HOME
DETAILS

സിറിയയില്‍ സംഭവിക്കുന്നത്

  
backup
May 19 2018 | 18:05 PM

syria

 

മുല്ലപ്പൂ വിപ്ലവത്തിന്റെ ഏറ്റവും വലിയ ഇരകളില്‍ ഒന്നാണ് സിറിയ. ഈജിപ്തും യമനും ലെബനോനുമെല്ലാം ഈ വിപ്ലവത്തിന്റെ ഇരകള്‍ തന്നെയാണ്. അമേരിക്ക അടക്കമുള്ള സാമ്രാജ്യത്വ ശക്തികള്‍ക്ക് ഇതില്‍ പങ്കുണ്ട്. ഇന്ന് സിറിയ ഛിന്നഭിന്നമാക്കപ്പെട്ട രാജ്യമായി മാറി. പലായനം ചെയ്യുന്നവരുടെ നീണ്ടനിര സിറിയയുടെ നിത്യകാഴ്ചയാണ്. സഖ്യകക്ഷികളുടെ മിസൈല്‍ ആക്രമണത്തില്‍ പൊലിഞ്ഞുതീര്‍ന്നത് ആയിരങ്ങള്‍. ലോകത്തെ ഞെട്ടിച്ചുകൊണ്ട് സിറിയന്‍ ഭരണകൂടം രാസായുധ പ്രയോഗവും തുടങ്ങിയിരിക്കുന്നു. ഇതിനെ ചോദ്യം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് നടത്തിയ പ്രഖ്യാപനങ്ങള്‍ കൂടുതല്‍ രക്തം ആ രാജ്യത്ത് ഒഴുക്കുകയാണുണ്ടായത്. സിറിയയിലെ രാസായുധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്കന്‍ സഖ്യസേനകള്‍ നടത്തിയ മിസൈല്‍ വര്‍ഷത്തില്‍ കൊല്ലപ്പെട്ട നിരപരാധികളുടെ കണക്ക് യു.എന്നിനെപ്പോലും ഞെട്ടിച്ചിരിക്കുന്നു. ഇതിനെ ശക്തിയുക്തം പ്രതിരോധിക്കുകയാണ് റഷ്യ. ചുരുക്കിപ്പറഞ്ഞാല്‍ എല്ലാവര്‍ക്കും കളിക്കാന്‍ പറ്റുന്ന തരത്തില്‍ ഒരു രാജ്യത്തെ മാറ്റിമറിച്ചിരിക്കുന്നു.
അമേരിക്കയ്ക്ക് പ്രത്യേക താല്‍പര്യങ്ങള്‍ സിറിയയിലുണ്ട്. മധ്യപൗരസ്ത്യ ദേശത്ത് തങ്ങളുടെ ശക്തി ഉറപ്പിച്ചു കഴിഞ്ഞാല്‍ റഷ്യയുടെ ഭീഷണി അല്‍പമെങ്കിലും കുറയ്ക്കാമെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്. ഒപ്പം ആയുധക്കച്ചവടം തകൃതിയില്‍ നടത്തുകയും ചെയ്യാം. ലോകത്ത് പ്രശ്‌നാധിഷ്ഠിതമായ സ്ഥിതി നിലനിര്‍ത്തിയില്ലെങ്കില്‍ ആയുധക്കച്ചവടത്തിന്റെ നഷ്ടം വലിയതാണ്. മാത്രമല്ല, വളര്‍ന്നുപന്തലിക്കുന്ന ഒരു ഇസ്‌ലാമിക രാജ്യത്തെ ഇല്ലാതാക്കുകയും ചെയ്യാം. ഇവിടെ അമേരിക്കയുടെ താല്‍പര്യം മാത്രമല്ല, കൂട്ടാളിയായ ഇസ്രാഈലിന്റെ സുരക്ഷയും ഉറപ്പാക്കാം. സിറിയക്ക് ബാഹ്യഭീഷണി മാത്രമല്ല ഉള്ളത്. ആഭ്യന്തരമായി അനേകം സംഘടനകള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി സിറിയയില്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നുണ്ട്. തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണ് ഇവയിലേറെയും. ഇവര്‍ക്ക് ആയുധം നല്‍കി സഹായിക്കുന്നത് അമേരിക്കയാണെന്ന യാഥാര്‍ഥ്യം ഒരു ഫലിതം പോലെ നമുക്ക് തോന്നാം. അധികാരത്തിലേക്ക് നുഴഞ്ഞുകയറാന്‍ തക്കം പാര്‍ത്തിരിക്കുന്നവരാണ് ഇവരില്‍ ഏറെയും. ഇസ്‌ലാമിക ബ്രദര്‍ഹുഡും, വഹാബീ ഗ്രൂപ്പുകളും ഇത്തരം ആഭ്യന്തര സംഘടനകളില്‍ സജീവമായുണ്ട്.
