കല്ലായിപ്പുഴ കൈയേറ്റം:രണ്ട് സ്ഥാപനങ്ങള്‍ക്ക് നോട്ടിസ്
കോഴിക്കോട്: കല്ലായിപ്പുഴ കൈയേറി നിര്‍മിച്ച സ്കൂട്ടര്‍ സര്‍വിസ് സെന്ററും ചെരുപ്പുനിര്‍മാണ യൂനിറ്റും അടച്ചുപൂട്ടാന്‍ നോട്ടിസ് നല്കി. കൈയേറ്റവും കല്ലായിപ്പുഴയിലേക്ക് മാലിന്യങ്ങളും ഒഴുക്കിവിടുന്നുവെന്ന ആക്ഷേപത്തെ തുടര്‍ന്ന് നാട്ടുകാരും കല്ലായിപ്പുഴ സംരക്ഷണ സമിതിയും സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഇന്നലെ ഉച്ചക്ക് തടഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ കോര്പറേഷന് ഹെല്‍ത്ത് ഓഫിസര്‍ അടക്കമുള്ള ഉദ്യോഗസ്ഥസ്ഥരുടെ പരിശോധനയിലാണ് അനധികൃത കൈയേറ്റവും മാലിന്യ നിക്ഷേപവും കണ്ടെത്തിയത്.
പള്ളിക്കണ്ടി റോഡിലെ പഴയ മില്ലിന് സമീപത്താണ് അനധികൃത കൈയേറ്റം നടന്നത്. അധികൃതര്‍ നടത്തിയ പരിശോധനയില്‍ പുഴയിലേക്ക് ഓയില്‍ അടക്കമുള്ള മാലിന്യങ്ങളും ചെരുപ്പ് നിര്മാണയൂനിറ്റില് നിന്നുള്ള മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും പൈപ്പ് വഴി ഒഴുക്കി വിടുന്നതായി കണ്ടെത്തി. തുടര്‍ന്നാണ് സ്ഥാപനത്തിന് നോട്ടിസ് നല്‍കിയത്.
കോര്പറേഷന് ഹെല്‍ത്ത് ഓഫിസര്‍ ആര്.എസ് ഗോപകുമാര്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം വി.കെ സത്യന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ യു.കെ പ്രമോദ് എന്നിവരായിരുന്നു പരിശോധനക്കുള്ള ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്നത്.
കല്ലായിപ്പുഴ സംരക്ഷണ സമിതി നേതാക്കളായ പി.പി ഉമര്‍ കോയ, ടി.എ.സി ബാബു, കാഞ്ഞാവ മാനാകുളം, എ.ടി അബ്ദുല്‍ സലാം, കെ.പി ജാഫര്‍, ഇ.പി സാഹില്‍, ഇ.പി സൈന്നുദ്ദീന് എന്നിവര്‍ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."