ദുരിതത്തിന് ശാപമോക്ഷം; സുല്‍ത്താന്‍ കനാല്‍ നവീകരിക്കാന്‍ ആറു കോടി
പഴയങ്ങാടി: സുല്‍ത്താന്‍ കനാല്‍ നവീകരിക്കുന്നതിന് ആറു കോടി രൂപയുടെ പദ്ധതി നടപ്പാക്കും. ഒന്നാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് 2.7 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. 1766ല്‍ നിര്‍മിച്ച കനാലിന് നാലു കിലോമീറ്റര്‍ നീളമുണ്ട്. 15 വര്‍ഷം മുന്‍പാണ് നവീകരണം നടത്തിയത്.
എന്നാല്‍ ഇരുവശങ്ങളിലും സ്ഥാപിച്ച സ്ലാബുകള്‍ ഇടിഞ്ഞു വീഴുകയും വന്‍തോതില്‍ മാലിന്യ നിക്ഷേപം നടത്തുന്ന കേന്ദ്രമായി മാറുകയും ചെയ്തു.
മാലിന്യങ്ങളും ചെളിമണലും അടിഞ്ഞുകൂടിയതിനാല്‍ മത്സ്യതൊഴിലാളികള്‍ക്കും ബോട്ടുകള്‍ക്ക് യാത്ര ചെയ്യുന്നതിനും പ്രയാസം സൃഷ്ടിക്കുകയാണ്. ഏരിപ്രം പാലം, വാടിക്കല്‍ പാലം, കോഴിബസാര്‍ പാലം എന്നിവിടങ്ങളില്‍ നിന്നു തോട്ടിലേക്ക് മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിന് നെറ്റ് വേലി സ്ഥാപിക്കും. തോടില്‍ അടിഞ്ഞു കൂടിയ ചെളിമണല്‍ നീക്കം ചെയ്യുന്നതിന് ഡ്രഡ്ജിങ് നടത്തും. തോടിന്റെ ഇരു വശങ്ങളിലും നടപ്പാത നിര്‍മിക്കും. നടപാത നിര്‍മാണത്തിനു മുന്നോടിയായി സുല്‍ത്താന്‍ കനാലിന്റെ സര്‍ക്കാര്‍ അധീനതയിലുള്ള സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിന് തഹസില്‍ദാരെ ചുമതലപ്പെടുത്തി.
ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കുക. മുന്നോടിയായി ജനപ്രതിനിധികള്‍, പ്രദേശവാസികള്‍, വിവിധ സ്ഥാപനഭാരവാഹികള്‍ എന്നിവരുടെ വിപുലമായ യോഗം ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."