എ.സി.ആര്‍ ലാബിലെ രക്തഗ്രൂപ്പ് നിര്‍ണയം മാറിയ സംഭവം: ആരോഗ്യ മന്ത്രി റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന എ.സി.ആര്‍ ലാബില്‍ (അഡ്വാന്‍സ്ഡ് ക്ലിനിക്കല്‍ ആന്‍ഡ് റിസര്‍ച്ച് ലബോറട്ടറി) പട്ടം സ്വദേശിനിയുടെ രക്തപരിശോധനയില്‍ വീഴ്ച വരുത്തിയെന്ന ആരോപണത്തില്‍ അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ സാമൂഹ്യ മന്ത്രി കെ.കെ ശൈലജ കെ.എച്ച്.ആര്‍.ഡബ്ല്യു.എസ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. എ.സി.ആര്‍ ലാബിലെ ജീവനക്കാരുടെ യോഗ്യതയെപ്പറ്റിയുള്ള ആക്ഷേപവും അന്വേഷിക്കും.
ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ സൂക്ഷ്മതയോടെയും ഗുണമേന്മയോടെയും ചെയ്യേണ്ടതതാണ്. അത് രോഗിയുടെ ജീവനുമായി ബന്ധപ്പെട്ടതാണ്. അതിനാല്‍ പരിശോധനയില്‍ സംഭവിക്കുന്ന ഒരു ചെറിയ വീഴ്ച പോലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിറ്റററി ആന്‍ഡ് സയന്‍ഡിഫിക് സൊസൈറ്റീസ് ആക്ട് പ്രകാരം ലാഭനഷ്ടം നോക്കാതെ പൊതുജനസേവനം മുന്‍നിര്‍ത്തി പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നതാണ് കെ.എച്ച്.ആര്‍.ഡബ്ല്യു.എസിന്റെ എ.സി.ആര്‍ ലാബുകള്‍. സ്വകാര്യലാബുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ഫീസാണിവിടെ ഈടാക്കുന്നത്.
ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കുന്ന എന്‍.എ.ബി.എച്ച് സര്‍ട്ടിഫിക്കേഷന്‍ തുടര്‍ച്ചയായ മൂന്നാം തവണയും ലഭിച്ച ലാബ് കൂടിയാണ് മെഡിക്കല്‍ കോളജ് എ.സി.ആര്‍ ലാബ്. സര്‍ക്കാര്‍ മേഖലയില്‍ കെ.എച്ച്.ആര്‍.ഡബ്ല്യു.എസ് എ.സി.ആര്‍ ലാബുകള്‍ക്ക് മാത്രമാണ് എന്‍.എ.ബി.എച്ച് അംഗീകാരം ലഭിച്ചിട്ടുള്ളത്.
അതിനാല്‍ തന്നെ ജനങ്ങള്‍ക്ക് മികച്ച ഗുണനിലവാരമുള്ള പരിശോധനാ ഫലങ്ങള്‍ ഉറപ്പുവരുത്താന്‍ കെ.എച്ച്.ആര്‍.ഡബ്ല്യു.എസ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."