250ലധികം കുട്ടികള്‍ പഠിക്കുന്ന തീരദേശ സ്‌കൂളുകള്‍ നവീകരിക്കുന്നു
മലപ്പുറം: തീരദേശ മേഖലയിലെ സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് തീരദേശത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാര്‍ സമഗ്ര പദ്ധതി തയാറാക്കിയിരിക്കുന്നത്്. തീരദേശ സ്‌കൂളുകളെ ഈ വര്‍ഷത്തെ സ്‌കൂള്‍ വികസന പാക്കേജില്‍ ഉള്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.
ഗവണ്‍മെന്റ് സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിന് വകയിരുത്തിയ തുകയില്‍ നിന്നാണ് തീരദേശത്തെ സ്‌കൂളുകളുടെ നവീകരണ പാക്കേജ് നടപ്പാക്കുന്നത്്. ഇതിനായി സംസ്ഥാനത്തെ തീരദേശ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
250ലധികം കുട്ടികള്‍ പഠിക്കുന്ന തീരദേശ സ്‌കൂളുകള്‍ക്ക്് പുതിയ കെട്ടിട നിര്‍മാണം ആവശ്യമെങ്കില്‍ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് പ്ലാന്‍, എസ്റ്റിമേറ്റ് റിപ്പോര്‍ട്ട്് എന്നിവ തയാറാക്കാനാണ് നിര്‍ദേശം. ചീഫ് എന്‍ജിനീയര്‍മാര്‍ മുഖേന ജൂണ്‍ 15നകം ഇത് സമര്‍പ്പിക്കണം. ആധുനിക രീതിയിലുള്ള ലബോറട്ടറികള്‍ സജ്ജീകരിക്കുന്നതിനായി നിലവിലുള്ള കെട്ടിടങ്ങള്‍ നവീകരിക്കുന്നതിന് സൗകര്യമുള്ള സ്‌കൂളുകള്‍ അതിനുള്ള അപേക്ഷകളും നല്‍കണം. അതേസമയം കിഫ്ബിയില്‍ നിന്ന് ധനസഹായം ലഭിക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സ്‌കൂളുകളെ ഈ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്്. അത്തരം സ്‌കൂളുകള്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ചുതന്നെ നവീകരിക്കും. കെട്ടിട നിര്‍മാണം, ലബോറട്ടറി നവീകരണം എന്നിവ ആവശ്യമുള്ള സ്‌കൂളുകള്‍ ഈ വിവരം ജൂണ്‍ അഞ്ചിനകം ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
വാര്‍ഷിക പദ്ധതി പ്രൊപ്പോസലുകള്‍ ജൂണില്‍ തന്നെ വര്‍ക്കിങ് ഗ്രൂപ്പിന്റെ അംഗീകാരം വാങ്ങേണ്ടതിനാല്‍ ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും തീരദേശ മേഖലയിലെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."