2011-ലാണ് സിറിയയില്‍ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുന്നത്. ബശര്‍ അല്‍ അസദ് ഭരണകൂടത്തെ താഴെ ഇറക്കാന്‍ വേണ്ടിയായിരുന്നു ഈ പ്രക്ഷോഭം. നല്ലൊരു ഭരണകര്‍ത്താവ് ആയിരുന്നില്ല ബശര്‍. അദ്ദേഹം അടിമുടി ഒരു മര്‍ദക വീരനായിരുന്നു. അറസ്റ്റും ജയിലും അവിടെ പുത്തരിയല്ലാതായി. തൊഴിലില്ലായ്മ വര്‍ധിച്ചു. ഗത്യന്തരമില്ലാതെ തെരുവിലിറങ്ങാന്‍ വിധിക്കപ്പെട്ടവരായി മാറി സിറിയന്‍ ജനത. അതോടുകൂടിയാണ് അല്‍ഖ്വയ്ദ അവിടെ സാന്നിധ്യമറിയിക്കുന്നത്. വിമത സേനക്ക് നേതൃത്വം നല്‍കിയ അല്‍ഖ്വയ്ദക്കാര്‍ സിറിയയെ രക്തപങ്കിലമാക്കി. ഐ.എസ്. എന്ന ഭീകരസംഘടന ഒപ്പം ചേര്‍ന്നപ്പോള്‍ സംഗതി കൊഴുത്തു.
ഭരണം അവസാനിപ്പിക്കണമെന്ന അന്താരാഷ്ട്ര സമ്മര്‍ദങ്ങളെയെല്ലാം കാറ്റില്‍ പറത്തുകയാണ് ബശാര്‍ ചെയ്തത്. വിമത വിപ്ലവം വിജയം കണ്ട പൗരസ്ത്യ രാജ്യങ്ങളുടെ ഗതി തനിക്കും നേരിടുമെന്ന ഭയമാകാം അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. ആദ്യകാലങ്ങളില്‍ വിമത സൈന്യം മുന്നേറിയ സിറിയയില്‍, പില്‍ക്കാലത്ത് അവര്‍ പരാജയപ്പെടുന്നതാണ് കണ്ടത്. ദമസ്‌കസിലെയും അലപ്പോയിലെയും ശക്തികേന്ദ്രങ്ങള്‍ അവര്‍ക്ക് നഷ്ടപ്പെട്ടു. ഇറാന്റെ പിന്തുണ ബശാറിന് ആത്മധൈര്യം പകരുന്നതായിരുന്നു. ആയുധം നല്‍കിയും പണം നല്‍കിയും ഇറാന്‍ സിറിയയെ സഹായിച്ചു. സിറിയന്‍ സൈനികര്‍ക്ക് മികച്ച പരിശീലനം പോലും അവര്‍ നല്‍കി. അവിടെനിന്നാണ് റഷ്യയുടെ കടന്നുവരവ് ഉണ്ടാവുന്നത്. വിമതരെ അടിച്ചമര്‍ത്താന്‍ ബശാര്‍ ഭരണകൂടത്തിന് റഷ്യയുടെ പിന്തുണ ലഭിച്ചതോടെ കാര്യങ്ങള്‍ എളുപ്പമായി. റഷ്യന്‍ സൈന്യം നേരിട്ട് ഇടപെട്ടതോടുകൂടി വിമതരുടെ ശക്തി ക്ഷയിച്ചു. അവര്‍ തങ്ങളുടെ കേന്ദ്രങ്ങള്‍ ഉപേക്ഷിച്ച് പലായനം ചെയ്തു. പലരും കീഴടങ്ങി. ബശാറിന്റെ അലവി സമുദായം സര്‍ക്കാരിന് പിന്തുണ കൂടി അറിയിച്ചതോടെ എല്ലാം എളുപ്പമായി.
ബശാര്‍ ശിയാ പക്ഷക്കാരനാണ്. രാജ്യത്ത് പത്ത് ശതമാനം മാത്രമാണ് അവരുള്ളത്. ഇത്രയും ചെറിയൊരു പക്ഷം ഭൂരിപക്ഷത്തെ അടക്കിഭരിക്കുമ്പോഴുണ്ടാവുന്ന അസ്വസ്ഥതകള്‍ ഊഹിക്കാവുന്നതേയുള്ളൂ. ആഭ്യന്തര സംഘര്‍ഷത്തിന് വംശീയതയുടെ നിറം കൈവരുന്നത് അങ്ങനെയാണ്. സിറിയയില്‍ ആധിപത്യം ഉറപ്പിക്കാന്‍ ഇറാന്‍ അവസരം കാത്തുനില്‍ക്കുന്നത് ശത്രുരാജ്യമായ ഇസ്രാഈലിന് ദഹിക്കില്ല. അവര്‍ നേരിട്ടും അമേരിക്കയെ മുന്നില്‍ നിര്‍ത്തിയും സിറിയന്‍ ആഭ്യന്തര പ്രശ്‌നത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത് അങ്ങനെയാണ്. ഐ.