തിരുനെല്ലിയിലെ വന്യമൃഗശല്യം: വില്ലനാകുന്നത് വനത്തിലെ ഏകവിളത്തോട്ടങ്ങള്‍
കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്തിലെ വനാതിര്‍ത്തി ഗ്രാമങ്ങളില്‍ അനുഭവപ്പെടുന്ന അതിരൂക്ഷമായ വന്യജീവി ശല്യത്തിനു കാരണം കാടിനകത്തെ ഏകവിളത്തോട്ടങ്ങളാണെന്ന് വയനാട് ജില്ലാ വന്യമൃഗശല്യ പ്രതിരോധ ആക്ഷന്‍ കമ്മിറ്റി. തിരുനെല്ലി നിവാസികളുടെ ജീവനും സ്വത്തിനും വന്യജീവികളില്‍നിന്നും സംരക്ഷണം നല്‍കുന്നതിനുതകുന്ന പദ്ധതികള്‍ നിര്‍ദേശിച്ച് ആക്ഷന്‍ കമ്മിറ്റി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും അയച്ച നിവേദനങ്ങളിലാണ് ഗ്രാമങ്ങളിലെ വന്യജീവി ശല്യത്തിനു മുഖ്യകാരണം വനത്തിലെ ഏകവിളത്തോട്ടങ്ങളാണെന്ന് ചൂണ്ടിക്കാട്ടുന്നത്.
വയനാട് വന്യജീവി സങ്കേതം, വടക്കേ വയനാട് വനം ഡിവിഷന്‍, കര്‍ണാടകയിലെ നാഗര്‍ഹോള ദേശീയോദ്യാനം എന്നിവയുമായി അതിരിടുന്നതാണ് തിരുനെല്ലി പഞ്ചായത്ത്. വനത്താല്‍ ചുറ്റപ്പെട്ടതാണ് ആദിവാസികള്‍ തിങ്ങിവസിക്കുന്ന ഈ പഞ്ചായത്തിലെ 22 ഗ്രാമങ്ങള്‍. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനിടെ 77 മനുഷ്യജീവനുകളാണ് തിരുനെല്ലിയില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പൊലിഞ്ഞത്. ഇതില്‍ 75 പേരുടെ പ്രാണനെടുത്തത് കാട്ടാനകളാണ്. കാട്ടുപന്നി, കാട്ടുപോത്ത് എന്നിവയുടെ ആക്രമണത്തില്‍ ഓരോ ആളുകളും മരിച്ചു. ഈ വര്‍ഷം ജൂണില്‍ മാത്രം രണ്ടു പേരെ കാട്ടാനകള്‍ വകവരുത്തി. 1981 മുതല്‍ 2016 മെയ് വരെ 269 പേര്‍ക്കാണ് വന്യജീവികളുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
ആരോഗ്യം വീണ്ടെടുക്കാനാകാതെ ദുരിതംതിന്നു കഴിയുകയാണ് ഇവരില്‍ പലരും. ഓരോ വര്‍ഷവും കോടിക്കണക്കിനു രൂപയാണ് വന്യജീവി ശല്യംമൂലമുള്ള കൃഷിനാശത്തില്‍ തിരുനെല്ലിക്കാര്‍ക്ക് നഷ്ടം. സമാശ്വാസധനമായി ലഭിക്കുന്നതാകട്ടെ നാമമാത്രമായ തുകയും. 1955നും 2005നും ഇടയില്‍ തിരുനെല്ലിയില്‍ നൂറുകണക്കിനു ഹെക്ടര്‍ സ്വാഭാവിക വനമാണ് തേക്ക്, യൂക്കാലിപ്റ്റസ് തോട്ടങ്ങള്‍ക്ക് വഴിമാറിയത്.
344.44 ചതുരശ്ര കിലോമീറ്റര്‍ വരുന്ന വയനാട് വന്യജീവി സങ്കേതത്തിലും 244.025 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള വടക്കേ വയനാട് വനം ഡിവിഷനുകളിലുമായി 11,549 ഹെക്ടര്‍ തേക്കുതോട്ടമുണ്ട്. ഇതില്‍ 5742.96 ഹെക്ടറും തിരുനെല്ലി പഞ്ചായത്തിലാണ്. നൈസര്‍ഗിക വനം ഏകവിളത്തോട്ടങ്ങളായി മാറിയ പ്രദേശങ്ങളില്‍ അടിക്കാട് വളരാതെയും നീരുറവകള്‍ വറ്റിയും വന്യജീവികളുടെ ആവാസവ്യവസ്ഥ തകര്‍ന്നു. വിശപ്പും ദാഹവും അകറ്റാനുള്ള വഴിതേടി കാടിനു പുറത്തിറങ്ങാന്‍ വന്യജീവികള്‍ നിര്‍ബന്ധിതരായി. ഇത് തിരുനെല്ലിമണ്ണില്‍ വിതച്ചും കൊയ്തും ജീവിക്കുന്നവര്‍ക്ക് കൊടിയ വിനയായി മാറി.
