അരുംകൊലയില്‍ ഞെട്ടിത്തരിച്ച് കാസര്‍കോട്; ഹര്‍ത്താല്‍ പൂര്‍ണ്ണം
കാസര്‍കോട്: യാതൊരു പ്രകോപനവുമില്ലാതിരിക്കേ നടന്ന അരുംകൊലയില്‍ വിറങ്ങലിച്ചിരിക്കുകയാണ് കാസര്‍കോട്. മദ്‌റസ അധ്യാപകന്റെ കൊലപാതകത്തെ തുടര്‍ന്ന് കാസര്‍കോട് താലൂക്കില്‍ നടക്കുന്ന ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. സംഘര്‍ഷം പടരാതിരിക്കാന്‍ കാസര്‍കോട് നഗരവും പരിസരപ്രദേശങ്ങളും പൊലിസ് വലയത്തിലാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മറ്റു ജില്ലകളില്‍ നിന്ന് കൂടുതല്‍ പൊലിസിനെ കാസര്‍കോട് എത്തിച്ചിട്ടുണ്ട്.
കാസര്‍കോട് താലൂക്കിലെ കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞ് കിടക്കുകയാണ്. ഏതാനും ഇരുചക്രവാഹനങ്ങളൊഴിച്ച് മറ്റ് വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍ നില കുറവാണ്. കൊല്ലപ്പെട്ട മദ്‌റസ അധ്യാപകന്‍ റിയാസിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കൊടക് കൊട്ടമ്പാടിയില്‍ ഖബറടക്കും. അദ്ദേഹം ജോലി ചെയ്യുന്ന ചൂരി ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ പൊതുദര്‍ശനത്തിനു വെച്ച് മയ്യത്ത് നിസ്‌കാരത്തിനു ശേഷം റിയാസിന്റെ ജന്മനാടായ കൊടകിലേക്ക് കൊണ്ടുപോകും.
തിങ്കളാഴ്ച്ച അര്‍ദ്ധരാത്രി മദ്‌റസ അധ്യാപകനായ റിയാസിനെ (30) പള്ളിയില്‍ കയറി ഒരു സംഘം കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കാസര്‍കോട് നഗരത്തില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ പഴയ ചൂരിയിലെ ഇസത്തുല്‍ ഇസ്‌ലാം മദ്രസയില്‍ അധ്യാപകനാണ് റിയാസ്.
അതിനിടെ കൊലയാളികള്‍ക്ക് വേണ്ടി അതിര്‍ത്തിയടച്ച് പൊലിസ് വ്യാപകമായ തെരച്ചില്‍ ആരംഭിച്ചു. കൊലയാളികള്‍ ജില്ല വിട്ട് പോകാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും പൊലിസ് സ്വീകരിച്ചിട്ടുണ്ട്. സംഭവം നടന്നയുടന്‍ എല്ലാ പൊലിസ് സ്‌റ്റേഷനുകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വാഹനങ്ങളടക്കം പരിശോധിക്കുകയാണ് പൊലിസ്.
ബൈക്കിലെത്തിയ സംഘമാണ് കൊലപ്പെടുത്തിയതെന്ന് സൂചനകളുണ്ടെങ്കിലും കൊലപാതകത്തിന്റെ കാരണവും പ്രതികളെ സംബന്ധിച്ചും വ്യക്തമായ സൂചനകള്‍ പൊലിസിന് ലഭിച്ചില്ല. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുവാന്‍ സാധ്യതയുണ്ട്.
ഉത്തരമേഖലാ എ.ഡി.ജി.പി രാജേഷ് ദിവാന്‍, ഐ.ജി മഹിപാല്‍ എന്നിവര്‍ കാസര്‍കോട്ടെത്തി ക്യാംപ് ചെയ്താണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. കാസര്‍കോട് ഡി.വൈ.എസ്.പി എം.വി സുകുമാരന്‍, സി.ഐ അബ്ദുര്‍ റഹിം, എസ്.ഐ അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പല സംഘങ്ങളായി തിരിഞ്ഞാണ് പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്.
രണ്ടില്‍ കൂടുതല്‍ പേര്‍ കൊലയാളി സംഘത്തില്‍ ഉണ്ടെന്നാണ് പൊലിസ് കരുതുന്നത്. ബൈക്കിലാണ് പ്രതികള്‍ എത്തിയതെന്നും സംശയിക്കുന്നു. പൊലിസ് സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്. സൈബര്‍ സെല്ലും അന്വേഷണങ്ങള്‍ക്ക് വേണ്ടിയുള്ള സഹായങ്ങള്‍ നല്‍കി വരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."