സഊദിയില്‍ അഞ്ച് സാമൂഹിക പ്രവര്‍ത്തകര്‍ അറസ്റ്റില്‍
റിയാദ്: സഊദിയില്‍ സ്ത്രീകളുടെ ഡ്രൈവിങ് അവകാശത്തിനായി പോരാടിയ അഞ്ച് സാമൂഹിക പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ സ്ത്രീകളും ഉള്‍പ്പെടും. രാജ്യത്ത് ഏതുതരത്തിലുമുള്ള രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തനങ്ങളെ നിശബ്ദമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് അറസ്റ്റ് എന്നാണു വിവരം. സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉത്തരവു പ്രകാരമാണ് രാജ്യത്ത് സാമൂഹിക പ്രവര്‍ത്തകരെ വേട്ടയാടുന്നത്.
സഊദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ് അനുവദിച്ചുള്ള ഉത്തരവ് ഔദ്യോഗികമായി പ്രാബല്യത്തില്‍ വരാനിരിക്കെയാണ് അറസ്റ്റ് നടപടി. രാജഭരണത്തില്‍ അസംതൃപ്തരായ ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെയാണു വിവരം പുറത്തുവിട്ടത്. എന്നാല്‍, സംഭവത്തില്‍ പ്രതികരിക്കാന്‍ ഗവണ്മെന്റ് വൃത്തങ്ങള്‍ തയാറായിട്ടില്ല. പതിറ്റാണ്ടുകളായി സ്ത്രീകളുടെ ഡ്രൈവിങ് അവകാശത്തിനായി കാംപയിന് നടത്തിയ വ്യക്തികളാണ് അറസ്റ്റിലായവരില്‍ കൂടുതല്‍ പേരും. ഇതില്‍ ചിലര്‍ മുന്‍പ് ജയിലില്‍ കിടക്കുകയും ചെയ്തിട്ടുണ്ട്. സര്‍വകലാശാല അധ്യാപികയും ബ്ലോഗറുമായ ഇമാന് അല്‍ നഫ്ജാന്‍, സ്ത്രീ അവകാശ പ്രവര്‍ത്തക ലുജൈന് അല്‍ ഹത്ലൂല് എന്നിവര്‍ അറസ്റ്റിലായവരില്‍ പ്രമുഖരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."