മലയോര മേഖലയിലെ കൗമാരക്കാര്‍ ലഹരിക്കടിമകളെന്ന് റിപ്പോര്‍ട്ട്
മുക്കം: കിഴക്കന്‍ മലയോര മേഖലയിലെ കൗമാരക്കാര്‍ വ്യാപകമായി കഞ്ചാവുള്‍പ്പെടെയുള്ള മാരക ലഹരി പദാര്‍ഥങ്ങള്‍ക്ക് അടിമകളാണെന്ന് റിപ്പോര്‍ട്ട്. മേഖലയിലെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും കഞ്ചാവുള്‍പ്പെടെ ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
12 നും 18നും ഇടയില്‍ പ്രായമുള്ള ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളാണ് ലഹരികള്‍ക്ക് അടിമകളാകുന്നത്. സിഗരറ്റിലും പാന്‍മസാലയിലും ലഹരി ഉപയോഗം തുടങ്ങുന്ന കൗമാരക്കാര്‍ തുടര്‍ന്നു കഞ്ചാവില്‍ എത്തിപ്പെടുകയാണ്. വിവിധ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്ന വന്‍ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.
ലഹരിക്ക് അടിമകളാകുന്ന വിദ്യാര്‍ഥികളെ വാഹന മോഷണം, അനധികൃത മണല്‍ക്കടത്ത് വാഹനങ്ങളുടെ എസ്‌കോര്‍ട്ട് എന്നിവയ്ക്ക് ഉപയോഗിക്കുന്നവരും കുറവല്ല. വിവിധ സ്‌കൂളുകളില്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍, പി.ടി.എ കമ്മിറ്റികള്‍, സ്റ്റുഡന്‍സ് പൊലിസ് എന്നിവയൊക്കെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇത്തരക്കാരെ നേരിടാന്‍ ഇതിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. വിദ്യാര്‍ഥികള്‍ക്കിടയില്‍ ശക്തമായി സ്വാധീനം ചെലുത്തേണ്ട വിദ്യാര്‍ഥി-യുവജന സംഘടനകളും രാഷ്ട്രീയക്കാരും ഇത്തരക്കാര്‍ക്കെതിരേ രംഗത്ത് വരുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
മലയോര മേഖലയിലെ ഒരു പ്രമുഖ സ്‌കൂളില്‍ 200ഓളം വിദ്യാര്‍ഥികള്‍ കഞ്ചാവ് മാഫിയയുടെ വാഹകരാണെന്ന് സൂചനയുണ്ട്. നാലു മാസം മുന്‍പാണ് മുക്കം നഗരസഭയിലെ ഒരു പ്രമുഖ സ്‌കൂളില്‍ പെണ്‍കുട്ടികളുടെ ബാഗില്‍ നിന്ന് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്. കുട്ടികളുടെ ഭാവിയോര്‍ത്ത് സംഭവം ഒതുക്കി തീര്‍ക്കുകയായിരുന്നു.
കൊടിയത്തൂര്‍ പന്നിക്കോട് സ്‌കൂള്‍ കേന്ദ്രീകരിച്ച് മദ്യ-മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തനം തുടങ്ങിയിട്ട് കാലമേറെയായി. ഇവിടെ വീടുകള്‍ കേന്ദ്രീകരിച്ചും അനധികൃത മദ്യവില്‍പനയടക്കം സജീവമാണ്.
ശ്രീനിവാസന്‍ മുക്കം സബ് ഇന്‍സ്‌പെക്ടറായ സമയത്ത് പരിശോധന നടത്തിയിരുന്നെങ്കിലും അദ്ദേഹം നാദാപുരത്തേക്ക് സ്ഥലം മാറി പോയതോടെ നടപടി നിലച്ചമട്ടാണ്. പിന്നീട് എസ്.ഐ മാര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരേ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് പ്രദേശത്തെ രക്ഷിതാക്കള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."