പുക വലിച്ചതിന് 200 രൂപ പിഴക്ക് പകരം ഈടാക്കിയത് 2000 രൂപ
തൊടുപുഴ: പൊതുസ്ഥലത്തെ പുകവലിക്ക് തൊടുപുഴയില്‍ എക്സൈസ് വകുപ്പ് പിഴയിട്ടത് 2000 രൂപ. ഇന്നലെ തൊടുപുഴ സ്വദേശി മുനീറിനാണ് തൊടുപുഴ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ 2000 രൂപ പിഴയിട്ടത്.
പൊതു സ്ഥലത്ത് പുകയില ഉത്പന്നങ്ങളുടെ ഉപയോഗം വിലക്കുന്ന 2003 ലെ കോട്പ നിയമപ്രകാരമാണ് ഈ കനത്ത പിഴയെന്നാണ് രസീതില്‍ പറയുന്നത്. അതേ സമയം യഥാര്‍ത്ഥത്തില്‍ നിയമപ്രകാരം ചുമത്താവുന്ന പരമാവധി പിഴ 200 രൂപ മാത്രമാണ്. സര്‍ക്കാര്‍ രസീതില്‍ കൃത്രിമം നടത്തി അധിക തുക ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തതാണെന്ന് ആരോപണമുണ്ട്. ബുക്ക് നമ്പര്‍ 6097ലെ ബി.പി 609700 നമ്പര്‍ രസീതാണ് നല്‍കിയിരിക്കുന്നത്.
ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് കാഞ്ഞിരമറ്റം റോഡിലെ കടക്ക് പിന്നില്‍ നിന്നും സിഗരറ്റ് വലിക്കുകയായിരുന്ന മുനീറിനെയും സുഹൃത്തിനേയും ജീപ്പിലെത്തിയ എക്സൈസ് സംഘം പിടിച്ചത്. പുകവലിച്ചതിന് 2000 രൂപ പിഴയൊടുക്കണമെന്നും ഇല്ലെങ്കില്‍ ജീപ്പില്‍ കയറാനുമായിരുന്നു നിര്‍ദേശം. ഇവരുടെ ചിത്രം പകര്‍ത്താനും ശ്രമിച്ചു. ഭയന്ന് പോയ യുവാക്കള്‍ 2000 രൂപ നല്കി.
പിന്നീട് ഇവര്‍ അന്വേഷിച്ചപ്പോഴാണ് യഥാര്‍ഥത്തില്‍ പിഴ 200 രൂപ മാത്രമേ ഉള്ളൂവെന്ന് വ്യക്തമായത്. ഇതേ തുടര്‍ന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് മുനീര്‍. എക്സൈസ് ഉന്നത ഉദ്യോഗസ്ഥരോട് മാധ്യമപ്രവര്‍ത്തകര്‍ ഇതേക്കുറിച്ച് ചോദിച്ചെങ്കിലും വ്യക്തമായ വിവരം ലഭിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."