് പ്രദേശങ്ങളിലെ പട്ടയഭൂമിയില്‍ വനംവകുപ്പ് നടത്തിയ സര്‍വേയുടെ ഭാഗമായി കൃഷി ഭൂമിയില്‍ അടയാളക്കല്ലുകള്‍ സ്ഥാപിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. കഴിഞ്ഞ ദിവസം അടയാളപ്പെടുത്താനുള്ള കല്ലുകള്‍ വനം വകുപ്പ് ഈപ്രദേശത്ത് ഇറക്കിയിരുന്നു. ഇത് കഴിഞ്ഞ ദിവസം രാവിലെ സ്ഥാപിക്കാന്‍ തുടങ്ങിയ വനംവകുപ്പ് അധികൃതരെ നാട്ടുകാര്‍ സംഘടിച്ചെത്തി തടയുകയായിരുന്നു. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ തീര്‍പ്പ് വരും മുന്‍പുള്ള വനംവകുപ്പിന്റെ നീക്കം അംഗീകരിക്കാന്‍ കഴിയില്ല.
അന്‍പതിലേറെ വര്‍ഷം കൈവശം വച്ച കൃഷിഭൂമി വനംഭൂമിയാക്കാനുള്ള നീക്കവും സമ്മതിക്കില്ലെന്ന് പറഞ്ഞായിരുന്നു കര്‍ഷകരുടെ തടയല്‍. തിരുവമ്പാടി എസ്.ഐ സനല്‍രാജിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘവും സ്ഥലത്തെത്തിയിരുന്നു. കര്‍ഷക രോഷം ശക്തമായതിനെ തുടര്‍ന്ന് ഉച്ചക്കു ശേഷം വനം വകുപ്പുദ്യോഗസ്ഥര്‍ പിന്‍വാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."