എസ്. തീവ്രവാദികള്‍ സിറിയയില്‍ പിടിമുറുക്കുന്നതും ലോകം കണ്ടു. അമേരിക്കയ്ക്ക് ഇടപെടാന്‍ തക്ക കാരണങ്ങള്‍ ഉണ്ടായി എന്നു സാരം. അത് കൈയുംകെട്ടി നോക്കിനില്‍ക്കാന്‍ റഷ്യ തയ്യാറല്ല. അമേരിക്കയില്‍ ട്രംപിനെതിരെ നടക്കുന്ന ആശയ സമരങ്ങളെ സാകൂതം വീക്ഷിക്കുന്ന റഷ്യക്ക് മുന്നില്‍ വഴി തെളിഞ്ഞു. വളരെ കാലമായി അസദിന്റെ ഉറ്റ ചങ്ങാതിയാണ് റഷ്യ എന്ന കാര്യവും മറക്കണ്ട.തീവ്രവാദ ഗ്രൂപ്പുകളെ അമര്‍ച്ച ചെയ്യാനെന്ന വ്യാജേന അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ പറന്നുപൊന്തിയത് സിറിയയെ തകര്‍ക്കാനാണെന്ന് അസദിന് പോലും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. റഷ്യയുടെ ബോംബുകള്‍ ചെന്നു പതിച്ചത് മറ്റെവിടെയുമല്ല. ചുരുക്കത്തില്‍ എല്ലാ ശക്തികള്‍ക്കും കയറി നിരങ്ങാനുള്ള കളിക്കളമായി സിറിയ മാറുന്നതാണ് ലോകം കണ്ടത്.
അധികാരത്തിനു വേണ്ടി സ്വന്തം ജനതയുടെ മേല്‍ രാസായുധ പ്രയോഗം നടത്തുന്ന ബശര്‍ അല്‍ അസദ് എന്ന ഭരണാധികാരിയെ എന്തു പേര് പറഞ്ഞാണ് വിശേഷിപ്പിക്കുക. രാസായുധ പ്രയോഗം നടത്തിയതിന്റെ പേരില്‍ അമേരിക്കയും സഖ്യകക്ഷികളും നടത്തുന്ന ബോംബും മിസൈലും വന്നു പതിക്കുന്നത് ഇതേ ജനതയ്ക്കു മീതെയാണെന്നതാണ് വസ്തുത. അധികാര ദുര്‍വിനിയോഗം നടത്തുന്ന ഒരു മനുഷ്യനു വേണ്ടി വാദിക്കുന്ന റഷ്യന്‍ ഭരണാധികാരി വ്‌ളാദിമിര്‍ പുടിനെ മറ്റൊരു കൊലപാതകിയായേ നിരീക്ഷിക്കാന്‍ കഴിയൂ. ഇതിനെല്ലാം ഇടയില്‍ കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിക്കുകയാണ് ഇസ്രാഈല്‍. അവര്‍ക്ക് താല്‍പര്യങ്ങള്‍ വേറെയുണ്ട്. വെടിനിര്‍ത്തല്‍ പ്രഖ്യാപനം കൊണ്ട് തങ്ങളുടെ കടമ നിര്‍വഹിച്ചു എന്ന് വിശ്വസിക്കുന്നവരാണ് യു.എന്‍. സിറിയയില്‍ നടക്കുന്ന നീചമായ ഈ പോരാട്ടത്തില്‍ ചീന്തി എറിയപ്പെടുന്നത് രാജ്യത്തെ നിരപരാധികളുടെ ചോരയാണെന്ന കാര്യം ആരും മറക്കരുത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-02-11-2024

PSC/UPSC
  •  a month ago
No Image

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago
No Image

യാത്രക്കാരെ ഭയപ്പാടിലാക്കി കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

പിഎസ്‍സി ചെയർമാനാക്കാൻ മുഖ്യമന്ത്രിക്ക് വ്യാജ കത്ത്; ആർഎസ്എസിന്‍റെ മുതിർന്ന നേതാവ് ചമഞ്ഞയാൾ പിടിയിൽ

National
  •  a month ago
No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago
No Image

എറണാകുളത്തും പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  a month ago