പകല്‍പോലും വീടിന് മുന്നില്‍ കാട്ടാനകള്‍ വിഹരിക്കുന്നു: സന്ധ്യക്കും കുഞ്ഞുങ്ങള്‍ക്കും വേണം 'അടച്ചുറപ്പുള്ള ഒരു വീട്'
പുല്‍പ്പള്ളി: ആകെ നാലര സെന്റ് സ്ഥലം. സ്ഥലത്തിന്റെ ഒരു വശത്ത് നിബിഡ വനം. പകല്‍പോലും കാട്ടാനയടക്കമുളള വന്യമൃഗങ്ങള്‍ ഈ നാലര സെന്റ് സ്ഥലത്ത് എപ്പോഴും സൈ്വര്യവിഹാരം നടത്തുന്നു. മുകളില്‍ നാട്ടുകാര്‍ നല്‍കിയ ഒരു പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയിട്ടുണ്ട്. കോരിച്ചൊരിയുന്ന കാലവര്‍ഷത്തെ തടുക്കുവാനൊന്നും ഈ ഷീറ്റിന് ശേഷിയില്ല. ഭിത്തിക്ക് പകരം പഴയ പ്ലാസ്റ്റിക് ഷീറ്റുകള്‍ ഏച്ചുകെട്ടിയ മറയുണ്ട്. വാതിലൊന്നുമില്ല. കാറ്റ് പറിച്ചെറിഞ്ഞ പ്ലാസ്റ്റിക് ഷീറ്റിന്റെ വിടവാണ് കതക്.
പുല്‍പ്പള്ളി പഞ്ചായത്തിലെ കാര്യമ്പാതിക്കുന്നില്‍ തോട്ടുങ്കല്‍ സന്ധ്യയെന്ന വീട്ടമ്മയും രണ്ടര വയസ്സുളള ഇരട്ടകുട്ടികളും താമസിക്കുന്ന വീടാണിത്. വീട് എന്നിതിനെ വിളിക്കുവാന്‍ കഴിയുകയില്ല. ജീവിതം മുഴുവന്‍ കണ്ണീര്‍ മാത്രം കുടിക്കുവാന്‍ വിധിക്കപ്പെട്ടവളാണ് സന്ധ്യ. ദേഹോപദ്രവം നിത്യസംഭവമായിരുന്നുവെങ്കിലും ഒരു ദിവസം രാത്രി സന്ധ്യയുടെ കഴുത്ത് ഞെരിച്ച് ഇയാള്‍ കൊല്ലാന്‍ ഒരുങ്ങിയതോടെ സന്ധ്യ ഈ ബന്ധം ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിതയായി. പിന്നീട് വര്‍ഷങ്ങളോളം ഏകാകിയായി കഴിയുമ്പോഴാണ് മറ്റൊരു യുവാവ് സന്ധ്യയെ വിവാഹം കഴിക്കുവാന്‍ താല്‍പര്യപ്പെട്ട് എത്തിയത്.
ഒറ്റയ്ക്കായതോടെ അടുത്തെത്തുന്ന പല സഹായികളുടെയും മുഖത്തിനു പിന്നിലെ കാപട്യം തിരിച്ചറിഞ്ഞ സന്ധ്യ വിവാഹാഭ്യര്‍ഥന നടത്തിയ യുവാവിനെ വിവാഹം ചെയ്തു. ഏഴുമാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഒരു ദിവസം രണ്ടു കുട്ടികളുമായി ഒരു യുവതി സന്ധ്യയുടെ വീട്ടിലെത്തി, തന്റെ ഭര്‍ത്താവിനെ വിട്ടുതരണമെന്നായിരുന്നു ഈ യുവതിയുടെ ആവശ്യം. താന്‍ ഒരിക്കല്‍കൂടി വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ സന്ധ്യക്ക് മുമ്പില്‍ ജീവിതം അവസാനിപ്പിക്കുകയെന്ന ഒരൊറ്റ മാര്‍ഗമേ ഉണ്ടായിരുന്നുള്ളു.
തന്റെ വയറ്റില്‍ വളരുന്ന കുരുന്നിന്റെ ജീവന്‍കൂടി അവസാനിപ്പിക്കേണ്ടെന്ന തീരുമാനത്തിലാണ് ആത്മഹത്യയില്‍ നിന്നും പിന്മാറിയത്. സന്ധ്യ പ്രസവിച്ചപ്പോള്‍ ഇരട്ടകുട്ടികളായിരുന്നു. അന്തിയുറങ്ങാന്‍ ഒരു വീടില്ലാതെ, ഒരു കട്ടില്‍ പോലുമില്ലാതെ, വെറും നിലത്ത് രണ്ടു പിഞ്ച് കുഞ്ഞുങ്ങളെയും നെഞ്ചോട് ചേര്‍ത്ത് പിടിച്ച് കിടക്കുമ്പോള്‍ സന്ധ്യയുടെ നെഞ്ചിടിപ്പിന്റെ ശബ്ദംപുറത്ത് മുറ്റത്തെത്തി കൊലവിളി നടത്തുന്ന കാട്ടാനകളുടെ ചിന്നംവിളിയില്‍ അലിഞ്ഞില്ലാതാവും. ഒരു വീടിന് വേണ്ടി സന്ധ്യ ഇനി മുട്ടാത്ത വാതിലുകളില്ല. കൊടുക്കാത്ത അപേക്ഷകളില്ല. ആരും ചെവിക്കൊണ്ടില്ല ഈ അനാഥയുടെ നിലവിളി.
ഇപ്പോള്‍ ഈ അമ്മയും മക്കളും ജീവിക്കുന്നതു തന്നെ പരിസരവാസികളുടെ സഹായം കൊണ്ടാണ്. ഭാവിയെക്കുറിച്ചുളള ഉത്കണ്ഠകളൊന്നും സന്ധ്യക്കില്ല. കാരണം തന്റെയും മക്കളുടെയും ഭാവി ഇരുളടഞ്ഞതാണെന്ന് ഈ യുവതിക്ക് അറിയാം. ബന്ധുക്കളോ സ്വന്തക്കാരോ ഇല്ല. തനിക്കെന്തു സംഭവിച്ചാലും ചോദിക്കാനും പറയാനും ആരും ഇല്ലെന്ന യാഥാര്‍ഥ്യവും ഇവര്‍ക്കറിയാം. ഇന്നല്ലെങ്കില്‍ നാളെ വീട്ടമ്മയെയും രണ്ടു മക്കളെയും കാട്ടാന കൊന്നുവെന്ന വാര്‍ത്ത കണ്ടാലും അത്ഭുതപ്പെടേണ്ട. കാരണം അതിനുള്ള സാധ്യത ഏറെയാണ്. സമൂഹത്തിലെ അധസ്ഥിതരുടെ സമഗ്ര വികസനത്തിനായി പ്രസംഗിച്ചു നടക്കുന്ന നേതാക്കളും, ജനപ്രതിനിധികളും ഇവരെയൊന്നും കാണാതെ പോകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."