സ്വകാര്യ വാഹനത്തില്‍ ദേശീയ പതാക കെട്ടിയ സംഭവം വിവാദമായി
നെടുമ്പാശ്ശേരി: കേന്ദ്ര പ്രതിരോധ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ സ്വീകരിക്കാന്‍ രാത്രി 9.30ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സ്വകാര്യ വാഹനത്തില്‍ ദേശീയ പതാക കെട്ടിയ സംഭവം വിവാദമായി. ഇതെതുടര്‍ന്ന് ദേശീയ പതാകയെ അനാദരിച്ച കുറ്റത്തിന് നെടുമ്പാശ്ശേരി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഞായറാഴ്ച്ച രാത്രി കേന്ദ്ര പ്രതിരോധ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ജെ.ആര്.കെ റാവുവിനെ സ്വീകരിക്കാന്‍ കൊച്ചി കഠാരിബാഗില്‍ നിന്നും വന്ന സ്വകാര്യ ഇന്നോവ കാറിലാണ് രാത്രി പതാക കെട്ടിയിരുന്നത്. ഔദ്യോഗിക ആവശ്യത്തിനു പോലും ദേശീയ പതാക ഉപയോഗിക്കുമ്പോള്‍ വൈകീട്ട് ആറു മണിക്ക് മുന്‍പായി അഴിച്ചു മാറ്റണമെന്നാണ് നിയമം.
രാത്രി സ്വകാര്യ കാറില്‍ ദേശീയ പതാക നാട്ടി വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ജസ്റ്റിസ് ചിദംബരേഷിന്റെ ഡ്രൈവര്‍ ചിത്രം മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. മണിക്കൂറുകള്‍ക്കകം ചിത്രം വൈറലായി.
കാറിന്റെ കെ.എല്‍ 43 എഫ് 2384 എന്ന രജിസ്ട്രേഷന് നമ്പര്‍ അടക്കമാണ് പോസ്റ്റ് ചെയ്തിരുന്നത്. ഇതോടെയാണ് നെടുമ്പാശ്ശേരി പൊലിസ് കേസെടുക്കാന്‍ നിര്‍ബന്ധിതരായത്. നാവിക സേനക്കായി കരാര്‍ വ്യവസ്ഥയില്‍ ഓടുന്നതാണ് ഇന്നോവയെന്നാണ് സൂചന.
സ്വീകരിക്കാനെത്തിയ കാറില്‍ ഒരു ജവാനും ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് മേലുദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്ന് നെടുമ്പാശേരി എസ്.ഐ വി.എസ് ഹരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."