പഞ്ചായത്തിന്റെ പല ഭാഗങ്ങളിലേയും കൃഷിയിടങ്ങള്‍ പട്ടാപകല്‍പോലും കാട്ടാനകള്‍ മേച്ചില്‍പ്പുറമാക്കുകയാണ്. വന്യജീവികളെ ഭയന്ന് നെല്‍കൃഷി ഉപേക്ഷിച്ച കൃഷിക്കാര്‍ നിരവധിയാണ് തിരുനെല്ലിയില്‍. 200 ഹെക്ടറില്‍പരം പാടമാണ് വെറുതെ കിടക്കുന്നത്. 100 ഹെക്ടറോളം വയല്‍ തരംമാറ്റത്തിനും വിധേയമായി.
തിരുനെല്ലിക്കാരെ വന്യജീവിശല്യത്തില്‍നിന്നു രക്ഷിക്കാന്‍ സര്‍ക്കാരും വനം-വന്യജീവി വകുപ്പും ഇതിനകം പദ്ധതികള്‍ പലതും നടപ്പിലാക്കിയതാണ്. പഞ്ചായത്തില്‍ വനാതിര്‍ത്തിയില്‍ 48 കിലോമീറ്ററില്‍ ആനപ്രതിരോധക്കിടങ്ങ് നിര്‍മിച്ചിട്ടുണ്ട്. കാട്ടിക്കുളം ഇരുമ്പുപാലം, ബാവലി കക്കേരി, നരിമുണ്ട എന്നിവിടങ്ങളിലായി ഏകദേശം ഒരു കിലോമീറ്റര്‍ നീളത്തില്‍ കല്‍മതില്‍ പണിതു. 20 കിലോമീറ്ററോളം നീളത്തില്‍ വൈദ്യുത കമ്പിവേലി സ്ഥാപിച്ചു. എന്നിട്ടും വര്‍ധിക്കുകയാണ് ജനവാസകേന്ദ്രങ്ങളില്‍ വന്യജീവി സാന്നിധ്യം.
ഇതിനകം നടപ്പിലാക്കിയ വന്യജീവി പ്രതിരോധ പദ്ധതികളില്‍ ഒന്നും ഫലപ്രദമല്ലെന്നാണ് തിരുനെല്ലിക്കാരുടെ അനുഭവം. കിടങ്ങുകള്‍ ഇടിച്ചുനികത്തിയും വൈദ്യുതവേലികള്‍ ഷോക്ക് ഏല്‍ക്കാത്ത വിധം ചവിട്ടിമറിച്ചുമാണ് നാട്ടിലേക്കുള്ള കാട്ടാനകളുടെ വരവും പോക്കും. വൈദ്യുത വേലികള്‍ പലയിടത്തും പരിപാലനമില്ലാതെ തകര്‍ന്നുകിടക്കുകയാണ്. ഇരുമ്പുപാലത്തെ കല്‍മതിലില്‍ മരംവീണ് തകര്‍ന്ന ഭാഗത്തുകൂടിയും ആനകള്‍ കൃഷിയിടങ്ങളില്‍ എത്തുന്നുണ്ട്. 200 മീറ്റര്‍ നീളമുള്ള മതിലാണിവിടെ പണിതത്.
തേക്ക്, യൂക്കാലി തോട്ടങ്ങള്‍ മുറിച്ചുമാറ്റി സ്വാഭാവിക വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തുകയും വനാതിര്‍ത്തിയിലാകെ കര്‍ണാടക മാതൃകയില്‍ തീവണ്ടിപ്പാളം ഉപയോഗിച്ച് വേലികെട്ടുകയാണ് വന്യജീവി ശല്യത്തിനു ശാശ്വത പരിഹാരമെന്നാണ് വയനാട് ജില്ലാ വന്യമൃഗശല്യ പ്രതിരോധ ആക്ഷന്‍ കമ്മിറ്റിയുടെ അഭിപ്രായം.
2012ല്‍ തിരുനെല്ലി ഓലഞ്ചേരിയില്‍ ഏതാനും ഹെക്ടറിലെ തേക്കും യൂക്കാലിപ്റ്റസും മുറിച്ചുമാറ്റി സ്വാഭാവിക വൃക്ഷങ്ങള്‍ നട്ടുപിടിച്ചിരുന്നു. കുറഞ്ഞ കാലത്തിനിടെ ഇവിടെ പുനര്‍ജനിച്ച നീരുറവകളാണ് ഓലഞ്ചേരിയില്‍ രണ്ട് ആദിവാസി കോളനിയില്‍ നടപ്പിലാക്കിയ ചെറുകിട കുടിനീര്‍ പദ്ധതികളുടെ സ്രോതസ്.
ഇതേക്കുറിച്ച് നിവേദനത്തില്‍ പ്രത്യേകം വിശദീകരിച്ചിട്ടുണ്ടെന്ന് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ടി.സി ജോസഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."